ചെറുവത്തൂര്‍: പിലിക്കോട് കരപ്പാത്ത് വീട്ടുവളപ്പിൽ മാലിന്യം കത്തിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വെടിയേറ്റ് ഗൃഹനാഥന് മരണപ്പെട്ടു. കാസര്‍കോട് പിലിക്കോട് തെരുവിലെ സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.സി.സുരേന്ദ്രന്(63) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.
പരേതരായ കോരന്-ദമയന്തി ദമ്പതികളുടെ മകനാണ് മരണപ്പെട്ട സുരേന്ദ്രന്. ഭാര്യ: ടി.സുകുമാരി. മക്കള്‍: സുമേഷ്, സുജിത. മരുമകന്: ബിജു(സി.ആര്.പി.എഫ്). സഹോദരങ്ങള്‍: കെ.സി.രവീന്ദ്രന്, കെ.സി.തമ്പായി.
മരക്കച്ചവടവും, ലോട്ടറിക്കച്ചവടവും നടത്തി വരികയായിരുന്നു മരണപ്പെട്ട സുരേന്ദ്രന്. സുരേന്ദ്രന് വിടിന് സമീപം മാലിന്യം കത്തിച്ച് കൊണ്ടിരിക്കെ പുക അയല്‍വാസിയായ സനലിന്റെ വീടിലെത്തിയെന്ന് അരോപിച്ച് സുരേന്ദ്രനുമായി വക്കേറ്റം നടന്നതായും ഇതില്‍ ക്ഷുഭിതനായ പ്രവാസിയായ സനല്‍ വീട്ടില്‍ സൂക്ഷിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതി സനല്‍ പിന്നീട് ചീമേനി പോലീസില്‍ കീഴടങ്ങി.
സംഭവം നടന്നത് ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ പ്രതിയെ ചന്തേര പോലീസിന് കൈമാറി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരന്, സി.ഐമാരായ കെ.പി സുരേഷ് ബാബു, സതീഷ് കുമാര്‍, ചന്തേര എസ്.ഐ മെല്വിന് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് നടക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: