തിരുവനന്തപുരം: സ്പ്രിംങ്കളര്‍ വിവാദത്തിനു പിന്നില്‍ ഡോ. തോമസ് ഐസക്ക് എന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു പറഞ്ഞ പിണറായി അത് ഐസക്കാണെന്ന് തറപ്പിക്കുകയായിരുന്നു പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘ നാം മുന്നോട്ടി‘ല്‍.
ഇപ്പോഴത്തെ വിവാദത്തോട് ചേര്‍ത്തു നിര്‍ത്താവുന്നത് കേരളത്തിന്റെ വിഭവ ഭൂപടം അമേരിക്കയ്ക്ക് വിറ്റു എന്ന വിവാദമാണ് എന്ന് മുഖ്യമന്ത്രി അംഗീകരിക്കുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ആരെയെന്ന് വ്യക്തം.. ഡോ തോമസ് ഐസക്ക് പ്രതിക്കൂട്ടിലായ വിഭവഭൂപടം സംബന്ധിച്ച വിവാദം സി.പി.എമ്മിലെ ചേരിപ്പോരിന് ആക്കം കൂട്ടിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ,തോമസ് ഐസക്കിനെ പിന്തുണയക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ദേശരക്ഷാനിയമം അനുസരിച്ച് ഭൂപടങ്ങളും ഭൂപട നിര്‍മാണവും ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയില്‍ വരും. വിദേശ സര്‍ക്കാരുകളെ ഈ മേഖലയില്‍ കടന്നുവരാന്‍ അനുവദിക്കാന്‍ പാടില്ല. സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കര്‍ശന നിയന്ത്രണത്തിന് വിധേയമായി മാത്രം ഉപയോഗിക്കാവുന്ന രഹസ്യഭൂപടങ്ങള്‍ ഭൂപടനിര്മാണത്തിന്റെ മറവില്‍ വിദേശീയര്‍ക്ക് കൈമാറിയെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുമായി. എതിര്‍പ്പുണ്ടായിരുന്നിട്ടും അന്ന് തോമസ് ഐസക്കിന് താന്‍ പിന്തുണ നല്കിയ കാര്യം മറക്കരുതെന്നും പിണറായി സൂചിപ്പിച്ചു
‘നാം മുന്നോട്ടു‘എന്ന ടെലിവിഷന്‍ പരിപാടിയില്‍ ഇതുസംബന്ധിച്ച് പിണറായി വിജയന് നല്കിയ വിശദീകരണം ഇങ്ങനെ
‘അക്കാലത്ത് വളരെ രസകരമായ രീതിയില്‍ ആയിരുന്നു ആക്ഷേപം ഉയര്‍ന്നു വന്നത്. നമ്മളെല്ലാം അപകടത്തില്‍ ആകാന്‍ പോകുന്നുവെന്ന മട്ടിലായിരുന്നു അത് പ്രചരിപ്പിച്ചിരുന്നത്. അതെല്ലാം ചിലരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചില പ്രത്യേക വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുളള ആക്രമണങ്ങള്‍ വളരെ വലുതായിരുന്നുവെന്ന് നാമോര്‍ക്കണം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി ഞാന്‍ പോകുന്നില്ല, എങ്കിലും പറഞ്ഞുവന്നപ്പോള്‍ ഞാനോര്‍ക്കുന്നത് ഒന്നു രണ്ടു പേര്‍ക്കെതിരെ കേന്ദ്രീകരിച്ചുളള ആക്രമണം ഒരു ഘട്ടത്തില്‍ വന്നതാണ്. അത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആയതുകൊണ്ട് അതിനെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് ഞാനും രംഗത്തുവന്നു. അപ്പോള്‍ ചിലരെന്നോട് ചോദിച്ചു നിങ്ങളെന്തിനാണ് ഇങ്ങനെ മിനക്കെടുന്നത്. നിങ്ങളെ പറ്റിയൊന്നും പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെയല്ലല്ലോ നാം കാര്യങ്ങള്‍ കാണേണ്ടത്. ബോധപൂര്‍വം ആളുകളെ ലക്ഷ്യമിട്ട് തകര്‍ക്കുന്നതിനുളള ശ്രമങ്ങളാണ് അന്ന് നടന്നിട്ടുളളത്’
വിവാദത്തിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് ഫെസ് ബുക്കില്‍ വലിയ ലേഖനം എഴുതിയെങ്കിലും ഫലമുണ്ടായില്ല.
സര്‍ക്കാര്‍ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ലെന്നും അസന്ദിഗ്ദമായി മുഖ്യമന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: