കൊറോണ പോലെ ഇത്രയും ഭീകരവും വിപുലവുമായ മഹാമാരി ഇതിന് മുമ്പുണ്ടായിട്ടില്ല. കൊറോണ ഉണ്ടാക്കിയതിനേക്കാള്‍ ജീവഹാനി മുമ്പുണ്ടായിട്ടില്ലെന്നല്ല. പക്ഷേ ഇന്നത്തെ വിപുലമായ രീതിയില്‍ രോഗം പരന്നതായി കേട്ടിട്ടില്ല. 213 രാജ്യങ്ങളെയാണ് കോവിഡ്19 പിടികൂടിയിരിക്കുന്നത്. ആരോഗ്യമേഖലയില്‍ വളരെ ഏറെ പുരോഗതി നേടിയെന്ന് ഊറ്റം കൊള്ളുന്ന രാജ്യങ്ങള്‍ പോലും വിറങ്ങലിച്ച് നില്ക്കുന്നു. രോഗവ്യാപനം തടയാനോ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ നടത്താനോ കഴിയാത്ത സാഹചര്യത്തെ ലോകം ഭീതിയോടെയാണ് കാണുന്നത്. ഇതിനിടയില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാനും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം പരിമിതപ്പെടുത്താനും നമ്മുടെ രാജ്യത്തിന് കഴിയുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിനാളുകള്‍ മരിച്ചുവീഴുമ്പോഴാണ് ലോകത്തിലെ തന്നെ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് വിജയം. ഇത് നിലനിര്‍ത്താന്‍ ഏതെങ്കിലും ഒരു നടപടി കൊണ്ടാവില്ല. ബഹുമുഖമായ പ്രവര്‍ത്തനപദ്ധതികള്‍ അതിനായി ആവിഷ്കരിക്കുന്നു. അതിലൊന്നാണ് ലോക്ഡൗണ്‍. അടുത്ത മാസം മൂന്നുവരെയാണ് ഇപ്പോഴത്തെ ലോക്ഡൗണ്‍.
ലോക്ഡൗണ്‍ കൊണ്ട് കൊറോണയെ പ്രതിരോധിക്കാനാവുമോ എന്ന പരിഹാസ ചോദ്യമുന്നയിച്ച ദേശീയ രാഷ്ട്രീയ നേതാവും അമ്മയും ക്രിയാത്മകമായ ഒരു നിര്‍ദേശവും ഈ പ്രതിസന്ധിഘട്ടത്തില്‍ മുന്നോട്ടുവച്ചിട്ടില്ല. അനവസരത്തിലും അനാവശ്യമായ പ്രസ്താവനകളിറക്കി ആരോഗ്യ പ്രവര്‍ത്തകരിലും രോഗികളുടെ ബന്ധുക്കളിലും ആശയക്കുഴപ്പമുണ്ടാക്കാനും ആവുന്നതൊക്കെ ചെയ്യുകയാണ്. കോണ്‍ഗ്രസ്സിനൊപ്പം സിപിഎമ്മും രാജ്യത്തിനകത്തും പ്രവാസികളിലും അമ്പരപ്പുണ്ടാക്കാനുള്ള പ്രയത്നം തുടരുകയാണ്. അതാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടുന്നില്ലെന്ന വിലാപം. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെല്ലാം പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നടപടി ആവശ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രിക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും പ്രതികരണമില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്.
കേരള സര്‍ക്കാറിനും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കും കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കാര്യംമാത്രം പറഞ്ഞാല്‍ മതി. കേന്ദ്രസര്‍ക്കാരിന് അതുപോര. പൊതുവായ നിലപാട് സ്വീകരിക്കണം. അത് നടപ്പാക്കാന്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കേണ്ടതുണ്ട്. ലോകം മുഴുവന്‍ അടച്ചിട്ടപ്പോള്‍ മലയാളികള്‍ക്ക് മാത്രമായി വാതില്‍ തുറന്നിടുന്നതെങ്ങിനെ? എങ്കിലും ആവുന്നതൊക്കെ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്‍പ് നാട്ടില്‍ എത്താന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം പ്രത്യേക വിമാനം ഏര്‍പ്പാടാക്കി നാട്ടിലെത്തിച്ചത് മറന്നുകൂടാ. പ്രതിപക്ഷം ആക്ഷേപമുന്നയിക്കുമ്പോഴും ചെയ്യാന്‍ കഴിയുന്ന ഒരുക്കങ്ങള്‍ നടത്തുകയാണ്. പ്രവാസികള്‍ക്കായി രൂപം നല്കിയ ബൃഹദ് പദ്ധതി അതാണ്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികള്‍ മടങ്ങിയെത്തുന്നത് കണക്കിലെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികള്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശകാര്യമന്ത്രാലയം ചോദിച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യത്തില്‍ സ്വീകരിച്ച പുരോഗതി ആരാഞ്ഞു.
ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ തിരികെ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ലോക്്ഡൗണ്‍ അവസാനിക്കുന്ന മെയ് 3ന് ശേഷം നടപടികള്‍ ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ആഴ്ചകളും മാസങ്ങളും നീളുന്ന വലിയ പ്രക്രിയയാണ് ഇതെന്നതിനാല്‍ കൃത്യമായ സജ്ജീകരണങ്ങളില്ലെങ്കില്‍ കൊറോണവ്യാപനം വീണ്ടും സംഭവിക്കാം. അതിനാല്‍ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തൃപ്തിയാണെങ്കില്‍ മാത്രമേ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്പോകൂ എന്നതാണ് സ്ഥിതി. മലയാളികള്‍ തന്നെ ഏകദേശം അഞ്ചുലക്ഷത്തോളം പേര് നാട്ടിലെത്താന്‍ മുന്നോട്ടുവന്നു എന്നാണ് അനൗദ്യോഗിക വിവരം. അവര്‍ ഇവിടെ എത്തിയാല്‍ അനന്തരനടപടികള്ക്കുള്ള സജ്ജീകരണമായോ? ഇല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ഈ മഹാമാരിക്കിടയില്‍ പാഷാണം കലക്കുന്ന പണി ആരു നടത്തിയാലും അത് ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: