വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി തിഥി വരുന്ന ശുഭദിനമാണ് നാളെ(മേടം15). ഈ പുണ്യദിനത്തിലാണ് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശ്രേഷ്ഠനായ തത്ത്വജ്ഞാനി, അദൈ്വത വേദാന്ത പ്രചാരകന്, കവി, ക്ഷേത്രജ്ഞനെ ഏതു രൂപത്തിലും ഭാവത്തിലും ദര്‍ശിക്കാന്‍ സാമാന്യജനങ്ങള്‍ക്കു സാധിക്കുന്ന തരത്തില്‍ കൊല്ലൂര്‍ മൂകാംബിക, ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃശിവപേരൂര് ശ്രീ വടക്കുംനാഥ ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളിലെ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയ താന്ത്രിക രംഗത്തെ കുലപതി എന്നീ നിലകളില്‍ ലോകം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു വരുന്ന ശ്രീശങ്കരന് ഭൂജാതനായത.്
അജ്ഞാനത്തിന്റെ തമസില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായി അവതരിച്ച് ഉദ്ധരിച്ച മഹാത്മാവിനെ സ്മരിക്കാതെവയ്യ. കോവിഡ് കാലത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും തമ്മില്‍ തമ്മില്‍ സാമൂഹിക അകലവും പാലിച്ചുകൊണ്ട് ആദ്ധ്യാത്മിക ചടങ്ങുകളാക്കി മാറ്റി ലഘു പ്രഭാഷങ്ങളോടെ അശ്രമങ്ങളിലും, ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും മാത്രമല്ല ഓരോ ഭവനത്തിലും ശങ്കരജയന്തി നടത്താന്‍ ശ്രദ്ധയോടെയുള്ള ശ്രമമുണ്ടാകണം.
നമ്മള് കഴിഞ്ഞതിനെ ഓര്‍ത്ത് സങ്കടപ്പെടുന്നു. ഭാവിയെക്കുറിച്ച് ചിന്തിച്ച് ആശങ്കാകുലരാകുന്നു. എന്നാല്‍ വര്‍ത്തമാനകാലത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടതു. ഇന്നിനെക്കുറിച്ച് മനസിലാക്കി പ്രശ്നങ്ങളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് പഠിച്ച് പ്രതിവിധി കാണുകയാണ് വേണ്ടത്. ഇന്നത്തെ ദുഷ്ക്കരമായ പരിതസ്ഥിതിയെ അതിജീവിക്കാന്‍ ഭയം അകറ്റി ജാഗരൂകരായിരിക്കുകയല്ലെ വേണ്ടത്.
ദാര്‍ശനിക തലത്തില്‍ യുഗാചാര്യനും അമാനുഷ്യ പ്രഭാവനുമായ ആചാര്യ ഭഗവദ്പാദരുടെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദവും. അതാകട്ടെ അദൈ്വത വേദാന്തത്തിന്റെ ഘോഷണവും. ഇന്നത്തെ കാലഘട്ടത്തില്‍ ജീവിത മൂല്യങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ ശ്രീശങ്കരന്റെ ദര്‍ശനങ്ങളും ഉപദേശങ്ങളും ഉള്‍ക്കൊള്ളാന്‍ നമ്മള് തയ്യാറാകണം.
ശ്രീശങ്കരന്റെ തൂലിക സ്പര്‍ശിച്ചിട്ടില്ലാത്ത ഒരു വിഷയവും ദര്‍ശനത്തിന്റെ മേഖലയില്‍ ഉണ്ടാകില്ല. എഴുതേണ്ടതെല്ലാം എഴുതി പതിനാറാമത്തെ വയസില്‍ നാരായം താഴെ വച്ചു എന്നാണ് വിശ്വസിച്ചു വരുന്നത്. ‘ഈ പതിനാറുകാരന് എഴുതിയതാകട്ടെ വിശ്വത്തിലുള്ള ദാര്ശനികന്മാരെ ഇന്നും അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുക തന്നെ ചെയ്യുന്നു. ശാസ്ത്രത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ ശങ്കക്ക് പഴുതില്ലാത്ത വിധത്തില്‍ ഭാഷ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തത്ത്വശാസ്ത്രത്തിന്റെ മേഖലയില്‍ ആചാര്യ ഭഗവദ്പാദര്ക്ക് പറയാന്‍ കഴിയാത്ത വല്ലതും ഈ ഭൂമുഖത്ത് മറ്റൊരു ആചാര്യന് പറഞ്ഞു തരാനാകുമെന്ന് സങ്കല്പ്പിക്കാന് പോലും സാദ്ധ്യമല്ല’എന്ന് വിശ്വഭാനു സ്വാമി വിവേകാനന്ദന് അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. വിഖ്യാത ചിന്തകനും ഫ്രഞ്ച് സാഹിത്യകാരനും ഭരണാധികാരിയുമായ ആന്ദ്രേ മാല്‍റൊ ശ്രീശങ്കരനു നല്കിയുന്ന സ്ഥാനവും അംഗീകാരവും അരിസ്റ്റോട്ടിലിനും മേലെ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.
ശ്ലോകാര്‍ദ്ധേന പ്രവക്ഷ്യാമി
യദുക്തം ഗ്രന്ഥകോടിഭിഃ
ബ്രഹ്മസത്യം ജഗന് മിഥ്യാ
ജീവോ ബ്രഹ്മൈവ നാ പരഃ
‘കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞതെന്തൊ അത് അരശ്ലോകത്തിലാക്കി ഞാന്‍ പറയുകയാണ് ബ്രഹ്മം സത്യം,ജഗത്ത് മിഥ്യാ ജീവാത്മാവ് ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല.’ ശ്രീ ശങ്കരനുമാത്രമുള്ള അപാര സിദ്ധിയാണ് ഈകഴിവ്. ചുരുക്കി പറയുക എന്നത് കലയാക്കി മാറ്റിയവരാണ് ഋഷീശ്വരന്മാര്. സൂത്രങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൃതികള്‍ ഇവിടെ പരാമര്ശിച്ചതിനുള്ള ഉദാഹരണമാണ്.
മോക്ഷത്തിനു കാരണം (മോഹത്തില്‍ നിന്നുള്ള മുക്തി) ജ്ഞാനമാണെന്നും ജ്ഞാനലബ്ധിക്ക് കര്‍മ്മമാണ് ഉപായമെന്നും ശ്രീ ശങ്കരന് ഉപദേശിക്കുന്നു. തന്റെ പന്ത്രണ്ടാമത്തെ വയസില്‍ അദ്ദേഹത്തിന് പൂര്‍ണ്ണജ്ഞാനം ഉദിച്ചിരുന്നു.
നവോത്ഥാനത്തിന്റെ പ്രവാചകനായ അദ്ദേഹം നിസംശയം പറഞ്ഞു. ബ്രാഹ്മണത്വവും ബ്രാഹ്മണനും രണ്ടാണെന്ന്.
ബ്രാഹ്മണത്വസ്യ
ഹി രക്ഷണേന
രക്ഷിതഃസ്യാദ്
വൈദികോധര്മഃ
വൈദിക ധര്‍മ്മത്തിന്റെ നിലനില്‍പ്പ് ബ്രാഹ്മണത്വത്തിന്റെ തന്നെ സംരക്ഷണത്തിലൂടെ തന്നെ ആണ് എന്നതാണ് പൊരുള്‍. ബ്രാഹ്മണത്വവും ബ്രാഹ്മണനും രണ്ടാണ്. സുബ്രഹ്മണ്യന് എന്ന പദത്തിന് തികഞ്ഞ ബ്രാഹ്മണ്യ മുള്ളവന് എന്നു അര്‍ത്ഥമുള്ളതായി കരുതണം. ബ്രാഹ്മണ്യം അഥവാ ബ്രാഹ്മണത്വം എന്നു പറഞ്ഞാല്‍ ‘ബ്രഹ്മ അധീതെ വാത്തി വാ ഇതി ബ്രാഹ്മണ’.
വേദങ്ങള്‍ പഠിച്ചവനും അവയുടെ പൊരുള്‍ മനസിലാക്കിയവനുമാണ് ബ്രാഹ്മണന്. എല്ലാ വേദങ്ങളും ധര്‍മ്മമാകുന്ന മൂല്യങ്ങളോടുകൂടിയവ ആകുന്നു. ശ്രീശങ്കരന് പരിഗണിച്ചതും പ്രോത്സാഹിപ്പിച്ചതും ബ്രാഹ്മണരെയല്ല മറിച്ച് ബ്രാഹ്മണത്വത്തെയാണ്. ഇക്കാര്യം മറച്ച് വച്ച് സാമാന്യ ജനതയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ബോധപൂര്‍വ്വം ഒരു വിഭാഗം നടത്തി വരുന്നു എന്നത് ഗൗരവകരമായി കാണണം. അതും മഹാത്മാവിന്റെ ജന്മദേശത്തു തന്നെ നിലകൊള്ളുന്ന സര്വവിദ്യാകേന്ദ്രത്തില് പോലും.
ശ്രീരാമകൃഷ്ണ പരമഹംസന് സന്യാസദീക്ഷ തല്കിയ തോതാ പുരി ശ്രീ ശങ്കരപരമ്പരയിലെ സന്യാസിയാണ്. ആ പരമ്പരയില്‍ തന്നെയാണ് സ്വാമി വിവേകാനന്ദനും. രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കര്‍ അതേപരമ്പരയിലെ കണ്ണിയാണെന്ന് അഭിമാനത്തോടെ പറയാനാകും.
1910 ല്‍ ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടന്നതിനു ശേഷം ആദിശങ്കരന്റെ ജന്മഭൂമി കാലടി ആണെന്ന് സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ശ്രീമദ് ആഗമാനന്ദ സ്വാമികള്‍ കാലടിയില്‍ ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം സ്ഥാപിച്ചതിനു ശേഷമാണ് ഇത് ശ്രീശങ്കര ജന്മഭൂമി ആണെന്ന് പ്രസിദ്ധമായത്. ശ്രീമദ് ആഗമാനന്ദ സ്വാമികള്‍ തുടങ്ങി വച്ച ശ്രീശങ്കര ജയന്തി ആഘോഷങ്ങളിലൂടെയും തന്റെ വിവിധ സ്ഥലങ്ങളിലുള്ള പ്രഭാഷണങ്ങളിലൂടെയും ശ്രീശങ്കര ദര്‍ശനങ്ങള്‍, അദ്വൈത വേദാന്തം, ക്ഷേത്രാചാരങ്ങള്‍ എന്നിവ സര്വ്വസാധാരണക്കാരിലെത്തിക്കാന് സ്വാമികള്‍ക്ക് സാധിച്ചു.
പ്രാതസ്മരണിയനായി ഇപ്പോള്‍ മാറിയ മാനനീയ പി. പരമേശ്വര്‍ജിയുടെ ആഗ്രഹപ്രകാരവും അദ്ദേഹം നല്കിയ മാര്ഗ്ഗനിര്ദ്ദേശപ്രകാരവുമാണ് ആദിശങ്കര ജന്മദേശ വികസന സമിതി (രജി:) ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ 15 വര്‍ഷമായി ശ്രീശങ്കര ജയന്തി വൈവിദ്ധ്യമായ പരിപാടികളോടെ നടന്നുവരുന്നു. വിവിധ തുറകളില്‍ പെട്ട ആയിരങ്ങള്‍ പങ്കെടുക്കുന്ന അദ്ധ്യാത്മിക തീര്‍ത്ഥയാത്രയായി മാറി കഴിഞ്ഞിരിക്കുന്നു. മഹാപരിക്രമയും പൂര്‍ണ്ണാനദീ പൂജയും 2020ല്‍ സങ്കല്‍പ്പമാകട്ടെ അത് സാര്‍ത്ഥകമാകട്ടെ.
(ആദിശങ്കര ജന്മദേശ വികസന സമിതി പ്രസിഡന്റാണ് ലേഖകന്‍)
പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: