കൊച്ചി: പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകളെത്തിക്കാന്‍ തുടങ്ങിയ സംവിധാനം വഴി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇതുവരെ മൂവായിരം പേര്‍ക്ക് മരുന്നുകള്‍ എത്തിച്ചതായി മരുന്ന് വിതരണത്തിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി: ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.
ഏപ്രില്‍ അഞ്ചിനാണ് മരുന്ന് വിതരണ പദ്ധതിക്ക് തുടക്കമിട്ടത്. അതത് ജില്ലകളിലും സംസ്ഥാനത്തിനപ്പുറവും മരുന്നുകളെത്തിച്ചു. മഹാരാഷ്‌ട്ര, പൂനെ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലാണ് വിവിധ സംവിധാനങ്ങള്‍ വഴി മരുന്നുകളെത്തിച്ചത്. തീര്‍ത്തും നിര്‍ധനരായവര്‍ക്ക് പോലീസ് സ്വന്തം ചെലവിലും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്തെ അലെര്‍ട്ട് സെല്‍ വഴിയാണ് ഏകോപനം. ആവശ്യക്കാര്‍ക്ക് ഈ സേവനത്തിനായി 9846 100 100, 101 നമ്പറില്‍ ബന്ധപ്പെടാം.
ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാന്‍ ആരംഭിച്ച പ്രശാന്തി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എഡിജിപി പറഞ്ഞു.
ഒറ്റയ്‌ക്ക് താമസിക്കുന്ന അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതി. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹെല്‍പ് ആന്‍ഡ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്‌ട്രെസ് സെന്ററിലാണ് ഇതിനായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിള്ളത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുമുണ്ട്. സംസ്ഥാനത്ത് എവിടെയുമുള്ള വയോജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും 94979 00035, 94979 00045 എന്നീ നമ്പറുകളില്‍ വിളിച്ച് സഹായം തേടാമെന്നും എഡിജിപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: