കൊച്ചി: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ 164 വിദേശ വിനോദസഞ്ചാരികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചു. കൊറോണ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ അടച്ചശേഷം സഞ്ചാരികളുമായി യൂറോപ്പിലേക്കുപോകുന്ന നാലാമത്തെ വിമാനമാണിത്.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രിവൈകി പുറപ്പെട്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 10 മണിയോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെത്തി. കേരളത്തില്‍ നിന്നുള്ള 164 സഞ്ചാരികള്‍ക്കു പുറമെ കൊല്‍ക്കത്തയില്‍ നിന്നു അവിടെ കുടുങ്ങിയ 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബാംഗ്ലൂരിലുള്ള ഇന്‍ഡ്യയിലെ സ്വിസ് കോണ്‍സല്‍ ജനറല്‍ സെബാസ്റ്റ്യന്‍ ഹഗ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സുലേറ്റിലെ ഓണററി കോണ്‍സല്‍ ഡോ സെയ്ദ് ഇബ്രഹിം എന്നിവര്‍ സംഘത്തിന്റെ യാത്രക്കുവേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. സഞ്ചാരികളില്‍ 115 പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: