ആലപ്പുഴ: സിപിഎമ്മിലെ മുന്‍ വിഭാഗീയതകള്‍ കുത്തിപ്പൊക്കി, പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ച മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ഇടതു സൈദ്ധാന്തികന്‍ ഡോ. ആസാദ്. മറ്റു കാര്യങ്ങളൊക്കെ പിന്നെ ചര്‍ച്ച ചെയ്യാം ഇപ്പോള്‍ കൊറോണയെ കീഴ്പ്പെടുത്താം എന്ന് സിപിഐഎമ്മും മുഖ്യമന്ത്രിയും. എന്നാല്‍ കണക്കു തീര്‍ക്കാന്‍ ഇതാണ് നല്ല സമയം, പോരിനു വരുവിന്‍ എന്നാണ് ഐസക്കിന്റെ നിലപാടെന്നാണ് ആസാദിന്റെ ഫേസ്ബുക് കുറിപ്പ്.
‘കൊറോണ പ്രതിരോധ കാലത്ത് മുഖ്യമന്ത്രിക്കു പിന്തുണ നല്കി പരമാവധി സംയമനത്തോടെ മാത്രം ഇടപെടുന്നത് ഐസക്കിനു സഹിക്കുന്നില്ല… ഈ സമയത്തുതന്നെ വേണം ഫ്രാങ്കി, ഹെല്ലര്‍, പങ്കാളിത്ത ജനാധിപത്യ വിവാദം, ചാരവൃത്തി ആരോപണം തുടങ്ങിയ വിഷയങ്ങളില്‍ കുറ്റവിമുക്തി നേടാന്‍! അതു ജനകീയ കോടതി നിവൃത്തിച്ചു കൊടുക്കേണ്ടതാണ്! സാക്ഷാല്‍ കോടതി ചാരവൃത്തിയെന്ന് അടിവരയിട്ടു പറഞ്ഞ കാര്യങ്ങളാണ്. മേല്‍ക്കോടതിയില്‍ പോയി അതങ്ങനെയല്ലെന്നു സ്ഥാപിക്കാന്‍ ശേഷിയുണ്ടായിട്ടില്ല. ഇപ്പോള്‍ സൈബര്‍ ഗുണ്ടകളെ വിട്ട് തെരുവില്‍ നേരിടാം എന്നാണ് തോന്നല്‍’. ആസാദ് പറയുന്നു.
‘മുമ്പ് വിമര്ശനമുന്നയിച്ചവര്ക്കൊക്കെ വയസ്സു കൂടിക്കാണും. പല്ലിനു പഴയ ശൗര്യം കാണില്ല. ഒന്നും പഴയപോലെ ഏല്‍ക്കുന്നില്ല എന്നൊക്കെയാണ് ഐസക്കു മന്ത്രി മൊഴിയുന്നത്. പ്രകോപിപ്പിക്കാനുള്ള പരമാവധി ശ്രമമാണ്… യഥാര്‍ഥ രക്തസാക്ഷി താനാണെന്നു കാണിക്കാനുള്ള വെമ്പലും കൊള്ളാം. അടുത്ത തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് വെച്ച് കോപ്പുകൂട്ടുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.’
ഫ്രാങ്കിയെ ചാരനെന്നു വിളിച്ചിട്ടുണ്ടത്രെ! ഉണ്ടല്ലോ. ചാരപ്രവൃത്തി എന്തെന്നു വിശദീകരിക്കുകയും അതു ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട് പാഠം. പാഠത്തിനും എം.എന്‍. വിജയനുമെതിരെ സിപിഎമ്മല്ല കേസിനു പോയത്. പരിഷത്താണ് കേസുകൊടുത്തത് (എം.എന്‍. വിജയന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയിരുന്ന പ്രസിദ്ധീകരണമാണ് പാഠം).
‘നടന്നത് ചാരപ്രവര്‍ത്തനമാണെന്ന് കോടതി വിധിച്ചില്ലേ? ആ വിധി നിലനില്ക്കുകയല്ലേ? മറിച്ചു തെളിവു നല്കാന് സാധിച്ചില്ലല്ലോ? അക്കാര്യം മറച്ചുവെച്ച് വിശുദ്ധി നടിക്കരുത്. നാലാംലോക ചര്‍ച്ചയെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ എം.പി. പരമേശ്വരന് പറഞ്ഞത്, ഞങ്ങള്‍ പുറത്തായാലും ഞങ്ങളുടെ ആശയക്കാര്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ നോക്കിക്കൊള്ളും എന്നായിരുന്നു.
പരമേശ്വരനെപ്പോലും പ്രചോദിപ്പിച്ചു മുന്നില്‍ നിര്‍ത്തിയ ഐസക്ക് ഇപ്പോള്‍ ലക്ഷ്യത്തിലെത്തുന്നുവെന്ന ആനന്ദത്തില്‍ മതിമറക്കുകയാണ്. നാലാംലോക മുനമ്പിലാണ് നാം. പുതിയ പതാകയുമായി ഐസക് കയറി നിന്നുകഴിഞ്ഞു. ഇനി എന്തുണ്ടാവുമെന്ന് നോക്കാം.’.. ആസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: