ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഭാര്യയും യുഎഇ ഫുഡ് ബാങ്ക് അധ്യക്ഷയുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂമിന്റെ റമദാന് ജീവകാരുണ്യ പദ്ധതിയായ ‘ഒരു കോടി ഭക്ഷണ’ത്തിലേക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി പത്തു ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തു. 125,000 ഭക്ഷണപ്പൊതികള്‍ നല്‍കുന്നതിനുള്ള തുകയാണിത്.
ഏറ്റവും അനിവാര്യമായ സന്ദര്‍ഭത്തിലാണ് അര്‍ഹരായ ആളുകള്‍ക്ക് ഒരു കോടി ഭക്ഷണം പദ്ധതിയെന്ന് എം.എ. യൂസഫലി ചൂണ്ടിക്കാട്ടി. റമദാനിലാണ് ഈ മഹത്തായ പദ്ധതിയെന്നത് ഉത്കൃഷ്ടത വര്‍ധിപ്പിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണുന്ന രാജ്യമാണ് യുഎഇ. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച പദ്ധതിക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ അതീവ ചാരിതാര്‍ഥ്യമുണ്ട്. ദരിദ്ര കുടുംബങ്ങള്‍ക്കും പകര്‍ച്ചവ്യാധി ബാധിച്ച വ്യക്തികള്‍ക്കും ഭക്ഷണം നല്‍കുകയാണ് ലക്ഷ്യം. ഇതൊരു സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കി പരമാവധിയാളുകള്‍ സംഭാവന നല്‍കണം, യൂസുഫലി നിര്‍ദേശിച്ചു.
കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയയച്ചാണ് വിവിധ സംഘടനകള്‍ക്കും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും യൂസഫലി സഹായം നല്‍കുന്നത്. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി 25 കോടി രൂപ നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടിരൂപയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപയും നല്കി.
ദുരിതാശ്വാസ ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും സന്നദ്ധ സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യൂസഫലി ധനസഹായം നല്‍കിയിരുന്നു. കേരള സോഷ്യല്‍ സെന്റര്‍ അബുദാബി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി മലയാളി സമാജം, കെഎംസിസി ദുബായി, കെഎംസിസി. ഷാര്‍ജ, ഇന്ത്യന്‍ അസോസിയേഷന് റാസ് അല്‍ ഖൈമ, ഇന്ത്യന്‍ അസോസിയേഷന് ഉമ്മുല്‍ ഖുവൈന്‍, ഇന്‍ കാസ് ദുബായ്, ഇന്‍ കാസ് ഖത്തര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് യുഎഇ., നോര്‍ക്ക ഹെല്പ് ഡെസ്ക് ദമ്മാം സൗദി അറേബ്യ മുതലായവര്‍ക്കായിരുന്നു യൂസഫലിയുടെ സഹായഹസ്തം ലഭിച്ചത്.
ബഹ്റൈനിലെയും സൗദി അറേബ്യയിലെയും (രണ്ട് കോടി രൂപ വീതം) സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും യൂസഫലി സഹായം നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: