കൊല്‍ക്കത്ത: ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്തരീക്ഷവും ജലവുമെല്ലാം മലിനീകരണ മുക്തമാകുന്നു എന്നതിന് തെളിവായി വിവിധ മേഖലകളില്‍ നിന്ന് പല തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പല ജീവികളേയും നാട്ടില്‍ വീണ്ടും കാണാനായതും കൗതുകമുളവാക്കി.
പഞ്ചാബിലെ ജലന്ധറില്‍ നിന്ന് 200 കിലോമീറ്റര്‍ ദൂരെയുള്ള ഹിമാലയം കാണാന്‍ സാധിച്ചതും വാര്‍ത്തയായിരുന്നു. പലരും ഈ കാഴ്ച ആദ്യമായാണ് കാണുന്നത്. എത്രത്തോളം മലിനീകരണം അന്തരീക്ഷത്തില്‍ നിന്ന് മുക്തമായി എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വാര്‍ത്ത.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത കൂടി വന്നിരിക്കുന്നു. വ്യവസായ ശാലകള്‍ അടച്ചിട്ടതോടെ മാലിന്യം കുറഞ്ഞ ബംഗാളിലെ ഹൂബ്ലി നദിയില്‍ ഒരു അതിഥി മുപ്പത് വര്‍ഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗ ഡോള്‍ഫിനാണ് ഈ അതിഥി.
കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോള്‍ഫിന്‍. 2009 ഒക്ടോബര്‍ 5-നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. മനുഷ്യരുടെ അനാവശ്യ ഇടപെടലുകളും ജലഗതാഗതവുമൊക്കെ ഗംഗാ ഡോള്‍ഫിനുകളെ ഇവിടെ നിന്നകറ്റാന്‍ കാരണമായി. ഇപ്പോള്‍ ആ കാര്യങ്ങളില്‍ ഇടവേള വന്നതോടെ കാര്യത്തില്‍ മാറ്റം വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: