ആലപ്പുഴയിലെ പഴയ സ്വയംസേവകരില്‍ ഒരാളായ കെ.സി. ജാനകീറാം സ്പീഡ്പോസ്റ്റായി അയച്ച ഒരു കത്ത് മുന്നില്വച്ചുകൊണ്ടാണിതെഴുതുന്നത്. കത്തെഴുതുന്നുണ്ടെന്ന് അദ്ദേഹം രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. ‘പരമേശ്വര്‍ജി തന്റെ ഓര്‍മയില്‍’ എന്ന് പേരിട്ടയച്ച കത്തില്‍ അദ്ദേഹവുമായി താന്‍ ബന്ധപ്പെട്ട അവസരങ്ങളെയും സംഭവങ്ങളെയും അനുസ്മരിക്കുകയായിരുന്നു ജാനകീറാം. ഓര്‍മിക്കുമ്പോള്‍ തിളക്കം കൂടുതല്‍ അനുഭവപ്പെടുന്ന സംഭവങ്ങളാണവ. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്ത് അദ്ദേഹത്തിനുപയോഗിക്കാനായി ഒരു കാര്‍ ഉണ്ടായിരുന്നു. ആലപ്പുഴയിലെ ഒരു പരിപാടിക്കായി വന്നപ്പോള്‍ എല്ലാം കഴിഞ്ഞ് ഇല്ലത്തു പോയി അമ്മയെ കണ്ടു വരാനായി കാര്‍ ഉപയോഗിക്കാതെ ബസ്സില്‍ പോയി വന്ന വിവരം എഴുതിയിരിക്കുന്നു.
അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ച വിവരം കോഴിക്കോട് ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയത്തിലേക്ക്, ടെലിഗ്രാം സന്ദേശമായിട്ടാണറിയിച്ചത്. പരമേശ്വര്‍ജി അപ്പോള്‍ ദല്‍ഹിയില്‍ കേന്ദ്രീയ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട് പാലക്കാട്ടെത്താറായിരുന്നു. കാര്യാലയ കാര്യദര്‍ശിയായിരുന്ന മണ്ടിലേടത്തു ശ്രീധരന്റെ പ്രായോഗിക ബുദ്ധി അതിവേഗം പ്രവര്‍ത്തിച്ചു. അദ്ദേഹം കോയമ്പത്തൂര്‍ സ്റ്റേഷന്‍മാസ്റ്ററെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും പരമേശ്വര്‍ജി അവിടെയിറങ്ങുമ്പോഴേക്ക് സ്റ്റേഷനില്‍ കാറുമായി ആളെത്തുമെന്നറിയിക്കുകയും
,ചെയ്തു. ഒപ്പംതന്നെ പാലക്കാട് വി. ലക്ഷ്മണന് എന്ന മുതിര്‍ന്ന സ്വയംസേവകനെ വിളിച്ച് കാറുമായി കോയമ്പത്തൂര്‍ എത്തി പരമേശ്വര്‍ജിയെ കൂട്ടി ചേര്‍ത്തലയിലെ ഇല്ലത്തെത്തിക്കാന് ഏര്‍പ്പാടു ചെയ്തു. ജനസംഘത്തിന്റെ കാറില്‍ത്തന്നെ അന്നവിടെയുണ്ടായിരുന്ന കെ.ജി. വാധ്യാരെയും കൂട്ടി ശ്രീധരന് ചേര്‍ത്തലയ്ക്കു പുറപ്പെട്ടു. എറണാകുളത്തുനിന്ന് വാധ്യാര്‍ജിയും ശ്രീധരനും മറ്റു പ്രവര്‍ത്തകരും ഇല്ലത്തേക്കു പോയി.
പരമേശ്വര്‍ജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഇത്തരം നിരവധി ഹൃദയസ്പൃക്കായ സന്ദര്‍ഭങ്ങള്‍ ധാരാളം പേര്‍ക്കു പറയുവാനുണ്ടായിരിക്കും. അദ്ദേഹത്തിന്റെ സമഗ്രമായ ജീവചരിത്രം തയ്യാറാക്കേണ്ടത് സംഘപ്രസ്ഥാനങ്ങളുടെ മാത്രമല്ല, കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക, ആധ്യാത്മിക ചരിത്രത്തിന് ഒഴിവാക്കാനാവാത്തതും ആവേശപ്രദായകവുമായ ആവശ്യമാകുന്നു. അക്കാര്യമാണ് ജാനകീറാമിന്റെ കത്തു വായിച്ചപ്പോള്‍ എനിക്കോര്‍മ വന്നത്.
പരമേശ്വര്‍ജിയോടൊപ്പം ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി രണ്ടു പതിറ്റാണ്ടോളം പ്രവര്‍ത്തിച്ച, മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ. രാമന്‍പിള്ള ഫെബ്രുവരി 29 ന് എന്റെ വീട്ടില്‍ വരികയുണ്ടായി. അദ്ദേഹത്തിന്റെ ജീവചരിത്രം തയ്യാറാക്കണമെന്നാണ് രാമന്പിള്ളയ്ക്കും മോഹമുണ്ടായിരുന്നത്. പരമേശ്വര്‍ജിയുമൊത്ത് സംഘപ്രചാരകനായും പിന്നീട് ജനസംഘത്തിലും പ്രവര്‍ത്തിച്ച എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ സംരംഭത്തിന് വേണ്ട വിഭവസമാഹരണത്തിന്റെ ഭാഗമായിരുന്നു അന്നത്തെ കൂടിക്കാഴ്ച. ഞാന്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു സുപ്രധാന രേഖയുടെ ഫോട്ടോസ്റ്റാറ്റ് അദ്ദേഹത്തിന് കൈമാറി. സ്കൂള്‍ ഫൈനല്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സാഹിത്യ പരിഷത്ത് നടത്തിയ ദ്രുതകവിതാ മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹമായ പരമേശ്വരന് ഇളയത് എന്ന ചേര്‍ത്തല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ കവിത കോളുകൊണ്ട വേമ്പനാടന്‍, അച്ചടിച്ചു വന്ന 1944 മാര്‍ച്ച് 13-ാം തീയതിയിലെ മലയാളരാജ്യം തിങ്കളാഴ്ച പതിപ്പിന്റെ ബന്ധപ്പെട്ട പേജിന്റെ ഫോട്ടോസ്റ്റാറ്റാണതില് പ്രധാനം. കോവിഡ് 19 ന്റെ പൂട്ടിക്കെട്ടല്‍ മൂലം ഞങ്ങളുടെ തുടര്‍ന്നുള്ള സമാഗമങ്ങള്‍ നിലച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പരമേശ്വര്‍ജിയെ വിചാര കേന്ദ്രത്തില്‍ ചെന്നു കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി എഴുതാന്‍ താന്‍ അനുവാദം ചോദിച്ചിരുന്നതായും, പിന്നീടൊരിക്കല്‍ എഴുതിയതെവിടെവരെയായി എന്നന്വേഷിച്ചതായും രാമന് പിള്ള അനുസ്മരിച്ചു. താന്‍ ഒന്നും തുടങ്ങിയില്ലല്ലോ എന്ന കുറ്റബോധമാണ് ഇപ്പോള്‍ സംരംഭത്തിനിറങ്ങാന് കാരണമെന്നദ്ദേഹം പറഞ്ഞു.
മുപ്പത്തഞ്ച് വര്‍ഷക്കാലം പരമേശ്വര്‍ജിയുടെ കണ്ണും കയ്യും മനസ്സുമായി പരിചരണം ജീവിതവ്രതമാക്കിയ സുരേന്ദ്രനായിരിക്കും ജീവചരിത്രമെഴുതാന്‍ ഏറ്റവും അനുയോജ്യന്‍. ആ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സകല കാര്യങ്ങളും സുരേന്ദ്രനെപ്പോലെ ഉള്‍ക്കൊണ്ട മറ്റൊരാളുണ്ടാവില്ല. പരമേശ്വര്‍ജി പോയ സ്ഥലങ്ങളും കണ്ട് ഇടപഴകിയ മുഴുവന്‍ ആളുകളും ഇടപെട്ട സംരംഭങ്ങളുമൊക്കെ അദ്ദേഹത്തിന് ഉള്ളം കയ്യിലെ രേഖപോലെ അറിയുമായിരിക്കും. അതുമുഴുവന്‍ ഓര്‍മകളില്‍നിന്നോ കുറിപ്പുകളില്നിന്നോ എഴുതിത്തയ്യാറാക്കിയാല്‍ വലിയ വിജ്ഞാന നിധിയായിരിക്കും. അദ്ദേഹത്തിന് അതെഴുതാനുള്ള ഭാഷയും ശൈലീ വല്ലഭത്വവുമുണ്ടോ എന്ന് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഒരാള്‍ അന്വേഷിക്കുകയുണ്ടായി. ഇവിടെ ഭാഷാ ശൈലിയല്ല ഹൃദയവും മനസ്സുമാണ് കടലാസിലേക്കു വരേണ്ടത്. അക്ഷരമെഴുതാന്‍ പോലും വശമില്ലാതിരുന്നവര് ഹൃദയം തുറന്നപ്പോള്‍ ലോകമനസ്സിനെ തന്നെ അലിയിച്ച എത്രയെത്ര കൃതികള്‍ക്കു നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്?
പരമേശ്വര്‍ജിയുടെ ജീവചരിത്രം ഒന്നുപോരേ എന്നു ചോദിച്ചാല്‍, ഓരോ ദ്രഷ്ടാവും അനുഭോക്താവും അദ്ദേഹത്തെ അറിഞ്ഞതിന്റെ ആഴമനുസരിച്ചാവും അവതരണം. അതുകൊണ്ട് ഒരിക്കലും അതൊരധികപ്പറ്റാവില്ല. കൂടുതല്‍ ആഴത്തിലും പരപ്പിലും പരമേശ്വര്‍ജിയെ അറിയാനും പിന്തുടരാനും വായിക്കുന്നവര്‍ക്കു കഴിയുമല്ലൊ.
കേരളത്തിലെ ഹിന്ദു സമാജത്തിന് സാമൂഹ്യവും ആത്മീയവും സംഘടനാപരവുമായ ഉള്ളടക്കം നല്കി, അതിനെ ഉണര്‍ത്തി പ്രതികരണ ശേഷിയുണ്ടാക്കിയ മറ്റൊരു വ്യക്തിയെപ്പറ്റി ഇന്നു നമുക്കൊന്നും തന്നെ അറിയാത്ത അവസ്ഥയുണ്ട്. ഞാന്‍ ഇവിടെ സൂചിപ്പിക്കുന്നത് പി.മാധവന് എന്ന മാധവജിയെക്കുറിച്ചുതന്നെയാണ്. അദ്ദേഹം അന്തരിച്ചിട്ടു മൂന്നുപതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. മാധവജിയുടെ ജീവിതവും ജീവിതകൃത്യങ്ങളും ഇന്നു രേഖപ്പെടാതെയും സമാഹരിക്കപ്പെടാതെയും കിടക്കുകയാണ്. ഇന്നു കേരളത്തിലുടനീളം ഉജ്ജ്വലത്തായി നില്ക്കുന്ന ക്ഷേത്രങ്ങളും ക്ഷേത്രാരാധനയും ഹിന്ദു ചൈതന്യവും ഈ നിലയിലായതിന്റെ പിന്നില്‍ മാധവജിയുടെ നിരന്തര തപശ്ചര്യയും സമാജസേവന പ്രയത്നങ്ങളുമാണുള്ളത്. ആ സമാജ ജാഗരണ ദൗത്യത്തെ അദ്ദേഹം ഏറ്റെടുത്ത്, ഗ്രാമാന്തരങ്ങളില്‍ സഞ്ചരിച്ച് ഹൃദയങ്ങളെ തെളിയിക്കുകയായിരുന്നു. ആ കഠിനമായ തപസ്സിന്റെ അഗ്നിയില്‍ സ്വയം എരിഞ്ഞടങ്ങിയപ്പോള്‍ അദ്ദേഹത്തിന് അറുപത്തിരണ്ട് വയസ്സേ ആയിരുന്നുള്ളൂ. മാധവജിയുടെ ജീവിതത്തെപ്പറ്റി ഇന്ന് ആധികാരികമായി അറിയാന്‍ നമുക്കൊരു നിവൃത്തിയുമില്ല. അദ്ദേഹത്തിന്റെ വാങ്മയം പോലും സമാഹരിക്കപ്പെട്ടിട്ടില്ല; ക്ഷേത്രചൈതന്യ രഹസ്യമൊഴികെ. രാഷ്ട്രീയം, സംഘചിന്ത, സമകാലീന സംഭവങ്ങള്‍ ആദ്ധ്യാത്മികവും താന്ത്രികവുമായ വിഷയങ്ങള്‍ തുടങ്ങി എന്തെല്ലാം വിഷയങ്ങളെപ്പറ്റി ഈടുറ്റ ലേഖനങ്ങള്‍, മലയാളത്തിലും ഇംഗ്ലീഷിലുമായി പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു. ഹിന്ദു സമൂഹത്തിന്റെ തനിമയെയും അന്തസ്സിനെയും നിലനില്‍പ്പിനെയും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഒന്നിനു പിറകേ ഒന്നായി വന്നപ്പോള്‍ പകച്ചുപോയ അനുഭവം ആപത് സൂചനയാണ്. ഭാഗ്യവശാല്‍ കേരളത്തില്‍ സംഘത്തിന്റെ അടിത്തറയുറപ്പിച്ചവരില് പ്രമുഖനായിരുന്ന സ്വര്‍ഗീയ ഭാസ്കര്‍ റാവുവിന്റെ ജീവിതത്തെയും, ജീവിത ദൗത്യത്തെയും നമുക്ക് മനസ്സിലാക്കിത്തരുന്ന ഏതാനും ഉത്തമഗ്രന്ഥങ്ങള്‍ നമുക്ക് ലഭ്യമാണ്; ഹരിയേട്ടന്റെയും എസ്. സേതുമാധവന്റെതുമടക്കം. മാധവജിയുടെ കാര്യത്തില്‍ നാം തികച്ചും പരാജയപ്പെട്ടു.
ഭാരതീയ വിചാര കേന്ദ്രമെന്ന പരമേശ്വര്‍ജിയുടെ ദൗത്യനിര്‍വഹണ സ്ഥാപനം ഈ കൃത്യം തീര്ച്ചയായുമേറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകൃതമായ പരമേശ്വര്‍ജിയുടെ കൃതികളും മലയാളത്തില്‍ ലഭ്യമാകേണ്ടതുണ്ട്.
ജാനകീറാമിന്റെ കത്തു വന്നപ്പോള്‍, അതു വായിച്ച് മനസ്സിലുദിച്ച വികാരങ്ങള്‍ പ്രകടിപ്പിച്ചുവെന്നു മാത്രമേയുള്ളൂ. കൊറോണക്കാലത്ത് ഒന്നും ചെയ്യാതിരിക്കുമ്പോള്‍ തോന്നുന്ന ഓരോ വിചാരങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: