മക്കളേ,
മനസ്സിനെ ഏകാഗ്രമാക്കാനുള്ള ശാസ്ര്തീയമായ ഉപായമാണ് ധ്യാനം. അന്യചിന്തകളില്ലാതെ മനസ്സ് ഒരു വസ്തുവില്‍ ഉറച്ചിരിക്കുന്നതിനാണ് ധ്യാനമെന്നു പറയുന്നത്. ധ്യാനത്തില്‍ ഏകാഗ്രത പൂര്‍ണ്ണമാകുമ്പോള്‍ അതിനെ സമാധി എന്നു പറയുന്നു.
ചിന്തകളുടെ നിരന്തരപ്രവാഹമാണല്ലോ മനസ്സ്. സകല ചിന്തകളും അടങ്ങി മനസ്സ് നിശ്ചലമായിത്തീരുന്ന അവസ്ഥയാണ് സമാധി. അപ്പോള്‍ ധ്യാനിക്കുന്ന ആളും ധ്യാനവും ധ്യാനവിഷയവും ഒന്നായിത്തീരുന്നു. സമാധിയില്‍ മനസ്സ് ശുദ്ധബോധത്തില്‍ ലയിക്കുന്നു. അവിടെ ശുദ്ധബോധം മാത്രം അവശേഷിക്കുന്നു. ആ അനുഭവം പരമശാന്തിയാണ്.
ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോടു പറഞ്ഞു, ”അങ്ങു ഭിക്ഷയ്ക്കായി ലോകം മുഴുവന്‍ ചുറ്റിത്തിരിയാന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്കാണ്. അങ്ങു സദാ സമാധിയില്‍ ലയിച്ചു കഴിയുന്നതിനാല്‍ അങ്ങേയ്ക്കു വേര്‍പാടിന്റെ ദുഃഖമൊന്നും ഉണ്ടാകില്ലെന്നു വരാം. എനിയ്ക്ക് അങ്ങനെയല്ല. അങ്ങയെ വേര്‍പിരിഞ്ഞിരിക്കുന്നത് ദുഃഖകരമാണ്. അതുകൊണ്ടു സമാധി അഭ്യസിക്കാന്‍ എന്നെക്കൂടി പരിശീലിപ്പിച്ചാലും.”
പരമശിവന്, ദേവിയോടു പത്മാസനത്തിലിരുന്നു കണ്ണുകളടച്ചു മനസ്സിനെ അന്തര്മ്മുഖമാക്കുവാന് പറഞ്ഞു. ദേവി പത്മാസനത്തിലിരുന്നു ധ്യാനമഗ്നയായി.
”ഇപ്പോള്‍ എന്തു കാണുന്നു?” പരമശിവന് ചോദിച്ചു.
”അങ്ങയുടെ രൂപം മനോനേത്രത്തിനു മുമ്പില്‍ കാണുന്നു.” ദേവി പറഞ്ഞു.
”ആ രൂപത്തെയും കടന്നു
പോകൂ…..ഇപ്പോഴെന്തു കാണുന്നു?” പരമശിവന് ചോദിച്ചു.
”ഒരു ദിവ്യപ്രകാശം.”ദേവി പറഞ്ഞു.
”അതിനെയും അതിക്രമിക്കൂ….ഇപ്പോഴോ?” പരമശിവന് ചോദിച്ചു.
”ഓങ്കാരനാദം മാത്രമാണിപ്പോള്‍ കേള്‍ക്കുന്നത്.” ദേവി മറുപടി പറഞ്ഞു.
”അതിനുമപ്പുറം പോകൂ…. ഇപ്പോഴെന്താണനുഭവം?”
ആ ചോദ്യത്തിനു് ഉത്തരമുണ്ടായില്ല. ദേവിയുടെ മനസ്സും വ്യക്തിത്വവും തന്നെ വിലയിച്ചുപോയിരുന്നു. ദേവി ശിവനുമായി പൂര്‍ണ്ണ ഐക്യം പ്രാപിച്ചു കഴിഞ്ഞിരുന്നു. അവിടെ ചോദ്യം കേള്‍ക്കാനോ ഉത്തരം പറയാനോ ആരുമുണ്ടായിരുന്നില്ല. മനസ്സിനും, വാക്കിനും, ബുദ്ധിക്കും ചിന്തക്കും എത്തിച്ചേരാനാകാത്ത തലത്തില്‍ ധ്യാനത്തിന്റെ പരമകാഷ്ഠയില്‍ ശിവസ്വരൂപമായി അഭേദമായ ഐക്യം ദേവി പ്രാപിച്ചു കഴിഞ്ഞിരുന്നു.
സമാധിയില്‍ സുഖമോ ദുഃഖമോ ഇല്ല, ഞാനുമില്ല നീയുമില്ല. അതിനെ ഗാഢനിദ്രയോട് ഉപമിക്കാം. ഗാഢനിദ്രയില്‍ നീയും ഞാനുമില്ല. ഉണരുമ്പോള്‍ നീയായി, ഞാനായി, ഇന്നലെയായി, ഇന്നായി. എന്നാല്‍ ഗാഢനിദ്രയുമായി ഒരു വ്യത്യാസമുണ്ട്, സമാധിയില്‍ പൂര്‍ണ്ണബോധം കാണും. സമാധിയില്‍ നിന്നുണരുകയും വീണ്ടും സമാധിയിലേക്കു പോകുകയും ചെയ്യാം. സ്ഥിരമായി സമാധിയില്‍ നില്ക്കാന് കഴിഞ്ഞാല്‍ അതിനെ സഹജസമാധി എന്നു പറയുന്നു. സഹജസമാധിയാണു പൂര്‍ണ്ണത.
നമ്മുടെ ഉള്ളില്‍ ഒരു വളയത്തിനകത്ത് ഒരു റബ്ബര്‍പന്ത് ഉള്ളതായി സങ്കല്പിക്കുക. പന്ത് സദാസമയവും മുകളിലേക്കും താഴേക്കും ചലിച്ചുകൊണ്ടിരിക്കുന്നു. ഈ പന്ത് മനസ്സാണ്. വളയം ശുദ്ധബോധവും. ചില സമയങ്ങളില്‍ പന്തു് വളയത്തിനകത്ത് ചലിക്കാതെയിരിക്കുന്നു. ഇതിനെ സമാധിയെന്നു പറയാം. വീണ്ടും പന്തു വളയത്തില്‍ നിന്നും വേര്‍പെട്ട് പഴയതുപോലെ ചലിച്ചുതുടങ്ങും. അതോടെ സമാധി നഷ്ടമാകും. ഈ പന്ത് ഒട്ടും ചലിക്കാതെ സ്ഥിരമായി വളയത്തിനോടു ചേര്‍ന്നിരിക്കുന്ന ഒരവസ്ഥ വരും. ഇങ്ങനെ മനസ്സ് സദാ ശുദ്ധബോധത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്ന അനുഭവത്തെയാണ് സഹജസമാധി എന്നു പറയുന്നത്. സഹജസമാധിയില്‍ ലോകകാര്യങ്ങളില്‍ മുഴുകുമ്പോഴും നിരന്തരം സമാധി അനുഭവിക്കുവാന്‍ കഴിയും.
ഏതൊരു വസ്തു കാണുമ്പോഴും തന്റെ ആത്മസ്വരൂപം ആ വസ്തുവില്‍ ദര്‍ശിക്കാന്‍ സഹജസമാധിയിലുള്ള ഒരാളിനു കഴിയുന്നു. എന്നെന്നേക്കുമായി മനസ്സ് ആത്മനിഷ്ഠമാകുന്ന ഒരു അവസ്ഥയാണത്. സഹജസമാധിയില്‍ നിന്നും തിരിച്ചുവരവില്ല. ദേശകാലങ്ങള്‍ക്കതീതമായി, ഏതു സാഹചര്യമായാലും എന്തുതന്നെ ചെയ്താലും, ഉറക്കത്തില്‍പ്പോലും ആ സമാധിക്ക് മാറ്റമുണ്ടാകില്ല. അതു നേടിക്കഴിഞ്ഞാല്‍ പിന്നെ ഞാനെന്നും എന്റെതെന്നുമുള്ള ഭാവം അവരില്‍നിന്നു പോയിക്കഴിഞ്ഞു. അവരുടെ സാമീപ്യത്തില്‍ വൃക്ഷത്തിന്റെയും നദിയുടെയും സാമീപ്യത്തിലെന്നപോലെ ആര്‍ക്കും ആനന്ദവും കുളിര്‍മയും മാത്രമേ ലഭിക്കുകയുള്ളു. മറ്റുള്ളവരുടെ കാഴ്ചയില്‍ അവര്‍ ദ്വൈതത്തിലാണ്, ലോകത്തിലാണ്. എന്നാല്‍ വാസ്തവത്തില്‍ അവര്‍ ആ അനുഭൂതിയില്ത്തന്നെയാണ്. അരിപ്പൊടിയുടെ കൂടെ ശര്‍ക്കര ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ശര്‍ക്കരയും പൊടിയും വേര്‍തിരിച്ചെടുക്കുവാന്‍ പറ്റില്ല. മധുരം മാത്രമേയുള്ളൂ. അതുപോലെ അദ്വൈതഭാവത്തില്‍ എത്തിയാല്‍, ആ അനുഭൂതിതലത്തിലെത്തിയാല്‍ അവര്‍ അതായിത്തീരുകയാണ്. പിന്നെ അവരുടെ ലോകത്തില്‍ രണ്ടില്ല. അവരുടെ വ്യവഹാരമെല്ലാം അദ്വൈതാനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും. അവര്‍ സദാ ആത്മാവില്‍ത്തന്നെ രമിക്കുന്നു. അവര്‍ ആത്മസ്വരൂപംതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: