തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം കൊല്ലം ജില്ലകളില്‍ മൂന്ന് പേര് വീതവും കണ്ണൂരില്‍ നിന്ന് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകിരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. 7 പേര് രോഗമുക്തരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതവും വയനാട്ടില്‍ ഒരാളുമാണ് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായി 457 പേരാണുള്ളത്. 331 പേര് രോഗമുക്തി നേടിയപ്പോള്‍ 116 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2144 പേര് നിരീക്ഷണത്തിലുണ്ട്. 20,580 പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. വിഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ സുരക്ഷയ്ക്കുള്ള നടപടികളിലും കേന്ദ്ര സര്‍ക്കാര്‍ സംതൃപ്തി അറിയിച്ചു. ഹോട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: