ന്യൂദല്‍ഹി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കര്‍മപദ്ധതി നല്കാന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. മുന്‍ഗണന ക്രമത്തിലല്ലാതെ ഒറ്റയടിക്ക് കൊണ്ടുവരരുതെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ തടസം നീക്കാന്‍ ചരക്ക് വിമാന സര്‍വീസ് ചട്ടങ്ങളില്‍ മാറ്റം വരുത്തും. കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കെ ടി ജലീല്‍ പ്രതികരിച്ചു.
പ്രവാസികളെ നാട്ടിലെത്തിക്കുകയാണെങ്കില്‍ വിമാനത്താവളങ്ങളിലെ പരിരോധന, ക്വാറന്റീന്, പ്രദേശിക യാത്ര സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ചീഫ്സെക്രട്ടറിമാരോട് വിദേശകാര്യസെക്രട്ടറി നിര്‍ദേശിച്ചിട്ടുള്ളത്.
നിലവില്‍ വിവിധ രാജ്യങ്ങളില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ചരക്ക് വിമാനങ്ങളില്‍ ഉടന്‍ എത്തിക്കും. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വിദേശകാര്യമന്ത്രാലയം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം പഠിക്കുന്ന ഇന്ത്യക്കാരായ വിദ്യാര്‍ഥികളുമുണ്ട്. ഇവരെ നാട്ടിലെത്തിക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്.
ഗള്‍ഫിലുളള മലയാളികള്‍ ഉള്‍പ്പെടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. കേരളമടക്കം ഇക്കാര്യം ഉന്നയിച്ച് കത്ത് നല്‍കുകയും ചെയ്തിരുന്നു. പ്രവാസികളെ സ്വന്തം ചെലവില്‍ നാട്ടിലെത്തിക്കാമെന്ന് യുഎഇയും സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: