ടിബറ്റിലെ ആചാര്യന്മാരില് രണ്ടാമനാണ് പഞ്ചന്‍ ലാമ (Panchen Lama). ദലൈലാമ കഴിഞ്ഞാല്‍ പഞ്ചന്‍ ലാമ, കര്‍മ്മപാ ലാമ എന്നിങ്ങനെയാണ് ടിബറ്റന്‍ ലാമകളുടെ അധികാര ശ്രേണി. ഇവരില്‍ ദലൈലാമയും കര്‍മപാ ലാമയും ചൈനീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലാണുള്ളത്. പതിനൊന്നാമത്തെ പഞ്ചന്‍ ലാമയായ ഗെദുന്‍ ചോക്കി നിയിമ, ആറാമത്തെ വയസ്സുമുതല്‍ ചൈനയുടെ തടവുകാരനാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരനും ഈ പഞ്ചന്‍ ലാമയാണ്.
ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മത കമ്മീഷന്. ഇന്ന് (ഏപ്രില്‍ 25) ഗെദുന്‍ ചോക്കിയുടെ 31-ാം ജന്മദിനമാണെന്നത് കൂടി കണക്കിലെടുത്താണ് യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.
1989 ഏപ്രില്‍ 25ന് ടിബറ്റിലെ ലാരി കൗണ്ടിയിലാണ് ഗെദുന്‍ ചോക്കിയുടെ ജനനം. 10-ാമത് പഞ്ചന്‍ ലാമയുടെ മരണ ശേഷം 1995 മെയ് 15നാണ് ഗെദുന്‍ ചോക്കിയെ പതിനൊന്നാമത് പഞ്ചന്‍ ലാമയായി ദലൈ ലാമ നിയമിക്കുന്നത്.
എന്നാല്‍ പഞ്ചന്‍ ലാമയായി നിയമിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം ഗെദുന്‍ ചോക്കിയെയും കുടുംബത്തേയും ചൈനീസ് സര്‍ക്കാര്‍ തട്ടിക്കൊണ്ടു പോയി. 1995 നവംബര്‍ 29ന് ചൈനീസ് അധികൃതര്‍, ഗ്യാന്‍കെയ്ന്‍ നോര്‍ബുവിനെ പഞ്ചന്‍ ലാമയായി നിയമിച്ചു. ടിബറ്റന്‍ ബുദ്ധന്മാരില് ഭൂരിഭാഗം പേര്‍ക്കും ഇതിനോട് എതിര്‍പ്പായിരുന്നു.
ഗെദുന്‍ ചോക്കിയെ തട്ടിക്കൊണ്ട് പോയി 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തെ കുറിച്ച് ചില വിവരങ്ങള്‍ ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി. വിഘടനവാദികളാല്‍ തട്ടികൊണ്ടു പോകപ്പെട്ട ഗെദുന്‍ ചോക്കിക്ക് സംരക്ഷണം ആവശ്യമാണ്. 2007 മേയില്‍ അസ്മ ജഹാങ്കീര്‍ എന്ന അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ക്ക് ഗെദുന്‍ ചോക്കിയ കാണാനും അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കാനും അനുവാദം ലഭിച്ചിരുന്നു. 2007 ജൂലൈ 17ന് ഗെദുന്‍ ഒരു സാധാരണ തിബറ്റന്‍ കുട്ടിയാണെന്ന് പറഞ്ഞ ചൈനീസ് അധികൃതര്‍, ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ജോലിയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: