ഇടുക്കി: സംസ്ഥാന അതിര്‍ത്തി കടന്ന് ചരക്കുമായെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ കൊറോണയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി. വിവിധ ജില്ലകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്ന ലോറി ഡ്രൈവര്‍മാറും അവരുടെ സഹായികളും ലോഡിറക്കിയ ശേഷം വീടുകളിലോ സമൂഹത്തിലോ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമുള്ളത്.
അടുത്ത ലോഡിനായി പോകുന്നവര്‍ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സ്ഥലത്ത് ക്വാറന്റൈനില്‍ തുടരണം. ലോഡെടുത്ത് വന്ന ശേഷം വീണ്ടും ഇത് തുടരും. അതേ സമയം 10 ദിവസം കൂടുമ്പോള്‍ ഇവരുടെ സ്രവ സാമ്പിളെടുത്ത് പരിശോധിക്കുകയും ചെയ്യും. എന്നാല്‍ ഒട്ടുമിക്ക ജില്ലകളിലും ഇത് പാലിക്കപ്പെടുന്നില്ല.
ഡ്രൈവര്‍മാരെ പ്രത്യേകം താമസിപ്പിക്കാന്‍ അതാത് മേഖലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതര്‍ സൗകര്യമൊരുക്കാത്തതാണ് പ്രധാന വെല്ലുവിളി. ലോഡുമായി വന്നശേഷം വീടുകളിലേക്ക് പോകുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. തമിഴ്നാട്ടിലെ മാര്‍ക്കറ്റിലെത്തി കടകളും ലേല കേന്ദ്രങ്ങളും കയറിയിറങ്ങിയാണ് ഡ്രൈവര്‍മാരും സഹായികളും പച്ചക്കറി, അരി പോലുള്ള സാധനങ്ങള്‍ വാങ്ങുന്നത്. പലരും യാതൊരു മുന്‍കരുതലുമെടുക്കാതെ മുഖാവരണം പോലും ധരിക്കാതെ നടക്കുന്നത് വൈറസ് ബാധ ഉണ്ടാകുന്നതിന് വലിയ സാധ്യത ഉണ്ടാക്കുന്നതായും വിവരമുണ്ട്. സംസ്ഥാനത്ത് ലോഡിറക്കുന്ന തൊഴിലാളികളേയും ഇത് ബാധിക്കാം. അതേ സമയം ഇത്തരത്തില്‍ താമസിപ്പിക്കാന്‍ വേണ്ട സൗകര്യമില്ലാത്തതാണ് പ്രശ്നമെന്നാണ് തദ്ദേശസ്ഥാപന അധികൃതരുടെ വാദം.
അവശ്യ വസ്തുക്കള്‍ എത്തുന്നത് മുടങ്ങിയാല്‍ സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ വഷളാക്കും. വളരെ ഗൗരവമുള്ള വിഷയമായിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. മാര്‍ച്ച് പകുതിയോടെ കേരളത്തില്‍ വൈറസ് വ്യാപനം കൂടിയപ്പോള്‍ തമിഴ്നാട്ടില്‍ കേസുകള്‍ ഇല്ലായിരുന്നു. അന്ന് തമിഴ്നാട്ടിലേക്കെത്തുന്ന വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കുന്ന നടപടി തമിഴ്നാട് അധികൃതര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: