കെ.ജി. മാരാര്‍. കേരളത്തില്‍ മുഖവുര ആവശ്യമില്ലാത്ത രാഷ്ട്രീയ നേതാവ്. ഒരു പഞ്ചായത്ത് അംഗമായിപോലും തെരഞ്ഞെടുക്കപ്പെടാത്ത ആ രാഷ്ട്രീയക്കാരനെ കേരളത്തിലെ ലക്ഷക്കണക്കിനാളുകള്‍ ഇന്ന് സ്മരിക്കുകയാണ്. മാരാര്‍ജി എന്ന് ഓമനത്തത്തോടെ അഭിസംബോധന ചെയ്യപ്പെട്ടിരുന്ന കെ.ജി. മാരാര്‍ അന്തരിച്ചിട്ട് ഇന്ന് 25 വര്‍ഷം തികഞ്ഞിരിക്കുന്നു.
1995 ഏപ്രില്‍ 25ന് പുലര്‍ച്ചെ അന്തരിക്കുമ്പോള്‍ മാരാര്ജിയ്ക്ക് അറുപത് വയസ്സുപോലും തികഞ്ഞിരുന്നില്ല. സമയത്തിന് ഭക്ഷണവും മരുന്നും സ്വസ്ഥമായി അന്തിയുറങ്ങാന്‍ സൗകര്യവും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ഇന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ലഭിക്കുമായിരുന്നു. അദ്ദേഹത്തിന്റെ സമകാലികരില്‍ പലരും ഇന്നത്തെയും രാഷ്ട്രീയ ചാണക്യന്മാരാണല്ലോ.
കണ്ണൂര്‍ ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തില്‍ പിറന്ന കുറുവണ്ണില്‍ ഗോവിന്ദമാരാര്‍ ഭാരതീയ ജനസംഘത്തിലെത്തിയശേഷമാണ് കെ.ജി. മാരാര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നണിയൂര്‍ എന്ന കുഗ്രാമത്തില്‍ നാരായണമാരാരുടെയും നാരായണിയമ്മയുടെ നാല് ആണ്മക്കളില് മൂന്നാമനായ കെ.ജി. മാരാര്‍ മലയാളം വിദ്വാന് പരീക്ഷയില്‍ വിജയിച്ച് അധ്യാപകനായി. പഠനകാലത്ത് തന്നെ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ബാലപാഠം അഭ്യസിച്ച മാരാര്‍ജി പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ അധ്യാപനം നടത്തുമ്പോഴും സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നത് അനുകൂല സാഹചര്യം ഒന്നും ഇല്ലാതെയായിരുന്നു. മാരാര്‍ജിക്ക് ലഭിക്കുന്ന കൃത്യവരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. നണിയൂരില്‍ നിന്നും നാറാത്ത് ക്ഷേത്രത്തിലെ ജോലിക്കായി എത്തിയ കുടുംബത്തിന് ആശ്രയം ക്ഷേത്രത്തിലെ പടച്ചോറാണെന്ന് പറയുമ്പോള്‍ കഷ്ടപ്പാട് ഊഹിക്കാവുന്നതേയുള്ളൂ. പത്തുവര്‍ഷം അധ്യാപകനായിരിക്കവെ ശാരദ ടീച്ചര്‍ (ഇ.കെ. നായനാരുടെ പത്നി) സഹപ്രവര്‍ത്തകയായിരുന്നു. ചടയന്‍ ഗോവിന്ദന് ആത്മമിത്രവും.
രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല പ്രതിയോഗികള്‍ മാത്രമേയുള്ളൂവെന്ന് പ്രസംഗിക്കാറുള്ള മാരാര്‍ജിക്ക് ശത്രുക്കളില്ലായിരുന്നു എന്നുതന്നെ പറയാം. പാര്‍ട്ടിയും പ്രായവുമൊന്നും നോക്കാതെ അടുത്ത് ഇടപഴകാനും സ്നേഹം നേടിയെടുക്കാനും അദ്ദേഹത്തിനുള്ള കഴിവ് മറ്റാരും പ്രകടിപ്പിക്കുന്നതായി കണ്ടിട്ടില്ല. കെ.ജി. മാരാര്‍ജിയുടെ രാഷ്ട്രീയത്തോട് ശക്തമായ എതിര്‍പ്പുള്ളവര്‍ പോലും അദ്ദേഹത്തെ സ്നേഹപൂര്‍വം സ്വീകരിച്ചതാണ് ചരിത്രം.
ജനസംഘത്തിന്റെ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ ശക്തി ദുര്‍ഗങ്ങളില്‍ പോലും ദീപാങ്കിത പീത പതാകയുമായി കടന്നുചെന്നത് ഒരു അനുകൂല സാഹചര്യവും ഇല്ലാത്തപ്പോഴാണ്. അടിസ്ഥാനവര്ഗത്തിനൊപ്പമായിരുന്നു എന്നും അദ്ദേഹത്തിന്റെ സാന്നിധ്യം. വയനാട്ടിലെ വനവാസികളെ സംഘടിത ശക്തിയാക്കാനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. അതുപോലെ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും വലിയപങ്കാണ് അദ്ദേഹം വഹിച്ചത്.
ഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഏറെ ദുര്‍ഘട സാഹചര്യമായിരുന്നു അടിയന്തിരാവസ്ഥയ്ക്ക് മുമ്പുണ്ടായിരുന്നത്. പരിമിതമായ പ്രവര്‍ത്തകര്‍, യാത്രയ്ക്ക് കാശും വളരെ കുറവ്. എന്നിട്ടും എത്തേണ്ടിടത്തെല്ലാം എത്താനും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകാനും മാരാര്‍ജിയുടെ നേതൃത്വം മികവുകാട്ടി. സൈക്കിളിലും ബസിലും തീവണ്ടിയില്‍ സാധാരണക്കാരോടൊപ്പവും സഞ്ചരിച്ച് മികവുറ്റ പ്രവര്‍ത്തനം നടത്തിയ മാരാര്‍ജി തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരത്തും നല്ല നിലയില്‍ തിളങ്ങി. അധികമാരും അറിയാത്ത വിവരമാണ് കെടിസി ഡ്രൈവേഴ്സ് യൂണിയന് അഖിലേന്ത്യാ പ്രസിഡന്റ്, കൊരട്ടിയുടെ മദുരകോട്സ് മില്‍ ലേബര്‍ യൂണിയന് പ്രസിഡന്റ് എന്ന പദവികള്‍. മദുരകോട്സില്‍ അന്ന് യൂണിയന് സെക്രട്ടറി ലോനപ്പന് നമ്പാടനായിരുന്നു.
അടിയന്തിരാവസ്ഥയില്‍ മുഴുവന്‍ മിസാ തടവുകാരനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ജനസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ജയിലില്‍ പോകേണ്ടിവന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. മാരാര്‍ജിക്കും പ്രത്യേക പരിഗണന നല്കാന് തയ്യാറായെങ്കിലും തന്നോടൊപ്പമുള്ള പ്രവര്‍ത്തകര്‍ക്ക് ആ സൗകര്യമില്ലെന്ന് ബോധ്യമായപ്പോള്‍ തനിക്ക് ലഭിച്ച പ്രത്യേക പരിഗണന നിരസിച്ച് സഹപ്രവര്‍ത്തകരുടെ സെല്ലില്‍ കഴിയുകയാണ് മാരാര്‍ജി ചെയ്തത്.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം രൂപംകൊണ്ട ജനതാ പാര്‍ട്ടിയില്‍ സംസ്ഥാനതലത്തില്‍ പദവിയൊന്നും ലഭിച്ചില്ലെങ്കിലും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. ഇന്നത്തെ കണ്ണൂര്‍ എം.പി. കെ. സുധാകരനായിരുന്നു എതിരാളി. ജനസംഘക്കാരല്ലാതിരുന്നവരുടെയും പിന്തുണ മാരാര്‍ജിക്ക് ലഭിച്ചു എന്നതാണ് സത്യം. അതാണ് കെ.ജി. മാരാര്‍.
എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റുക. അതിലേറെ സ്നേഹം തിരിച്ചുനല്‍കുക. അതാണ് മാരാര്‍ജി സ്റ്റൈല്‍. സ്വന്തമായ സമ്പാദ്യം കുറേപുസ്തകങ്ങളും മനുഷ്യസ്നേഹവും. എറണാകുളത്ത് ആശുപത്രിയില്‍ മരണപ്പെടുമ്പോള്‍ എങ്ങോട്ട് കൊണ്ടുപോകണമെന്നായി ചിന്ത. ജന്മനാട് കണ്ണൂരാണെങ്കിലും സ്വന്തമായി വീടില്ല. ഒടുവില്‍ കണ്ണൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹം പയ്യാമ്പലത്ത് കടപ്പുറത്തുള്ള പൊതുശ്മശാനത്തില്‍ സംസ്കാരചടങ്ങ്. ഇതിന് സാക്ഷിയാകാനും വിലാപയാത്രയില്‍ പങ്കുചേരാനും കണ്ണൂര്‍ നഗരം അതിന് മുമ്പൊരിക്കലും കാണാത്ത ജനസഞ്ചയമെത്തി.
നാലുപതിറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തില്‍ നന്മയുടെയും മേന്മയുടെയും രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വരെ വഹിച്ച കെ.ജി. മാരാര്‍ക്ക് ആറടി മണ്ണുപോലും സ്വന്തമായി നേടാനായില്ലെങ്കിലും ലക്ഷക്കണക്കായ ജനമനസ്സുകളില്‍ സിംഹാസനം ലഭിച്ചത് എളിമയുടെയും ത്യാഗത്തിന്റെയും തെളിമകൊണ്ടായിരുന്നു. ആരെ കണ്ടാലും പരിചയപ്പെടാനും പരിചയം പുതുക്കാനും സ്നേഹവലയത്തില്‍ തളച്ചിടാനുമുള്ള മാരാര്‍ജിയുടെ കഴിവ് അസൂയാവഹമാണ്. കുടില്‍ മുതല്‍ കൊട്ടാരം വരെ അദ്ദേഹത്തിന് സ്വന്തക്കാരനെപോലെ കുടുംബാംഗത്തെ പോലെ പെരുമാറാന്‍ സ്വാതന്ത്ര്യം ലഭിച്ചതാണ് ഏറ്റവും വലിയ അംഗീകാരം. കണ്ണില്ലാത്തപ്പോഴാണ് കണ്ണിന്റെ വിലയറിയുക എന്നതുപോലെ മാരാര്‍ജി ഇല്ലാത്ത പിന്നിട്ട കാല്‍നൂറ്റാണ്ടാണ് അദ്ദേഹത്തെ സമൂഹം നന്നായി തിരിച്ചറിഞ്ഞത്.
സംഘമാണദ്ദേഹത്തിന് പെറ്റമ്മയും പോറ്റമ്മയും. അനുചിതമായി എന്ത് സംഭവിച്ചാലും സംഘടനയ്ക്ക് ഛേദമുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആരെങ്കിലും മറിച്ച് ചിന്തിക്കാന്‍ നോക്കിയാല്‍ അത് അനുവദിക്കുകയും ചെയ്യുമായിരുന്നില്ല. സ്നേഹത്തിന്റെ ഭാഷയില്‍ സമന്വയത്തിന്റെ പാതയില്‍ പരിഹരിക്കാന്‍ ഇദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.
ബിജെപി രാജ്യം ഭരിക്കുമെന്നും വാജ്പേയി പ്രധാനമന്ത്രിയാകുമെന്നും കേരളമാകെ വേദികളില്‍ നിന്നും വേദികളിലെത്തി വിളിച്ചുപറഞ്ഞ മാരാര്‍ജിക്ക് വാജ്പേയി പ്രധാനമന്ത്രിയായത് കാണാനായില്ല. നരേന്ദ്ര മോദി ഒരിക്കലല്ല രണ്ടാമതും പ്രധാനമന്ത്രിയായി ലോകനേതാവായി ഉയര്‍ന്നതും നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് ആശ്വസിക്കുന്നുണ്ടാവും. പ്രയത്നങ്ങളൊന്നും വൃഥാവിലായില്ലെന്ന്.
മാരാര്‍ജി എന്നും കൂടെയുണ്ടാകണമെന്നാഗ്രഹിച്ചാലും അത് അസാധ്യമെന്ന് എല്ലാവര്ക്കും അറിയാം. അദ്ദേഹത്തിന്റെ സാന്നിധ്യമില്ലെങ്കിലും ജിവിച്ചിരിക്കുമ്പോള്‍ കാട്ടിത്തന്ന പ്രവര്‍ത്തനരീതി നമുക്ക് മുന്നിലുണ്ട്. അത് പ്രാവര്‍ത്തികമാക്കാമെന്ന പ്രതിജ്ഞയാണ് നമുക്ക് ചെയ്യാനുള്ളത്.
കെ. സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: