ജീവന്റെ ആവിര്‍ഭാവം ഭാരതത്തിലാണ്. മാനവരാശി ആവിര്‍ഭവിച്ചതും ഭാരതത്തിലാണ്. സര്‍വഭാഷകളുടെയും മാതാവ് ആദിദ്രാവിഡമാണ്. ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ‘ആദിഭാഷ’ എന്ന ഗ്രന്ഥത്തിലൂടെ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ യുക്തികളുടെയും തെളിവുകളുടെയും അത്ഭുതകരമായ സ്വന്തം ധിഷണാശക്തിയുടേയും ബലത്തില്‍ ഇത് ഉറക്കെ പ്രഖ്യാപിച്ചു.
ആദ്യം ദ്രാവിഡരും പിന്നീട് ആര്യന്മാരും ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന കോളനിമേധാവികളുടെ കള്ളക്കഥകളെ അദ്ദേഹം കരുത്തോടെ പൊളിച്ചിട്ടു. നമ്മുടെ ഭാഗ്യക്കേടുകൊണ്ട് ആദിഭാഷയെന്ന അമൂല്യഗ്രന്ഥം അന്നൊന്നും പുറത്തുവന്നില്ല. എങ്കിലും ഗുരുകാരുണ്യത്താല്‍ പവിത്രമായ ആ ഗ്രന്ഥം നഷ്ടപ്പെടാതെ അടുത്ത കാലത്ത് പ്രസിദ്ധീകൃതമായി എന്നതില്‍ ആനന്ദിക്കാം.
മനുഷ്യന് ഉണ്ടായത് ഒരിടത്താണെന്നും അവിടെ നിന്നും ഭൂഗോളം മുഴുവന്‍ വ്യാപിക്കുകയാണുണ്ടായതെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ആദ്യം ജീവനുണ്ടായ സ്ഥലത്തുതന്നെയാണ് മനുഷ്യനുണ്ടായത്. അത് യൂറോപ്യന്മാര് അവകാശപ്പെടും പോലെ ആര്‍ട്ടിക് മേഖലയോ, മെഡിറ്ററേനിയന്‍ തീരമോ, വെസ്റ്റ് ഏഷ്യയോ ഒന്നുമല്ല. എന്തുകൊണ്ടെന്നാല്‍ അമിത ശൈത്യവും അമിതമായ ചൂടും കാരണം ജീവന്റെ ഉത്പത്തിക്ക് ആ പ്രദേശങ്ങളൊന്നും യോജിച്ചതായിരുന്നില്ല. ജീവന് ആദ്യമായുണ്ടായത് ശ്രീലങ്കയ്ക്ക് പടിഞ്ഞാറ്, പില്ക്കാലത്ത് കടല്കയറിപ്പോയ വലിയൊരു ഭൂഖണ്ഡത്തിലായിരുന്നു. അവിടെയാണ് അനുകൂല സാഹചര്യമുണ്ടായിരുന്നത്. മനുഷ്യന് ഉണ്ടായതും അവിടെത്തന്നെ. അവന് ആദ്യം സംസാരിച്ച ഭാഷയാണ് ആദിദ്രാവിഡം. അതിനോട് ഏറെ അടുത്തു നില്ക്കുന്ന ആധുനിക ഭാഷ ഇന്നത്തെ തമിഴാണ്. ജനസംഖ്യ വര്‍ധിച്ചപ്പോള്‍ മനുഷ്യന് ഭാരതത്തിലെ പല ഭാഗങ്ങളിലേക്കും പോയി. കാലാന്തരത്തില്‍ ഭാരതത്തിന് വെളിയിലേക്കും വ്യാപിച്ചു.
പോയിടത്തെല്ലാം സ്വന്തം ഭാഷയായ ആദിദ്രാവിഡവും കൊണ്ടുപോയി. ക്രമേണ അവര്‍ ചെന്ന നാടുകളിലെ ഭാഷകള്‍ പരിണമിച്ച് ഇന്നു പ്രചാരത്തിലിരിക്കുന്ന ഭാഷകള്‍ ഉണ്ടായി. മധ്യേഷ്യന്‍ ഭാഷകളും യൂറോപ്യന്‍ ഭാഷകളും കിഴക്കനേഷ്യന്‍ ഭാഷകളും അമേരിക്കന്‍, ആസ്ട്രേലിയന്‍ ഭാഷകളുമെല്ലാമുണ്ടായത് ഇങ്ങനെയാണ്. ഇങ്ങനെ ഭാരതത്തിലുണ്ടായ പ്രാചീന ഭാഷകള്‍ക്ക് പ്രാകൃതം എന്നു പേര്. പ്രാകൃതങ്ങളില്‍ നിന്നാണ് പില്ക്കാലത്ത് വൈദിക സംസ്കൃതവും അനന്തരം ലൗകിക സംസ്കൃതവുമുണ്ടായത്. ആധുനിക ഭാരതീയ ഭാഷകളും പ്രാകൃതങ്ങളില്‍ നിന്നുണ്ടായി.
പാണിനീയം, മഹാഭാഷ്യം, വാര്‍ത്തികം, വാക്യപദീയം, തൊല്കാപ്പിയം, നന്നൂല്‍ തുടങ്ങിയ സംസ്കൃതത്തിലെയും തമിഴിലെയും വ്യാകരണഗ്രന്ഥങ്ങളെ വിശദമായി അപഗ്രഥിച്ചു കൊണ്ടാണ് അദ്ദേഹം ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. അവിടെയാണ് ആദിഭാഷയെന്ന ഗ്രന്ഥം അത്ഭുതകരമായ ശാസ്ത്രഗ്രന്ഥമായി മാറുന്നത്. ആദിദ്രാവിഡത്തില്‍ നിന്ന്
പ്രാകൃതങ്ങളിലേക്കും വൈദിക സംസ്കൃതത്തിലേക്കും ലൗകികസംസ്കൃത്തിലേക്കുമുള്ള പരിണതിയുടെ കൃത്യമായ വ്യാകരണഭൂമിക ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവണ്ണം, ചട്ടമ്പിസ്വാമികള്‍ വരച്ചുവച്ചു. ആദിദ്രാവിഡത്തില്‍ നിന്ന് പേര്‍ഷ്യന്‍, യൂറോപ്യന്‍, സെമിറ്റിക് ഭാഷകളിലേക്കുള്ള പരിണാമഘട്ടങ്ങളും അദ്ദേഹം തെളിച്ചു കാട്ടിയിട്ടുണ്ട്. നിലവിലുള്ള ലോകചരിത്രവും ഭാഷാചരിത്രവും മാറ്റിയെഴുതിക്കാന്‍ പോന്ന ചട്ടമ്പിസ്വാമികളുടെ ആദിഭാഷയെന്ന ഗ്രന്ഥം സൂക്ഷ്മമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: