നല്ല തണുപ്പുള്ള ഒരു പ്രഭാതത്തിലാണ് ആ പേരക്കക്കാരന് ആദ്യമായി ഞങ്ങളുടെ ഫഌറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.. എല്ലാ ഇലകളും പൊഴിച്ച് കത്തുന്ന സ്നേഹം പോലെ ചുവന്ന പൂക്കള്‍ പുതച്ചു നില്ക്കുന്ന വാകമരത്തിനു താഴെയായിരുന്നു അയാള്‍ നിന്നത്. പഴയതും ചായം ഇളകിത്തുടങ്ങിയതുമായ ഒരു നാല്ചക്ര ഉന്തുവണ്ടിയായിരുന്നു അയാളുടേത്. ബാംഗ്ലൂര്‍ നഗരത്തില്‍ പഴങ്ങളും ചെടികളും പച്ചക്കറികളും വില്‍ക്കുന്ന ഇത്തരം വണ്ടികള്‍ സാധാരണമായതുകൊണ്ട് അതിലൊരു പുതുമയുമുണ്ടായിരുന്നില്ല. പക്ഷെ പുതുമയുള്ള ഒന്ന് അയാളുടെ പക്കല്‍ ഉണ്ടായിരുന്നു. വണ്ടിയില്‍ കൂട്ടിയിട്ടിരിക്കുന്ന പേരക്കയുടെ അരികില്‍ പൂച്ചക്കണ്ണുള്ള ഒരു കൊച്ചുപെണ്‍കുഞ്ഞ്.
അവിടവിടെ കീറിയ ഒരു പുതപ്പിട്ടു മൂടി അവള് ആ പേരക്കയുടെ ഒപ്പം കിടന്നു വഴിപോക്കരെ എല്ലാം നോക്കി ചിരിച്ചു കൊണ്ടിരുന്നു. ആരുടെ മനസ്സും ആര്ദ്രമാക്കാന് പോന്ന ചിരിയായിരുന്നു അവളുടേത്. പേരക്ക വാങ്ങാന്‍ ചെല്ലുന്നവരെല്ലാം അവളെ ഒന്ന് കൊഞ്ചിക്കാതെ പോയില്ല. സ്കൂള്‍ ബസ് കാത്തു നില്ക്കുന്ന എന്റെ മകള്‍ ഉള്‍പ്പെടെ ഉള്ളവരെ നോക്കി അവള് ചിരിച്ചു കൊണ്ടേയിരുന്നു.
പോകെപ്പോകെ ആ അച്ഛനും മകളും ഞങ്ങളുടെ ദിവസങ്ങളുടെ ഭാഗമായി. അവളെ അടുത്ത് കാണാന്‍ വേണ്ടി മാത്രം കുട്ടികള്‍ പേരക്ക വാങ്ങാന്‍ വഴക്കിട്ടു തുടങ്ങി. അച്ഛനോടൊപ്പം ചില്ലു ഗ്ലാസില്‍ അവള് ചൂട് ചായ ഊതി കുടിക്കുന്നത് പ്രഭാതത്തിലെ മനോഹരമായ ഒരു കാഴ്ചയായി മാറി. വൈകിട്ട് സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ കുട്ടികളുടെ എല്ലാം കണ്ണുകള്‍ അവളെ തേടി പാഞ്ഞു നടന്നു. പക്ഷെ ഇതൊക്കെയാണെങ്കിലും അവരോടു കൂടുതല്‍ അടുക്കാന്‍ ഞാനും മറ്റുള്ളവരും കുട്ടികളെ അനുവദിച്ചിരുന്നില്ല. തങ്ങളുടെ മക്കള്‍ ഒരു സാധാരണ വഴിവാണിഭക്കാരന്റെ മകളോട് ചങ്ങാത്തം കൂടുന്നത് സമ്മതിച്ചു കൊടുക്കാന്‍ തക്ക വലിയ മനസ്സ് ആര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു.
‘എന്താമ്മേ ആ മോള്‍ടെ പേര്?’ മകളുടെ ചോദ്യമായിരുന്നെങ്കിലും കുറെ ദിവസമായി എന്റെയും മനസ്സില്‍ അത് ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നതായിരുന്നു.
‘എനിക്കറീല്ല, നീ സ്കൂള്‍ ബസ് വരുന്നോ എന്ന് നോക്ക്’ എന്ന് പറഞ്ഞു ഞാന്‍ വിഷയം മാറ്റാന്‍ നോക്കി.
‘അമ്മ വന്നേ നമുക്ക് പോയി ചോദിക്കാം’, എന്നായി അവള്.
‘ചുമ്മാതിരിക്കു മോളെ. അവരെന്തേലും ആവട്ടെ. ഇന്നത്തെ ക്ലാസ്സ്ടെസ്റ്റിനു ഒരു മാര്‍ക്ക് എങ്കിലും കളഞ്ഞിട്ടു ഇങ്ങോട്ടു വാ കേട്ടോ’ എന്ന് അവളെ പേടിപ്പിക്കാന്‍ നോകുമ്പോഴേക്കും ഭാഗ്യത്തിന് സ്കൂള്‍ ബസ് എത്തി. ബസ് പോയി കഴിഞ്ഞും ഞാന്‍ അവിടെ തന്നെ നിന്നു. വാകമരത്തിന്റെ താഴ്ന്ന ചില്ലയില്‍ കെട്ടിയ ഒരു തുണിത്തൊട്ടിയില്‍ അയാള്‍ അവളെ ഉറക്കുന്നു. തൊട്ടിലാട്ടത്തിനനുസരിച്ചു ഒന്നും രണ്ടുമായി പൂവിതളുകള്‍ അവര്‍ക്കു മേലേക്ക് വീഴുന്നുണ്ട്.
എവിടെ പോയാലും തന്നെ എടുത്തു കൊണ്ട് നടന്നിരുന്ന അച്ഛനായിരുന്നു അപ്പോള്‍ എന്റെ മനസ്സില്‍. തനിക്കു പുതിയ വെള്ളിക്കൊലുസ് വാങ്ങി വരാമെന്നു പറഞ്ഞു പോയ അച്ഛനെ പിന്നെ കണ്ടിട്ടില്ല. എന്തിനു പോയെന്നോ എവിടെ പോയെന്നോ ആര്‍ക്കും അറിയില്ല. സങ്കട സമയങ്ങളില്‍ ‘അച്ഛാ’ എന്ന് വിളിച്ചു കരയുന്ന ഒരു മനസാണ് ഇപ്പോഴും ഉള്ളിലുള്ളത്. ആ ആള്‍ക്ക് എങ്ങനെ ഈ കുഞ്ഞിനേയും അവളുടെ അച്ഛനെയും കണ്ടില്ലെന്നു വെക്കാനാകും.
കന്നഡക്കാറ്റിന് കാമുകമനസ്സാണ്. ചൂളം വിളിച്ചെത്തി ഒരു പെണ്ണിന്റെ ശരീരത്തിലൂടെയും മുടിയിഴകളിലൂടെയുമെല്ലാം അരിച്ചിറങ്ങി അവളുടെ ഉടുപുടവയെല്ലാം അഴിച്ച് ഓടാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കള്ളക്കാമുകന്റെ മനസ്സ്. ഒരു ദിവസം അവനുമായുള്ള മല്‍പിടുത്തതിനിടെയാണ് അത് കണ്ടത്. പതിനഞ്ചാം നിലയിലെ ഫഌറ്റില്‍ ഒറ്റയ്ക്ക് കഴിയുന്ന ആ പെണ്‍കുട്ടി അയാളോടും കുഞ്ഞിനോടും സംസാരിക്കുന്നു. അവളുടെ വിരലുകള്‍ക്കിടയില്‍ സദാ എരിയുന്ന സിഗരറ്റു കാണാറുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന്. ആരെയോ വെല്ലുവിളിക്കുംപോലെ കുട്ടിനിക്കറുകളും സ്ലീവ്ലെസ്സ് ബനിയനുകളും ഇട്ട്, ചുരുചുരാ ചുരുണ്ട മുടിയിഴകള്‍ കെട്ടാതെ പാറിപ്പറപ്പിച്ച് നടന്നിരുന്ന അവള്‍ക്കു ആ ഫഌറ്റില്‍ തന്നെ ധാരാളം ആണ്‍സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളും സ്ത്രീകളും അവളെ തീര്‍ത്തും ഒറ്റപ്പെടുത്തിയിട്ടാവും അവള് ആണ്‍കുട്ടികളോട് കൂടാന്‍ പോയത്. ചിലപ്പോള്‍ പാര്‍ക്കിങ്ങില്‍ അല്ലെങ്കില്‍ കാറിനുള്ളില്‍ അതുമല്ലെങ്കില്‍ ഫഌറ്റിനു മുന്നിലെവിടെയെങ്കിലും അവളുണ്ടാകും. എന്തോ ചിന്തകളില്‍ സ്വയം മറന്നാണ് മിക്കവാറും കാണുക. മുന്നിലൂടെ പോകുന്ന ഒന്നിനെയും അവള് കാണാറില്ല, എന്നാല്‍ മറ്റെല്ലാവരും അവളെ കാണാറുണ്ട്. ആ ഫഌറ്റിലെ പല സ്ത്രീകളുടെയും ഉള്ളില്‍ അസൂയയുടെ കടല്‍ തീര്‍ത്തു കൊണ്ട് ജീവിച്ച അവള് പക്ഷെ സദാചാര കമ്മിറ്റിക്കാരുടെ നോട്ടപ്പുള്ളി ആയിരുന്നു. ഒരിക്കല്‍ തന്നെ നോക്കി ചിരിച്ച അവള്‍ക്കൊരു മറുചിരി കൊടുത്തപ്പോള്‍ അരുണ്‍ തന്നോട് പറഞ്ഞത് ഇപ്പോഴും മനസ്സില്‍ ലയിച്ചുചേരാതെ കിടക്കുന്നു.
‘എന്താണ് ചിരിയും കളിയും?? അവളുമായി ചങ്ങാത്തത്തിനുള്ള പുറപ്പാടാണോ? സ്വയം ഉണ്ടാക്കി വെക്കുന്ന തലവേദനകള്‍ സ്വയം പരിഹരിച്ചോണം.’
‘അവളോട് എന്താ ഇത്ര ദേഷ്യം എല്ലാര്ക്കും?’ എന്ന തന്റെ ചോദ്യത്തിന് ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി.
‘അവള് ആള് ശരിയല്ല കൃഷ്ണേ.’
‘അവള് ശരിയല്ലാത്ത എന്തെങ്കിലും ചെയ്യുന്നത് ഏട്ടന് കണ്ടോ? കാണാത്തതു എന്തിനാ ഏട്ടാ പറയുന്നത്. ‘
‘ഇതൊന്നും കാണേണ്ട കാര്യമില്ല. അവളുടെ മട്ടും ഭാവവും വേഷവും കണ്ടാല്‍ തന്നെ അറിയാം അവള് ആള് ശരിയല്ലെന്ന്. കൊള്ളാവുന്ന ഒറ്റ പെണ്ണുങ്ങള് അവളോട് സംസാരിക്കുന്നതു നീ കണ്ടിട്ടുണ്ടോ?’ഏട്ടന് വിജയ ഭാവത്തില്‍ തന്നെ നോക്കിയപ്പോള്‍ ചിരിയാണ് വന്നത്.
‘അപ്പൊ ഈ വേഷമിട്ടാല്‍ ഞാനും ശരിയല്ലാതാവുമോ ഏട്ടാ. അതിനാണോ രാത്രിയില്‍ നമ്മുടെ മുറിയില്‍ ആരുമറിയാതെ ഇത്തരം വേഷങ്ങളൊക്കെ എന്നെ ഇടീക്കാറ്?’ ഉത്തരം മുട്ടിയപ്പോള്‍ ചാടിത്തുള്ളി നടന്നുപോയ അയാളോട് സഹതപിക്കാനേ കഴിഞ്ഞുള്ളു.
ഒളിപ്പിച്ചു വെച്ച ഒരു സമ്മാനപ്പൊതി അവള് ആ പെണ്‍കുഞ്ഞിന് കൊടുത്തു. ചിരിക്കുന്ന കണ്ണുകളോടെ ആ കുഞ്ഞതു വാങ്ങി. അച്ഛന് എന്തൊക്കെയോ അവളോട് പറയുന്നു. ആ പൊതിയിലെന്താണെന്നു അറിയാനുള്ള അടക്കാനാവാത്ത ആഗ്രഹം കൊണ്ട് പേരക്ക വാങ്ങാനെന്ന മട്ടില്‍ ഞാനും അങ്ങോട്ട് നീങ്ങി. ഒരു പുത്തന്‍ ഉടുപ്പും ഒരു പാവയുമാണ് അതിലുണ്ടായിരുന്നത്. ഞാന്‍ അത്ഭുതത്തോടെ അവളെ നോക്കി. അവളെന്നെ നോക്കി ചിരിച്ചു.
‘ഞാന്‍ സോന’ എന്ന് പറഞ്ഞു അവള് പരിചയപ്പെട്ടു. ആരെയും ഒന്നിനെയും പേടിക്കാതെ ഏറ്റവും സന്തോഷത്തോടെ ഒരു സ്ത്രീ അത്രയും മനോഹരമായി ചിരിക്കുന്നത് ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. ആ കുഞ്ഞിന്റെ കവിളത്തു സ്നേഹത്തോടെ തട്ടി നടന്നുപോയ അവളെ നോക്കി നില്ക്കുന്ന ആ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോഴേക്കും ഉടുപ്പ് ഉപേക്ഷിച്ചു പുതിയ പാവയുമായി അവള് ചങ്ങാത്തം കൂടിയിരുന്നു.
അപ്പോഴെല്ലാം മഴക്കാര് ഉരുണ്ടു കൂടുന്ന മാനത്തേക്ക് അയാള്‍ ആധിയോടെ നോക്കിക്കൊണ്ടിരുന്നു. പാവയുമായി അവള് കളിക്കുകയാണ്. ഇടയ്ക്കിടെ അച്ഛനോട് എന്തൊക്കെയോ കൊഞ്ചി പറയുന്നുമുണ്ട്. ആ അച്ഛന്റെ ജീവന്റെ പാതിയും അവളാണെന്നു കാണുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. മഴ പൊടിയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മെല്ലെ പോകാനൊരുങ്ങി. ഒരു ദിവസത്തെ കച്ചവടം നഷ്ടമാകുന്നതിന്റെ എല്ലാ നിരാശയും അയാളിലുണ്ടായിരുന്നു. അവള്‍ക്കു അയാള്‍ ഒരു കുട എടുത്തു നിവര്‍ത്തി കൊടുത്തു. വളരെ പഴക്കമുള്ള പിഞ്ചിക്കീറിത്തുടങ്ങിയ ഒരു നരച്ച കുട. അതിന്റെ ചെറിയ ഓട്ടകളിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക് വീഴാതിരിക്കാന്‍ ചെറിയ ചാക്കിന്റെ കഷണങ്ങളും തുണിക്കഷണങ്ങളും കൊണ്ട് അയാള്‍ മറച്ചിട്ടു. അയാളുടെ അദൃശ്യമായ സ്നേഹക്കൈകള്‍ അവളെ എപ്പോഴും ചേര്‍ത്ത് പിടിച്ചു കൊണ്ടിരുന്നു.
പിന്നീടുള്ള രണ്ടു ദിവസം അവരെ കണ്ടില്ല. കുട്ടികളും അവരുടെ അമ്മമാരുമൊക്കെ അന്വേഷിക്കുന്നത് കേട്ടു. അവര്‍ ഒരു പക്ഷെ ഈ നാട്ടില്‍ നിന്ന് തന്നെ പോയി കാണും എന്നും പറഞ്ഞു കേട്ടു. അരുണ്‍ ബിസിനസ് യാത്രയിലാണ്.. വൈകിട്ട് മോള് വരുന്നത് വരെ വീട്ടില്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ല. അവരെ അന്വേഷിച്ചിറങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മെല്ലെ റോഡിലേക്കിറങ്ങിയപ്പോള്‍ പുറകില്‍ നിന്നൊരു വിളി കേട്ടു, ‘കൃഷ്ണേ..’ ഞെട്ടി തിരിഞ്ഞപ്പോള്‍ സോനയാണ്.
‘എങ്ങോട്ടാണ്?’
താന്‍ മറുപടി പറയാതെ നിന്നപ്പോള്‍ അവള് അടുത്തേക്ക് വന്നു.
‘എന്താ എന്ത് പറ്റി?, എന്തേലും പ്രശ്നമുണ്ടോ? എന്റെ സഹായം വേണോ?’
തുരു തുരെ വന്ന ചോദ്യങ്ങള്‍ കേട്ടു ഞാന്‍ അമ്പരന്നു.
‘ഞാന്‍ ആ പേരക്കക്കാരനെയും കുഞ്ഞിനേയും അന്വേഷിച്ചു പോകാന്‍..’
സോനാ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
‘വാ, ഞാനും വരാം. നമ്മള്‍ക്ക് ഒന്നിച്ചു കണ്ടുപിടിക്കാം’
എന്നും പറഞ്ഞു എന്റെ കൈയും പിടിച്ചു നടന്നുതുടങ്ങി. ഫഌറ്റിന്റെ ചുറ്റുവട്ടത്തുനിന്ന് പല സദാചാര കണ്ണുകളും തന്നെ കൊത്തിവലിക്കുന്നത് കൃഷ്ണ അറിഞ്ഞു.
ആ വഴിയിലൂടെ അവളോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു ഈ വഴികളുടെ പണ്ടത്തെ ഭംഗിയെ കുറിച്ച്. ഇരുവശവും വള്ളി വീശി പടര്‍ന്നു കിടന്ന മുന്തിരിത്തോട്ടങ്ങള്‍, പച്ചപുതച്ച വഴിയോരങ്ങള്‍, മുന്തിരിപ്പൂക്കളുടെ മണമുള്ള കാറ്റ്… എല്ലാം നഷ്ടമായി മുന്തിരിത്തോട്ടങ്ങള്‍ വെട്ടി മാറ്റി ആ സ്ഥലങ്ങളില്‍ ഇരുപതും മുപ്പതും നിലയുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങി. നായകളുടെ വിഹാര നിലമായി മാറിയ തെരുവോരങ്ങളില്‍ പ്ലാസ്റ്റിക്കും മാലിന്യവും നിറഞ്ഞു.
സോനാ ആരോടൊക്കെയോ അവരെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു; ‘കൃഷ്ണ, അവരിവിടെ അടുത്താണ് താമസം. ഇനി കഷ്ടിച്ച് 10 മിനിറ്റ് നടന്നാല്‍ മതി.’
അഴുക്കു വെള്ളവും മാലിന്യവും ഒഴുകുന്ന ഒരു ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. പലയിടത്തും കാലുകള്‍ വെക്കാന്‍ അറച്ചു ഞാന്‍ നിന്നു. കൂസലില്ലാതെ നടക്കുന്ന സോനയെ അത്ഭുതത്തോടെ കാണുകയായിരുന്നു ഞാന്‍. എത്ര ചെറിയ കാര്യങ്ങളിലൂടെയാണ് മനുഷ്യര്‍ പരസ്പരം വിലയിരുത്തുന്നത് എന്നോര്‍ത്ത് സങ്കടം തോന്നി എനിക്ക്. അവളുടെ ജീവിതം അവളുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നു ആരും ചിന്തിക്കുന്നില്ല. ഒരു സഹജീവിയോട് കാണിക്കുന്ന സഹാനുഭൂതിയിലൂടെ അവള് തനിക്കറിയുന്ന ആരെക്കാളും നല്ലവളായി മാറുകയാണ്.
അവള് ഒരു കൊച്ചുകുടിലിനു നേരെ കൈ ചൂണ്ടി.
‘അവര്‍ അവിടെയാണ് കൃഷ്ണാ. .’
കുടിലില്‍ നിന്ന് കുഞ്ഞിന്റെ കരച്ചിലും അച്ഛന്റെ സംസാരവും കേള്‍ക്കാം. ഒട്ടും മടിക്കാതെ സോനാ കുടിലിലേക്ക് കയറി; ഒപ്പം ഞാനും.
ഞങ്ങളെ കണ്ടു കുഞ്ഞു കരച്ചില് നിര്‍ത്തുകയും അച്ഛന് ആശ്ചര്യപ്പെടുകയും ചെയ്തു, എത്ര അടുക്കും ചിട്ടയിലുമാണ് ആ കുടില്‍ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ കണ്ടു. ഒരു പെണ്ണിന്റെ കൈസാമര്ഥ്യമാണ് അവിടെ കണ്ടത്. അവളുടെ അമ്മയെയും കാണണം എന്നുള്ളത് ഈ യാത്ര തുടങ്ങുമ്പോള്‍ എന്റെ ആഗ്രഹമായിരുന്നു. എന്റെ കണ്ണുകള്‍ തെരഞ്ഞത് ആ അമ്മയെ ആയിരുന്നു. പക്ഷെ ആരെയും അവിടെ കണ്ടില്ല.
ഇതിനോടകം സോന അവരോടു സംസാരം തുടങ്ങിയിരുന്നു. കുഞ്ഞിന് പനി ആയതു കൊണ്ടാണ് അവരെ കാണാത്തതു എന്ന് പറഞ്ഞു, അയാള്‍ ഞങ്ങള്‍ക്ക് ഇരിക്കാനായി ഒരു തടിയുടെ ബെഞ്ച് നീക്കിയിട്ടു
‘ഈ സുന്ദരിയുടെ പേരെന്താ?’ അതായിരുന്നു എന്റെ ആദ്യത്തെ ചോദ്യം.
‘രാക്ക’ എന്ന് പറഞ്ഞു അയാള്‍ പുഞ്ചിരിച്ചു,
അവള് നടന്നു ചെന്ന് അയാളുടെ ദേഹത്തില്‍ അള്ളിപ്പിടിച്ചുകയറാന് നോക്കി. അയാള്‍ കുനിഞ്ഞു അവളെ എടുത്തു നെഞ്ചോട് ചേര്‍ത്തു. അയാളുടെ ചെവിയിലെ വളയ കമ്മലില്‍ അവള് വിരലുകള്‍ കോര്‍ത്ത് വലിച്ചു രസിച്ചു.
‘രാക്ക എന്നാല്‍ ആസ്സാം ഭാഷയില്‍ പൂര്ണ്ണചന്ദ്രന് എന്നാണര്‍ത്ഥം. ഇവളാണെന്റെ ജീവിതത്തിന്റെ വെളിച്ചം, എന്റെ പൗര്‍ണമി.’ അയാള്‍ അവളുടെ ചെമ്പിച്ച മുടി മാടിയൊതുക്കിക്കൊണ്ടു സ്നേഹത്തോടെ പറഞ്ഞു.
‘ആസ്സാം ഭാഷയിലോ??’ എന്റെ ചോദ്യം അല്പം ഉറക്കെയായിരുന്നു
‘മ്മ്.. ഇവളുടെ അമ്മ അവിടത്തുകാരിയാണ്.’ അയാള്‍ മെല്ലെ പറഞ്ഞു,
‘എന്നിട്ടു ആളെവിടെ.’ എനിക്ക് ചോദിക്കാതിരിക്കാനായില്ല.
‘അവള്…’ അയാള്‍ മുഴുവന്‍ പറയാതെ നിര്‍ത്തി.
‘ഇവിടെ ഇല്ലേ ?’ ക്ഷമ നശിച്ച ഞാന്‍ പിന്നെയും ചാടിക്കയറി ചോദിച്ചു.
‘ഇല്ല, ഇവളെ എന്നെ ഏല്പിച്ചു അവള് പോയി.’ വേദന നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. അതിനു ശേഷം കുഞ്ഞിനെ ഒന്ന് ആഞ്ഞുപുണര്‍ന്നു. അയാളുടെ ശബ്ദത്തിലെ വ്യത്യാസം കേട്ടാവണം അവള് അയാളുടെ കഴുത്തില്‍ ചുറ്റിപിടിച്ചു തോളത്തേക്കു തല ചായ്ച്ചു കിടന്നു.
‘അപ്പൊ ഇവിടെ?’, സോന ചോദിച്ചു
‘ഞാനും ഇവളും മാത്രം…’
‘നിങ്ങളെ കാണാതായത് കൊണ്ട് അന്വേഷിച്ചിറങ്ങിയതാണ് ഇവള്. ഇവള്‍ക്ക് കൂട്ട് വന്നതാണ് ഞാന്‍’ എന്ന് സന്ദര്‍ഭത്തിന് അല്പം അയവു വരുത്താനായി സോന പറഞ്ഞു
ഇവളുടെ അമ്മയെ കൂടി കാണാനാണ് ഞാന്‍ വന്നത് എന്ന് പറഞ്ഞപ്പോള്‍ അയാളുടെ നോട്ടം ആ കുടിലിന്റെ ഭിത്തിയില്‍ ഒട്ടിച്ച ഒരു ഫോട്ടോയിലേക്കു നീണ്ടു. സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രമായിരുന്നു അത്.
‘എങ്ങനെയാണ് ഇവര്‍ ..?’ചോദ്യം മുഴുമിപ്പിക്കാനാവാതെ ഞാന്‍ നിര്‍ത്തി.
കുഞ്ഞിനെ താഴെ നിര്‍ത്തി അയാളും നിലത്തിരുന്നു.
ചോദ്യത്തിന് മറുപടിയായി അയാളൊരു കഥ പറഞ്ഞു തുടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിക്കായി പല സ്ഥലങ്ങളും കറങ്ങി കറങ്ങി ഒടുവില്‍ ഞാന്‍ അസ്സമിലാണ് എത്തിയത്. അതൊരു വല്ലാത്ത സമയമായിരുന്നു. മഴ എന്ന് പറഞ്ഞാല്‍ പേമാരി. രാപ്പകലില്ലാതെ പെയ്യുന്ന മഴയില്‍ അരുവികള്‍ പുഴകളായും പുഴകള്‍ സമുദ്രങ്ങളായും മാറി. പ്രളയത്തില്‍ നാടും നഗരവും മുങ്ങിത്താണു. എന്തിനാണ് ആ സ്ഥലത്തേക്ക് തിരിച്ചതെന്നോര്ത്തു ഞാന്‍ എന്നെ തന്നെ ശപിച്ചു. അറിയാത്ത ആ നാട്ടില്‍ ഒടുങ്ങാനായിരിക്കുമോ വിധിയെന്നോര്‍ത്തു സങ്കടപ്പെട്ടു.
മുട്ടറ്റവും അരയൊപ്പവും പിന്നെ കഴുത്തറ്റവും വെള്ളമെത്തി. എങ്ങനെയൊക്കെയോ അടുത്ത് കണ്ട ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറിപ്പറ്റി. പരസ്പരം അറിയില്ലായിരുനെങ്കിലും ഞങ്ങള്‍ കുറച്ചുപേര്‍ അവിടെ ഒന്നിച്ചുണ്ടായിരുന്നു. തൊട്ടുമുന്നിലൂടെ ചുവന്നു കലങ്ങിയൊഴുകുന്ന ബ്രഹ്മപുത്ര. പക്ഷെ കുടിവെള്ളം പോലുമില്ലാതെ ഞങ്ങള്‍ നട്ടം തിരിഞ്ഞു. രാവും പകലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ പോലുമായില്ല. ഉറങ്ങുമ്പോള്‍ വെള്ളം കയറിവന്നാലോ എന്ന് പേടിച്ചു ഞങ്ങള്‍ ഉറങ്ങാതിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പ്രളയജലം ഞങ്ങളെ ഓരോ നിമിഷവും ഭയപ്പെടുത്തി. തലങ്ങും വിലങ്ങും വീശിയടിക്കുന്ന കാറ്റും തോരാത്ത മഴയും.
ഒടുവില്‍ മരിക്കുമെന്നുറപ്പിച്ച ഞങ്ങളെ തേടി നാലാം ദിവസം ഒരു തോണി എത്തി. അവര്‍ തന്ന വെള്ളം അമൃത് പോലെ ഞങ്ങള്‍ കുടിച്ചു. ഏതോ ദിക്കിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അവര്‍ ഞങ്ങളെ എത്തിച്ചു. ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലായിരുന്നു ഞാന്‍. വെള്ളവും ആഹാരവുമൊക്കെ സമയത്തു കിട്ടിയപ്പോള്‍ ഒരു ദിവസം കൊണ്ട് ഞാന്‍ ആരോഗ്യം വീണ്ടെടുത്തു. ആ ക്യാമ്പ് എനിക്ക് പുതിയ പല അനുഭവങ്ങളും തന്നു. മനുഷ്യന് എത്ര നിസ്സാരനും നിസ്സഹായനും ആണെന്ന് ഞാന്‍ പഠിച്ചു. പല കാഴ്ചകളും ജീവിതത്തെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരിടത്തു കുടുങ്ങിക്കിടക്കുന്നു എന്ന വാര്‍ത്ത കേട്ട് രക്ഷാപ്രവര്‍ത്തനത്തിന് അവരോടൊപ്പം പോകാന്‍ ഞാനും തയ്യാറായി. ജീവന് പണയം വെച്ചുള്ള പോക്കാണെന്നു തിരിച്ചറിഞ്ഞു തന്നെയാണ് ഞാനിറങ്ങിയത്. ആറ് തോണികളിലായി ഞങ്ങള്‍ യാത്ര തിരിച്ചു.
മനുഷ്യരുടെ ജഡങ്ങള്‍ ഒഴുകിനടക്കുന്നത് ഞാന്‍ കണ്ടു. മണിക്കൂറുകള്‍ക്കു മുന്‍പ് വരെയും മറ്റുള്ളവരെ ദ്രോഹിച്ചും ഒറ്റിക്കൊടുത്തും നേടിയത് ഒന്നും അവരെ ആരെയും ജീവിക്കാന്‍ സഹായിച്ചില്ല. ഇവര്‍ എവിടെ മറഞ്ഞു എന്ന് പോലും ആരും ചിലപ്പോളറിയില്ല. ഈ ഭൂചരിത്രത്തില് അവരുടെ അവസാനം ആരാലും രേഖപ്പെടുത്തപ്പെടില്ല. മനുഷ്യര്‍ മാത്രമല്ല കന്നുകാലികളും വളര്‍ത്തുമൃഗങ്ങളുമെല്ലാം ചത്ത് പൊങ്ങി ഒഴുകി നീങ്ങുന്നു.
പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങള്‍ അമ്പരന്നു. ഒന്ന് രണ്ടു ഉയര്‍ന്ന ഇടങ്ങളിലായി ആളുകള്‍ കൂട്ടമായി നില്ക്കുന്നു. വള്ളങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അലറി വിളിച്ചു കരയുന്നുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാമുണ്ട്. മഴയൊന്നും വകവെക്കാതെ പല തോണികളിലായി അവിടെ ഉണ്ടായിരുന്നവരെ എല്ലാം കയറ്റി വിട്ടപ്പോഴേക്കും നേരം മങ്ങി തുടങ്ങി. ഞങ്ങളുടെ തോണി മാത്രം ബാക്കിയായി. ഒന്നുകൂടി തെരച്ചില്‍ നടത്തി ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം തിരികെ മടങ്ങാനൊരുങ്ങവേ എവിടെയോ ഒരു കരച്ചില് കേട്ട പോലെ എനിക്ക് തോന്നി. ഏറെ നേരം തെരഞ്ഞിട്ടും ആരെയും കണ്ടില്ല. സന്ധ്യ കനക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെ ഉള്ളവര്‍ തിരികെ പോകാമെന്നു തിരക്ക് കൂട്ടി. ഇരുട്ടിയാല്‍ വഴി തെറ്റാനും അപകടമുണ്ടാകാനും സാധ്യതയുണ്ട് എന്നവര്‍ പറഞ്ഞു.
പോകാനായി തിരിഞ്ഞ ഞങ്ങള്‍ എല്ലാവരും വീണ്ടും ഒരു സ്ത്രീയുടെ നിലവിളി കേട്ടു. ശബ്ദം കേട്ട ദിക്കിലേക്ക് ഞങ്ങള്‍ ആഞ്ഞു തുഴഞ്ഞു, ജീര്‍ണിച്ചു വെള്ളത്തിലേക്ക് വീഴാറായ ഒരു പഴയ കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നായിരുന്നു ശബ്ദം വന്നത്. അവിടെ എത്തിയ ഞങ്ങള്‍ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. പ്രസവവേദന കൊണ്ട് അലറിക്കരയുന്ന ഒരു സ്ത്രീയും അവരുടെ അരികില്‍ കിടന്നുറങ്ങുന്ന ഒരു ആണ്‍കുട്ടിയും. ഏറെ ബദ്ധപ്പെട്ട് ആ സ്ത്രീയെ ഞങ്ങള്‍ തോണിയില്‍ എത്തിച്ചു. തോണിയില്‍ കയറ്റാനായി ആണ്‍കുട്ടിയെ എടുത്ത ഞാന്‍ ഞെട്ടലോടെ കൈ പിന്‍വലിച്ചു. മണിക്കൂറുകള്‍ മുന്‍പേ ജീവന് പറന്നുപോയ ആ കുഞ്ഞു ശരീരം തണുത്തുറഞ്ഞിരുന്നു. കാര്യം മനസിലായ കൂട്ടുകാര്‍ അവനെ അവിടെ തന്നെ ഉപേക്ഷിച്ചു തോണിയില്‍ കയറാന്‍ പറഞ്ഞു. നടക്കുമ്പോള്‍ കണ്ടു മകന് നേരെ കൈനീട്ടി വാവിട്ടു കരയുന്ന ആ അമ്മയെ. ചുരുണ്ടുകിടക്കുന്ന ആ കുഞ്ഞു ശരീരത്തെ ഒന്ന് കൂടി തിരിഞ്ഞു നോക്കി ഞാന്‍ വള്ളത്തിലേക്ക് കയറി.
പോകും വഴിയെല്ലാം എന്റെ ഷര്‍ട്ടിലും കൈയിലും പിടിച്ചുലച്ചു അവര്‍ കരഞ്ഞു കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കരച്ചില് ഉച്ചത്തിലായി. പ്രസവമടുത്തു എന്നും എന്ത് ചെയ്യും എന്നും കൂടെ ഉള്ളവര്‍ ചോദിച്ചു. ആലോചിച്ചു നില്ക്കാന് സമയമില്ലാതെ ഞാന്‍ അവരെ തോണിയിലേക്ക് കിടത്തി. സ്ത്രീകളോട് ഇടപെട്ടു പരിചയമില്ലാത്ത ഞാന്‍ അവരുടെ പ്രസവത്തിനു മുന്‍കൈ എടുത്തു. ഒടുവില്‍ തന്റെ കൈയിലേക്ക് അവള് പ്രസവിച്ചു, ഒരു പെണ്‍കുഞ്ഞിനെ; ഇവളെ, എന്റെ രാക്കയെ. ഒരു അച്ഛന്റെ എല്ലാ സ്നേഹതോടും കൂടി അയാള്‍ ആ കുഞ്ഞിനെ തഴുകി.
കേട്ടത് കഥയോ സത്യമോ എന്ന് വിശ്വസിക്കാനാവാതെ ഞാനും സോനയും ഉറഞ്ഞിരുന്നു.
‘എന്നിട്ട്?’, സോനയാണ് ചോദിച്ചത്.
ക്യാമ്പിലെത്തിയപ്പോള്‍ അവള്‍ക്കു അത്യാവശ്യ ശുശ്രൂഷകള്‍ കിട്ടി. പെട്ടെന്ന് തന്നെ അവള് തന്റെ മകള്‍ക്കു വേണ്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇവള് ജനിച്ചത് എന്റെ കൈയിലായിരുന്നില്ല, എന്റെ മനസ്സിലായിരുന്നു. ഏറെ കഴിഞ്ഞാണ് ഇവളുടെ അമ്മയുടെ പേര് പോലും എനിക്ക് മനസിലായത്. ‘ചാരു’. അപ്പോഴേക്ക് ഞാന്‍ അവരെ എന്റെ ജീവനോളം സ്നേഹിച്ചു പോയിരുന്നു. എന്നെ ഒഴിവാക്കാന്‍ അവള് ഏറെ ശ്രമിച്ചു. പക്ഷെ എനിക്കതിനു പറ്റില്ലായിരുന്നു. പലതവണ ഞാന്‍ തിരസ്കരിക്കപ്പെട്ടു. ഒടുവില്‍ ആ പ്രളയക്കടല്‍ നീന്തി ഞാനെന്റെ പ്രണയം നേടി. ആ ക്യാമ്പില്‍ തന്നെ പല ജനനവും മരണവും നടന്നു. പക്ഷെ ആര്‍ക്കും ഒന്നിനും വിട്ടുകൊടുക്കാതെ ഞാന്‍ അവരെ എന്റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. എങ്കിലും പ്രളയം കൊണ്ട് പോയ ഭര്‍ത്താവിനെയും വിശന്നും ദാഹിച്ചും നിശബ്ദനായി തന്നോട് ചേര്‍ന്ന് കിടന്നു മരിച്ച കുഞ്ഞുമകനെയും ഓര്‍ത്തു അവളുടെ കണ്ണുകള്‍ സദാ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
അവിടെ നിന്ന് അവര്‍ വന്നത് എന്റെ ജീവിതത്തിലേക്കായിരുന്നു. ചാരുവിനു ആ നാട്ടില്‍ ഒരിക്കലും സമാധാനം കിട്ടില്ല എന്ന് മനസിലായപ്പോള്‍ ആസ്സാമില്‍ നിന്ന് ഞങ്ങള്‍ യാത്ര തിരിച്ചു. ബാംഗ്ലൂര്‍ ജോലി കിട്ടാന്‍ എളുപ്പമാണെന്ന് കേട്ടാണ് ഇവിടേയ്ക്ക് വന്നത്. ഇവിടെ പല ജോലികളും ചെയ്തു. എത്ര കഷ്ടപ്പാടാണെങ്കിലും രാത്രി വീടെത്തുമ്പോള്‍ ഞാന്‍ എല്ലാം മറക്കും. ചാരുവും ഇവളും എന്റെ എല്ലാമെല്ലാമായി. സന്തോഷവും സമാധാനവും നിറഞ്ഞ ദിവസങ്ങള്‍, മറക്കാനാവാത്ത മൂന്നു വര്‍ഷങ്ങള്‍.
‘മൂന്നു മാസം മുന്‍പാണ് അവള് ഞങ്ങളെ വിട്ടു പോയത്. നെഞ്ചുവേദന എന്ന് പറഞ്ഞാണ് അവള് കരഞ്ഞത്. ഉടനെ ആശുപത്രിയില്‍ കൊണ്ട് പോയി. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്നേ അവള് പോയി, ഇവളെ എന്നെ ഏല്പിച്ചു. പക്ഷെ എനിക്ക് വിഷമമില്ല. അവള് ഏറ്റവും സന്തോഷത്തോടെ തന്നെയാണ് പോയത്.’ കൈയിലിരുന്ന തുണി കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചു.
‘എത്ര കഷ്ടപ്പെട്ടായാലും ഞാന്‍ ഇവളെ വളര്‍ത്തും. ഇവളല്ലാതെ എനിക്ക് ആരാണുള്ളത്.:
ആ പാവപ്പെട്ട വഴിവാണിഭക്കാരന് ഞങ്ങളുടെ മുന്നില്‍ വാനോളം വളരുന്നത് ഞാന്‍ കണ്ടു. ഇവള്‍ക്ക് ഇതില്‍ കൂടുതല്‍ സുരക്ഷിതത്വം ഈ ലോകത്തു ഒരിടത്തും കിട്ടില്ലെന്ന് എനിക്ക് മനസിലായി. വഴിയില്‍ നിന്ന് കിട്ടിയ ആരുടെയോ കുഞ്ഞ് അയാള്‍ക്കു മകളായിരിക്കുന്നു. ഒരിക്കലും ആര്‍ക്കും അഴിക്കാനാവാത്ത ഒരു സ്നേഹനൂലിനാല്‍ അവളെ അയാള്‍ തന്റെ പ്രാണനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്നു.
കൈയിലുണ്ടായിരുന്ന പൈസ ഞാന്‍ അയാളുടെ കൈയിലേക്ക് കൊടുത്തു, അയാളുടെ പൗര്‍ണമി ആണവള്‍, രാക്ക. ആ കുഞ്ഞുമുഖത്തു ഒരു മുത്തം കൊടുത്തു സോനയുടെ കൈയും പിടിച്ചു ഞാന്‍ പുറത്തേക്കു നടന്നു. പിറ്റേന്ന് രാവിലെ കാണാന്‍ പോകുന്ന ഒരു സുന്ദര ദൃശ്യം മനസ്സില്‍ ഓമനിച്ചു കൊണ്ട്…
ഹിമ
പ്രതികരിക്കാൻ ഇവിടെ എഴുതുക: