ആലപ്പുഴ: സ്പ്രിങ്കഌ വിവാദത്തില്‍ സിപിഎമ്മിലെ മുന്‍ വിഭാഗീയതകള്‍ ഓര്‍മിപ്പിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്. ‘മാധ്യമ സിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസ്സെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കള്‍ക്കും സങ്കടം തോന്നുന്ന അവസ്ഥയിലേക്ക് അവര്‍ക്കും എത്താതെ വയ്യ’. ഐസക്കിന്റെ കുറിപ്പിന്റെ തുടക്കം ഇതാണ്. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദന് പക്ഷത്തിന് അനുകൂലമായും, ഔദ്യോഗിക വിഭാഗത്തെ നയിച്ച പിണറായി വിജയന് എതിരായും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിപ്പിച്ചെന്നാരോപിച്ചാണ് മാധ്യമ സിന്‍ഡിക്കേറ്റെന്ന ആക്ഷേപവുമായി പാര്‍ട്ടി ഔദ്യോഗികമായി രംഗത്തെത്തിയത്.
പിന്നീട് വിഎസിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെവരെ വാര്‍ത്ത ചോര്‍ത്തിയതായി ആരോപിച്ച് പുറത്താക്കിയതും ചരിത്രം. സിന്‍ഡിക്കേറ്റിന് വാര്‍ത്തകള്‍ എത്തിച്ചു നല്കുന്ന കേന്ദ്രം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ ഔദ്യോഗിക വസതിയെയാണ് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്ക് പ്രായത്തിന്റെ അവശതയാണെന്ന ഐസക്കിന്റെ പരാമര്‍ശം ആരെ ലക്ഷ്യമാക്കിയാണെന്ന് വ്യക്തം.
‘ജനകീയാസൂത്രണം, ലാവ്ലിന് വിവാദങ്ങള്‍ ഓര്‍മയുള്ളവര്‍ക്കറിയാം. വക്രീകരണം, തമസ്കരണം, പെരുപ്പിച്ചു കാണിക്കല്‍ തുടങ്ങിയ സുകുമാരകലകളിലൂടെ വിവാദം ഏറെക്കാലത്തേക്കു കത്തിച്ചു നിര്‍ത്തിയത് പത്രങ്ങളാണ്.’ മലയാള മാധ്യമമേഖലയില്‍ ഒരു പുതിയ ചേരിതിരിവ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഐസക് പറയുന്നു. 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ അറിയാം. 24 ന്യൂസും അതിനു ചുക്കാന്‍ പിടിക്കുന്ന ശ്രീകണ്ഠന് നായരും ഡോ. അരുണ്‍കുമാറും ഒരു പടി മുകളില്‍ നില്ക്കുന്നു’… ഐസക് തുടരുന്നു.
സിപിഎം എക്കാലവും എതിര്‍ത്തിരുന്നതായി അവകാശപ്പെട്ടിരുന്ന കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ് സിപിഎമ്മിനെയും പിണറായി വിജയനെയും സഹായിക്കാന്‍ നിലവില്‍ പണിയെടുക്കുന്നതെന്ന് ഐസക് തന്നെ ഇതോടെ വ്യക്തമാക്കുകയാണ്. റിലയന്‍സിന്റെയും, കേരളത്തിലെ ചില വലിയ മുതലാളിമാരുടെയും ഉടമസ്ഥതയിലുമുള്ള ചാനലുകളാണ് ഐസക് പരാമര്‍ശിച്ചവ. പാര്‍ട്ടിയേയും പിണറായി വിജയനെയും പിന്തുണച്ചു എന്ന് പ്രതീതി വരുത്താന്‍ ഐസക് നടത്തിയ ശ്രമം ഫലത്തില്‍ സിപിഎമ്മിനുള്ളില്‍ ആളിക്കത്തിയ പോരാട്ടങ്ങളാണ് വീണ്ടും ഓര്‍മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: