കോഴിക്കോട്: തമിഴ്നാട് സ്വദേശിയായ 67 വയസ്സുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 20 ന് ദുബായില്‍ നിന്ന് എത്തിയ അഴിയൂര്‍ സ്വദേശിയാണ് രണ്ടാമന് ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 23 ആയി.
ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശി മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ ജില്ലാ ഭരണകൂടം ഒടുക്കിയ താല്‍ക്കാലിക ക്യാമ്പിലെ അന്തേവാസിയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് തെരുവില്‍ അന്തിയുറങ്ങുന്നവരെ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും സ്കൂളുകളിലുമായി താമസിപ്പിച്ചത്. 19 ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തമിഴ്നാട് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടന്ന സ്രവ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് മൂലം ചികിത്സയുമായി സഹകരിക്കാത്ത നിലയിലുമാണ്. തമിഴ്നാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയുളവാക്കുന്നുണ്ട്. എട്ട് പേരാണ് ക്യാമ്പസ് സ്കൂളില്‍ ഇദ്ദേഹത്തോടൊപ്പം മുറി പങ്കിട്ടിരുന്നത്. ഇവരെ ഐഎംജിയിലെ ക്വാറന്റെയിന് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പസ് സ്കൂളില്‍ സന്നദ്ധ സേവനം നടത്തിയവരെയടക്കം നിരീക്ഷിണത്തിലാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗം പകര്‍ന്നതിനെ കുറിച്ച് വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
33 കാരനായ അഴിയൂര്‍ സ്വദേശി മാര്‍ച്ച് 20 നാണ് ദുബായിയില്‍ നിന്നും നെടുമ്പശ്ശേരി വഴി നാട്ടിലെത്തിയത്. തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രണ്ടു പേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 11 പേര് രോഗമുക്തരായിട്ടുണ്ട്. 13 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ രോഗം സ്ഥിരീകരിച്ച 6 ഇതര ജില്ലക്കാരില്‍ 4 പേര് രോഗമുക്തി നേടി. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികിത്സയിലുണ്ട്. ഇന്നലെ പുതുതായി പ്രവേശിപ്പിച്ച 15 പേര് ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 24 സ്രവ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.ആകെ 771 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 745 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 715 എണ്ണം നെഗറ്റീവ് ആണ്. ഇനി 26 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: