ആലുവ: ഇന്ത്യയില്‍ ആദ്യമായി ഓട്ടോറിക്ഷാ സേവന രംഗത്ത് ഐഎസ്ഒ 9001:2015 അംഗീകാരം നേടിയ ആലുവക്കാരന്‍ ഹലോ ഓട്ടോ ബഡ്ഡി ശ്രീകാന്ത് ലോക്ഡൗണ്‍ കാലത്തും സേവനരംഗത്ത് പുതുചരിത്രം സൃഷ്ടിക്കുന്നു. മാര്‍ച്ച് 28 മുതല്‍ ഇതുവരെ 3500 പൊതി ഭക്ഷണമാണ് സൗജന്യമായി ഹലോ ഓട്ടോ ബഡ്ഡി വിതരണം ചെയ്തത്.
മാര്‍ച്ച് 25 മുതല്‍ മൂന്നു ദിവസം ആലുവ സേവാഭാരതി തയ്യാറാക്കിയ ഉച്ചഭക്ഷണം വിതരണം ചെയ്തത് ഹലോ ഓട്ടോ ബഡ്ഡിയിലായിരുന്നു. പിന്നീട് നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം സേവാഭാരതി ഭക്ഷണ വിതരണം വൈകുന്നേരമാക്കിയപ്പോള്‍ ഉച്ചയ്‌ക്ക് ഭക്ഷണം ലഭിച്ചുകൊണ്ടിരുന്നവരുടെ മുഖത്തെ നിരാശയാണ് സ്വന്തമായി ഭക്ഷണ വിതരണം എന്ന ചിന്തയിലേക്ക് നയിച്ചത്. പിന്നീട് ചീരക്കട ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തെ സമീപിച്ചു. ക്ഷേത്ര
ഭജന മണ്ഡപത്തോടു ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഭരണസമിതി അനുമതി നല്‍കി. ക്ഷേത്ര സേവാസമിതി അംഗങ്ങള്‍ പാചകത്തിലും പാക്കിങ്ങിലും സഹായിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍ കൂടാതെ അന്‍വര്‍ സാദത്ത് എംഎല്‍എയും അരിയും പച്ചക്കറിയും പലചരക്കും സംഭാവന ചെയ്തു.
ഭക്ഷണ വിതരണത്തിന് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ പൂര്‍ണ സഹകരണവുമുണ്ട്. ദിവസേന തയ്യാറാക്കുന്ന ഭക്ഷണത്തില്‍ നിന്ന് ദിവസവും 30 പൊതി വീതം ആകെ 750 പൊതി സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് വിതരണം ചെയ്തത്. ഓരോ ചെക്‌പോയ്ന്റിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിഷുവിന് ഭക്ഷണത്തോടൊപ്പം സ്‌പെഷ്യല്‍ പരിപ്പു പായസം വിതരണം ചെയ്തു. ഭക്ഷണം വിതരണത്തോടൊപ്പം ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കും കുപ്പിവെള്ളം വിതരണവും ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചു ദിവസമായി അത് മുടങ്ങിയിരിക്കുകയാണ്. കുപ്പിവെള്ളത്തിന്റെ ലഭ്യതക്കുറവാണ് പ്രശ്‌നം. ഓട്ടോറിക്ഷ തൊഴിലാളികളാണ് പാചകം ചെയ്യുന്നതിനും പൊതി കെട്ടുന്നതിനും സഹായിക്കുന്നവരില്‍ അധികവും.
വിവിധ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാര്‍, വീടുകളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന പ്രായമുള്ളവരും രോഗികളും, ലോക്ഡൗണ്‍ മൂലം ഇവിടെ കുടുങ്ങിക്കിടക്കുന്ന അന്യജില്ലക്കാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉച്ചയ്‌ക്ക് ഒരു മണിക്കു മുമ്പ് ഭക്ഷണം അവരവരുടെ താമസസ്ഥലങ്ങളിലെത്തിക്കും. ഭക്ഷണ വിതരണം നടത്തിയിരുന്ന ഒട്ടുമിക്ക സംഘടനകളും ഇപ്പോള്‍ രംഗത്തില്ല.
നഗരസഭ പോലും ഇപ്പോള്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കു മാത്രമാണ്. കീഴ്മാട്, ചൂര്‍ണിക്കര, ആലുവ നഗരസഭ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഭക്ഷണ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: