കൊച്ചി: സ്പ്രിങ്ക്ളറുമായുള്ള ആരോഗ്യ സര്‍വേ കരാറില്‍ കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമിക പ്രസ്താവന നല്കി. ബാബു ഗോപാലകൃഷ്ണന് നല്കിയ റിട്ട് ഹര്‍ജിയില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ ഇന്നലെ വൈകി സമര്‍പ്പിച്ച പ്രസ്താവനയില്‍ കേരളത്തിന്റെ ന്യായവാദങ്ങള്‍ എല്ലാം ഖണ്ഡിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഐടി ആക്ട് 43 എ പ്രകാരം കേരള സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാറിന്റെ വിവര സംരക്ഷണക്കാര്യത്തില്‍ വീഴ്ച വരുത്തിയതായി പ്രസ്താവന വിശദമായി വിവരിക്കുന്നു. കേസ് തീര്‍പ്പാക്കുന്നത് ഈ വിശദീകരണങ്ങള്‍കൂടി പരിഗണിച്ചാവണം എന്നാണ് കേന്ദ്രത്തിന്റെ പ്രസ്താവനയിലെ ആവശ്യം.
ഏഴു പ്രധാന കാര്യങ്ങളാണ് കേന്ദ്രം പറയുന്നത്.
ഒന്ന്: ഇന്ത്യന്‍ ഐടി ആക്ട് 2000 ലെ റൂള്‍ എട്ട് പ്രകാരം ഡാറ്റാ ശേഖരണം വ്യക്തിയുടെ അറിവും അനുമതിയും തേടിയായിരിക്കണം.
രണ്ട്: വിവരങ്ങള്‍ ചോരുന്നില്ലെന്നും സര്‍ക്കാര്‍ ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും വിനിയോഗിക്കുന്നില്ലെന്നുറപ്പാക്കണം.
മൂന്ന്: സര്‍ക്കാര്‍ സംവിധാനത്തിലായിരിക്കണം വിവരങ്ങള്‍ സൂക്ഷിക്കേണ്ടത്.
നാല്: കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കൊറോണ സംബന്ധിച്ച ഏതു വിവരവും സൂക്ഷിക്കാന്‍ പര്യാപ്തമായി ലഭ്യമാണ്.
അഞ്ച്: നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ (എന്‍ഐസി) എന്ന കേന്ദ്രത്തിന്റെ സംവിധാനം എത്രവേണമെങ്കിലും വിവരങ്ങള്‍ സൂക്ഷിക്കാന്‍ പര്യാപ്തമാണ്. ഏതു സര്‍ക്കാരിനും സേവനം ലഭ്യമാക്കുന്നതാണ്. പക്ഷേ, കേരളം ആവശ്യപ്പെട്ടിട്ടില്ല.
ആറ്: ശേഖരിച്ച വിവരം ചോര്‍ന്നുവെന്ന് സംശയം തോന്നിയാല്‍ നിയമ നടപടികള്‍ക്ക് പൗരന്മാര്ക്ക് അവകാശമുണ്ട്്. ഇത് അമേരിക്കയിലാക്കിയതിലൂടെ പൗരന്റെ അവകാശം പരിഗണിച്ചിട്ടില്ലെന്നു കണക്കാക്കണം.
ഏഴ്: കേരളത്തിന് ഇങ്ങനെയൊരു കരാര്‍ വിദേശ രാജ്യത്തെ കമ്പനിയുമായി ഉണ്ടാക്കുമ്പോള്‍ ആ കമ്പനി ഇന്ത്യന്‍ ഐടി ആക്ട് 2000 അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. കേരളം നിസാരമായി തള്ളിയ കാര്യങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നതാണെന്ന് സൂചിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: