തൃശൂര്‍: ലോക്ഡൗണിനു ശേഷവും സ്വകാര്യ ബസുകള്‍ ഓടാന്‍ സാധ്യതയില്ല. നിരവധി ബസുടമകള്‍ താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കാനുള്ള ജി-ഫോം പൂരിപ്പിച്ച് ഗതാഗത വകുപ്പ് അധികൃതര്‍ക്ക് നല്കി. ലോക്ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്ടം ഒഴിവാക്കാനാണ് ബസുടമകളുടെ പുതിയ നീക്കമെന്നാണ് സൂചന. ജി-ഫോം പൂരിപ്പിച്ച് നല്കിയാല് 3 മാസത്തേക്കോ, ഒരു വര്‍ഷത്തേക്കോ ബസുകള്‍ സര്‍വീസ് നടത്താതെ കയറ്റിയിടാം.
ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 945 പേര് ജി-ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ചതായി ആര്‍ടിഒ ഷാജി മാധവന് അറിയിച്ചു. സ്റ്റേജ് കാര്യേജ്- 351, കോണ്‍ട്രാക്ട് കാര്യേജ്-558, ഗുഡ്സ് വെഹിക്കിള്‍സ്-36 പേര്. ഈമാസം ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്.
ലോക്ഡൗണിനു ശേഷം ബസ് സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതിയാണിപ്പോഴെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസ് നിലച്ചിട്ട് ഒരുമാസമായി. ഇതുമൂലമുണ്ടായിട്ടുള്ള നഷ്ടം നികത്താനായി ഇന്‍ഷൂറന്‍സ് നീട്ടി നല്‍കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
ജില്ലയില്‍ 2500ഓളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസുകള്‍ തുടര്‍ച്ചയായി ഒരുമാസത്തോളം ഓടാതെ കിടക്കുന്നതിനാല്‍ എഞ്ചിന്, ബാറ്ററി, ടയര്‍, റേഡിയേറ്റര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അറ്റകുറ്റപണികള്‍ക്ക് തന്നെ വന്‍തുക ചെലവാകും.
സര്‍വീസ് നടത്താതെ കിടന്ന കാലത്തെ ഇന്‍ഷൂറന്‍സ് നീട്ടി നല്‍കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കൂവെന്ന് ബസുടമകള്‍ പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പല ബസ് ഉടമകളും ഈ മേഖലയില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴുണ്ടായ നഷ്ടത്തെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ നിശ്ചിത കാലയളവിലുള്ള പലിശരഹിത വായ്പ നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് 500ലേറെ ബസുടമകള്‍ ജി-ഫോം പൂരിപ്പിച്ച് അധികൃതര്‍ക്ക് നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: