കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലയിലെ ഹോട്ട് സ്പോട്ടുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇതുപ്രകാരം റേഷന്‍ കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ തുറക്കുമെങ്കിലും ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ വില്പന മാത്രമേ അനുവദിക്കൂവെന്ന് പോലീസ് അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞദിവസം മുതല്‍ ട്രിപ്പിള്‍ ലോക്ക് നിലനില്‍ക്കുകയാണ്. ഇതുപ്രകാരം കണ്ണൂര്‍ നഗരത്തില്‍ കനത്ത പരിശോധനയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ചെക്ക് പോസ്റ്റിലും രണ്ടുവീതം എസ്ഐമാരെയും ഇവരുടെ കൂടെ പത്തോളം വരുന്ന പോലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 24 തദ്ദേശ സ്ഥാപനങ്ങളെ ഹോട്ട്സ്പോട്ടുകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച് മുനിസിപ്പാലിറ്റികളും 19 പഞ്ചായത്തുകളുമാണ് പട്ടികയിലുള്ളത്. കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്ടാക്ടുകള് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോട്ട്സ്പോട്ട് കേന്ദ്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മരുന്നുഷാപ്പുകളല്ലാത്ത മറ്റൊരു വ്യാപാര സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ബാങ്കുകളും പ്രവര്‍ത്തിക്കുന്നില്ല. റേഷന്‍ കടകളില്‍ നിന്ന് ഹോം ഡെലിവറിയിലൂടെ മാത്രമേ സാധനങ്ങള്‍ വിതരണം ചെയ്യൂന്നുളളൂ. കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരെ പോലീസ് തടയുന്നില്ല. ആരോഗ്യവകുപ്പ് ജീവനക്കാര്‍, അവശ്യ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, ജില്ലാ കലക്ടറുടെയോ ജില്ലാ പോലീസ് മേധാവിയുടെയോ പാസ്സുള്ള വളണ്ടിയര്‍മാര്‍ തുടങ്ങിയവരെയും യാത്ര ചെയ്യാന്‍ പോലീസ് അനുവദിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്കില്ല. വരും ദിവസങ്ങളിലും വിലക്കുകളും നിയന്ത്രണങ്ങളും കര്‍ശനമാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: