തിരുവനന്തപുരം : മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനമാണ് സ്പ്രിംങ്ക്ളര്‍ ഇടപാടെന്ന് സിപിഐ. കരാറില്‍ പാര്‍ട്ടിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് അതൃപ്തി രേഖപ്പെടുത്തിയത്.
വ്യക്തികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ഇടത് നയങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ യുഎസ് കമ്പനിയുമായി ഒപ്പുവെച്ച് വിവരങ്ങള്‍ കൈമാറിയത്. മന്ത്രിസഭയെയും നിയമവകുപ്പിനെയും അറിയിക്കാതിരുന്നത് ശരിയായില്ല. സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് കൈക്കൊണ്ടത്.
കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാര്‍ പാടില്ല. മന്ത്രിസഭയയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് എടുത്തിട്ടുള്ള തീരുമാനം ശരിയല്ലെന്നും കാനം അറിയിച്ചു. ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചു.
കരാര്‍ വിവാദമായതോടെ കാനം രാജേന്ദ്രന് നേരത്തെ കോടിയേരിയെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. സിപിഐ മുഖപത്രത്തിലൂടെ പരോക്ഷമായി ഇതിനെതിരെ വിയോജിപ്പ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കിയെങ്കിലും ഇതില്‍ അസംതൃപ്തി പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതേസമയം കൊറോണ പ്രശ്നം ഒതുങ്ങിയശേഷം വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കോടിയേരി കാനത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: