കൊടകര: ലോക്ടൗണ് മൂലം പൂരവും ഉത്സവങ്ങളും ഉപേക്ഷിച്ചാലും ആനകളുടെ കൂട്ടുകാരന് വിശ്രമമില്ല. തൃശൂര്‍ വെളപ്പായ ശ്രീജിത്ത് (മണി) എന്ന ആനപ്രേമി വീട്ടില്‍ വിശ്രമിച്ചാല്‍ നാലോളം ആനകളുടെ അന്നം മുട്ടും. സഹ്യന്റെ മക്കള്‍ പട്ടിണിയാകാതിരിക്കാന്‍ കൊറോണ നിയന്ത്രണനാളുകളിലും പതിവായി പട്ട തേടിയുള്ള അലച്ചിലിലാണ് ഈ മുപ്പത്തിയാറുകാരന്.
കൊറോണയുടെ പശ്ചാത്തലത്തില്‍ പൂരങ്ങളും ആനയെഴുന്നള്ളിപ്പുകളും ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ആനകള്‍ പട്ടിണിയാകാതിരിക്കാന്‍ ശ്രീജിത്ത് അതിരാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങും. ചെറുപ്രായത്തില്‍ തന്നെ ശ്രീജിത്തിന് ആനയോട് കമ്പമായിരുന്നു. ആനയെവിടെയുണ്ടോ എവിടെയെല്ലാം ഓടിയെത്താന്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ഇയാള്‍ ശ്രമിക്കാറുണ്ട്. എന്നെങ്കിലും ഒരാനയെ സ്വന്തമാക്കണമെന്ന ആഗ്രഹം ചെറുപ്പത്തില്‍ തന്നെ മനസ്സിലുദിച്ചിരുന്നു. വീടിനടുത്ത് മാരാത്ത് പറമ്പില്‍ കെട്ടിയിരുന്ന ആനകളുമായി ചങ്ങാത്തം കൂടിയാണ് തുടക്കം.
തിരുവമ്പാടി ഉണ്ണികൃഷ്ണന് എന്ന ആനയ്ക്ക് മദപാടിളകി രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഓടിയ ആനയെ മെരുക്കിയത് ശ്രീജിത്തായിരുന്നു. അങ്ങനെ ആന പരിപാലനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഇടഞ്ഞ ആനകളെ മെരുക്കിയെടുക്കാന്‍ ശ്രീജിത്തിന്റെ ഫോണിലേക്ക് പലയിടങ്ങളില്‍ നിന്നും വിളികള്‍ വന്നു തുടങ്ങി. ഒരിക്കല്‍ കര്‍ക്കിടകം ഒന്നിന് വടക്കുംനാഥനിലെ ആനയൂട്ട് സമയത്ത് അഞ്ചാനകള്‍ ഇടഞ്ഞ് പരിഭ്രാന്തി പരത്തിയപ്പോള്‍ ശങ്കരംകുളങ്ങര മണികണ്ഠനെ സുരക്ഷിതമായി മാറ്റി നിര്‍ത്തിയതും ശ്രീജിത്ത് തന്നെ .അസുഖം മൂലം എവിടെയെങ്കിലും ആനകള്‍ ഉണ്ടെങ്കില്‍ അവരെ പരിചരിക്കാനും ശ്രീജിത്ത് ഓടിയെത്തും.
നാല് ആനകളെയാണ് ലോക്ഡൗണ്‍ കാലത്ത് ശ്രീജിത്ത് പരിപാലിക്കുന്നത്. വെളപ്പായ തീര്ത്ഥംകാവ് ക്ഷേത്രപരിസരത്താണ് ശ്രീജിത്തിന്റെ സ്വന്തം ആന ഗുരുജി ശിവനാരായണനെ തളച്ചിരിക്കുന്നത്.സ്വന്തം ആനകളെ പരിപാലിക്കുന്നതുപോലയൊണ് മറ്റു ആനകളെയും നോക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ആനകളുടെ അടിമുടി പരിപാലനവും മേല്‍നോട്ടവും ശ്രീജിത്തിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് ഉടമകള്‍ക്കറിയാം. വെളപ്പായയുടെ പത്തുകിലോമീറ്ററിനകത്തുള്ള പറമ്പുകളില്‍നിന്നാണ് പട്ട ശേഖരിക്കുക. ദിവസവും രാവിലെ തന്റെ പിപ്പക്ക് വാനില്‍ സുഹൃത്തുക്കളും ആനപ്രേമികളായ അശോകനും ശരത്തും ചേര്‍ന്ന് പട്ട തേടി പുറപ്പെടും.
പട്ടയുള്ള ഒട്ടുമിക്കപറമ്പുകളുടെ ഉടമസ്ഥറുടേയും ഫോണ്‍നമ്പറുകള്‍ മണിയുടെ ഡയറിയിലുണ്ട്. പുതിയ പറമ്പുകണ്ടാല്‍ അവിടെയെത്തി പട്ട വെട്ടാന്‍ അനുവാദം ചോദിച്ചു പട്ട വെട്ടും. പനമ്പട്ടയെ കൂടാതെ അവിലും പഴവും ചേര്‍ന്ന് കുഴച്ച ഭക്ഷമമാണ് കൊടുക്കുന്നത്. സീസണില്‍ ചോറും ചെറുപയറും കൊടുക്കും. ദിവസം നൂറ് പട്ടകളാണ് നാല് ആനകള്‍ക്കുമായി നല്‍കുന്നത്. ആനക്കമ്പക്കാരുടേയും ആനക്കാരുടേയും പൂരപ്രേമികളുടേയും ആനമണിയാണ് ഇപ്പോള്‍ ശ്രീജിത്ത്. ഒരുവര്‍ഷംമുമ്പ് ആരംഭിച്ച എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറികൂടിയായ ശ്രീജിത്ത് സ്വന്തം ജീവിതവഴിയില്‍ ഒട്ടനവധി വിട്ടുവീഴ്ചകള്‍ ചെയ്താലും ആനകളുടെ കാര്യത്തില്‍ നോ കോമ്പ്രമൈസ്. വെളപ്പായ കൊളങ്ങരപറമ്പില്‍ സുരേഷ്-ശാന്ത ദമ്പതികളുടെ മകനാണ് ശ്രീജിത്ത്. ഭാര്യ:ദിവ്യ. മകന്: ദേവദേവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: