ചാലക്കുടി: കഴിഞ ദിവസം ഉണ്ടായ വേനല്‍ മഴയില്‍ പരിയാരം, മേലൂര്‍, കൊരട്ടി പഞ്ചായത്തിന്റെയും കിഴക്കന്‍ മേഖലയിലും വന്‍ നാശ നഷ്ടം. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു.വന്‍ തോതില്‍ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
കൊല്ലപ്പറമ്പില്‍ ഗോപന്റെ ഷീറ്റ് മേഞ്ഞ വീട്ടിലേക്ക് തേക്ക് കടപ്പുഴകി വീണു. വലിയ തോതില്‍ കാര്‍ഷിക വിളകളും നശിച്ചു. കൊരട്ടി മേഖലയില്‍ കോനൂര്‍ കാംബ്ലത്ത് പുഷ്ക്കരന്‍, കണ്ണമ്പുഴ തോമസ്, കാച്ചപ്പിള്ളി നെല്‍സണ്‍ എന്നിവരുടെ നേന്ത്രവാഴ തോട്ടത്തിലെ കുലവന്ന വാഴകള്‍ നിലംപൊത്തി. നാലു സെന്റ് കോളനിയില്‍ പുലിക്കുന്നത്ത് രമേശന്റെ ഓടു മേഞ്ഞ വീട് കവുങ്ങ് വീണും മുതിരപ്പറമ്പില്‍ സുഭാഷിന്റെ വീട് ജാതിമരം വീണും തകര്‍ന്നു.
കോനൂര്‍ സ്നേഹനഗറില്‍ മറ്റത്തില്‍ കൗസല്യയുടെ വീടിനു മുകളില്‍ പ്ലാവ് വീണും നാശനഷ്ടമുണ്ടായി. മേലൂര്‍ അടിച്ചിലി ഏഴാം വാര്‍ഡില്‍ തണ്ടാശേരി ശശിധരന്റെ വീടിനു മുകളില്‍ പ്ലാവ് വീണ് കേടുപാടു സംഭവിച്ചു. നമ്പൂവാരിക്കല് സുകുമാരന്റെ പറമ്പിലെ ജാതി മരങ്ങളും പ്ലാവും കാറ്റില്‍ വൈദ്യുതി കമ്പിയിലേക്കു വീണതിനെ തുടര്‍ന്ന് പോസ്റ്റ് നിലംപൊത്തി.
പൂലാനിയില്‍ പെരിങ്ങാത്ര മോഹനന്, മണ്ടത്ര രവി, ചെണ്ടിയാംപറമ്പന് ശിവന് എന്നിവരുടെ മരച്ചീനി കൃഷി കാറ്റില്‍ നശിച്ചു. രവിയുടെ വാഴത്തോപ്പിലെ കുലച്ച വാഴകളും നിലംപൊത്തി. ചെട്ടിത്തോപ്പ് കടവ് റോഡിനു സമീപം തെക്കേപ്പാട്ട് ലീലാവതിയുടെ പറമ്പില്‍ നിന്ന മാവും കവുങ്ങും വൈദ്യുതി കമ്പിയിലേക്കു വീണ് പോസ്റ്റ് നിലംപൊത്തിയിട്ടുണ്ട്. പലയിടങ്ങളിലും ചില്ലകള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസപ്പെട്ടത് പുന:സ്ഥാപിച്ചു വരികയാണ്. നാശനഷ്ടമുണ്ടായ മേഖലകളില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: