ആറരപതിറ്റാണ്ട് പ്രായമാകാന്‍ പോകുന്ന കേരളത്തില്‍ മുഖ്യമന്ത്രിയായി പലരും വന്നിട്ടുണ്ട്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ താത്വികാചാര്യനും ഏറെക്കാലം പാര്‍ട്ടിയുടെ അമരക്കാരനുമായിരുന്ന ഇ.എം. ശങ്കരന്നമ്പൂതിരിപ്പാടായിരുന്നല്ലോ ആദ്യത്തെ മുഖ്യമന്ത്രി. രണ്ടു തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നമ്പൂതിരിപ്പാടിന് രണ്ടു തവണയും കാലാവധി തികയും വരെ ഭരിക്കാനായിട്ടില്ല. ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയും പോലെ പിണറായി വിജയനും അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമോ എന്നതില്‍ ഇപ്പോള്‍ സംശയമൊന്നുമില്ല. കാലാവധി പൂര്‍ത്തിയാക്കുന്നതിലല്ല കാര്യം. ഇരിക്കുന്ന കാലയളവില്‍ കളങ്കമില്ലാതായോ എന്നതാണ് കാതലായ വിഷയം. കോവിഡ് 19നെ നേരിടുന്നതില്‍ തന്റെ നേതൃത്വത്തിലുള്ള ഭരണം ലോകത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതില്‍ ആക്ഷേപമില്ല. ഈ കാര്യം എതിര്‍ക്കാന്‍ ആളാരുമില്ലെങ്കില് പറഞ്ഞുകൊണ്ടേയിരിക്കട്ടെ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ആളും അര്‍ത്ഥവും നോക്കിയാല്‍ ചെറിയ സംസ്ഥാനമാണ് കേരളം. ഇതിനെക്കാള്‍ കോവിഡിനെ അവഗണിച്ച സംസ്ഥാനങ്ങള്‍ വേറെയുമുണ്ട്. വിഷയം അതല്ല.
കോവിഡ് 19ന്റെ പൊങ്ങച്ചം വിസ്തരിക്കുന്നതിനിടയിലാണ് ക്രമവിരുദ്ധമായ ഒരു കരാര്‍ വില്ലനായി അരങ്ങത്തുവരുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ങ്ക്ളറുമായി കരാറില്‍ ഏര്‍പ്പെട്ട് വിവാദത്തിലായത്. ഇതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാനൊന്നും മുതിരാത്ത മുഖ്യമന്ത്രി ചോദ്യം ഉന്നയിക്കുന്നവര്‍ക്കെതിരെ വിരല്‍ചൂണ്ടുകയാണ്. സിപിഎമ്മിലെ മൂപ്പിളമ തര്‍ക്കത്തിനിടയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്ന പഴകിയ ആക്ഷേപം ശക്തമായ ഭാഷയില്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചെയ്തത്. ചോദ്യമായി വരുന്നവര്‍ക്ക് ഉത്തരം നല്കലല്ല എനിക്ക് വേറെ പണിയുണ്ടെന്നാണ് പിണറായി വിജയന് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ വാര്‍ത്താ ലേഖകര്‍ ചോദ്യം ഉന്നയിച്ചാല്‍ മറുപടി നല്‍കുന്നതാണ് ജനാധിപത്യ മര്യാദ. ഇല്ലെങ്കില്‍ വാര്‍ത്താസമ്മേളനം നടത്താതിരിക്കണം. കഴിഞ്ഞ ദിവസം ചില ചാനലുകളിലെ ‘കൃഷിദീപം’ പരിപാടി പോലെ സംസാരിച്ച് സമയം തീര്‍ത്തത് ചോദ്യം ഒഴിവാക്കാനായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ സമീപനം സ്വയം അപഹാസ്യനാകലാണ്. സ്പ്രിങ്ക്ളര്‍ കരാര്‍ ഹൈക്കോടതിയിലും എത്തിയിരിക്കുകയാണ്. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം നല്‍കിയേ മതിയാകൂ. ചിലപ്പോള്‍ സര്‍ക്കാരിന്റെ മറുപടി കോടതി സ്വീകരിക്കാം, തള്ളിക്കളയാം. അത് ഇപ്പോള്‍ പ്രവചനാതീതമാണ്. പക്ഷേ കോടതി മുന്നോട്ടുവച്ച ചില ആശങ്കകളുണ്ട്. അത് പൊതു സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
കേരളത്തിലെ കൊറോണ രോഗികളുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ എന്ന യുഎസ് കമ്പനി, രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ എങ്ങനെയാണ് ഉറപ്പാക്കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. കൊറോണയെന്ന ലോകമാരിക്കു പിന്നാലെ ഡാറ്റാ മഹാമാരിക്ക് ഇടവരുത്തരുതെന്നും ഹൈക്കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. രോഗികളുടെ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡാറ്റയല്ലെന്ന (നിര്‍ണായക വിവരങ്ങള്‍) സര്‍ക്കാര്‍ വാദം തള്ളിയ ഹൈക്കോടതി വിദേശ കമ്പനിയുമായുള്ള കരാര്‍ നടപടികളെക്കുറിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരിക്കുന്നു.
ഡാറ്റകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനും അപ്ലോഡ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രോഗ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡാറ്റയല്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഇതില്‍ കോടതിക്ക് ഉത്കണ്ഠയുണ്ട്. ഡേറ്റകളുടെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിന് പ്രാധാന്യമുണ്ട്. വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വ്യക്തികള്‍ക്ക് സര്‍ക്കാരിനെതിരെ കേസ് നല്‍കാമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് നല്കുന്ന സൂചന സ്പ്രിങ്ക്ളര്‍ പ്രശ്നം ഭരണ-പ്രതിപക്ഷങ്ങളുടെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഒതുങ്ങുകയില്ലെന്നു തന്നെയാണ്. ഇടപാടില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ കുടുംബവും അകപ്പെടുകയാണ്. ഇത് നിസ്സാരമായി അവഗണിക്കരുത്. അധികം കൂടിയാലോചനയില്ലാതെ ഉണ്ടാക്കിയ കരാര്‍ വഴി അബദ്ധത്തില്‍ ചാടിയതാണെങ്കില്‍ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: