പാറശാല: തമിഴ്നാട്ടില്‍ നിന്ന് ആംബുലന്‍സ് പാറശാല അതിര്‍ത്തിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സ തേടിയെത്തിയ ഹൃദ്രോഗിയായ മലയാളി മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം കടത്തൂര്‍ കുറ്റിഅയ്യത്ത് താഹയാണ് (52) മരിച്ചത്. ചെക്ക് പോസ്റ്റില്‍ തടഞ്ഞ ആംബുലന്‍സ് പോലീസ് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് നാഗര്‍കോവിലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും താഹ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തോളമായി കടുത്ത പ്രമേഹം, ഹൃദ്രോഗം എന്നിവയെ തുടര്‍ന്ന് താഹ തമിഴ്നാട്ടില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നെയ്യൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി 40,000 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതോടെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് താഹയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.
താഹയുമായി തിങ്കളാഴ്ച രാവിലെ പാറശ്ശാല ഇഞ്ചിവിള ചെക്ക്പോസ്റ്റില്‍ എത്തിയപ്പോള്‍ യാതൊരു രേഖകളുമില്ലെന്ന കാരണത്താല്‍ കേരള പോലീസ് തിരിച്ചയച്ചു. പിന്നീട് കരുനാഗപ്പള്ളി എംഎല്‍എ ആര്.രാമചന്ദ്രന് വിളവന്‍കോട് എംഎല്‍എ വിജയധരണിയുമായും, അവര്‍ പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രനുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് ,കേരള അതിര്‍ത്തിയില്‍ വന്നശേഷം പോലീസ് ഏര്‍പ്പെടുത്തുന്ന ആംബുലന്‍സില്‍ താഹയെ കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ധാരണയായി. ഇതനുസരിച്ച് വൈകിട്ട് നാലോടെ താഹയുമായി ആംബലുന്‍സ് വീണ്ടും ഇഞ്ചിവിളയിലെത്തി. അപ്പോള്‍ ആംബുലന്‍സ് ലഭ്യമായില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ താഹയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും അതേ ആംബുലന്‍സില്‍ ആറ് മണിയോടെ നാഗര്‍കോവിലെ ആശാരിപ്പള്ളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അല്പസമയത്തിനകം മരിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ മൃതദേഹം നാട്ടിലെത്തിക്കൂ.
മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ ഉത്സവക്കച്ചവടത്തിന് പോയ താഹ കാലിലെ വ്രണവും പ്രമേഹം മൂര്‍ച്ഛിച്ചതും കാരണം നെയ്യൂരിലെ ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയിരുന്നു. പിന്നീട് ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതാവുകയായിരുന്നു.ഭാര്യ: ഷക്കീല. മക്കള്‍: അനസ്, അന്‍സാരി, അന്‍സര്‍. മരുമക്കള്‍: ഷെറിന്, ഫാത്തിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: