തിരുവനന്തപുരം: കോവിഡിന്റെ പൊട്ടിപ്പുറപ്പെടല്‍ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണരായി വിജയന്. അതു മറികടക്കാനാണ് ജീവനക്കാരുടെ ശബളം പിടിക്കുന്നതെന്ന് പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു
ഉപഭോക്തൃ സംസ്ഥാനമായുള്ള കേരളം നിര്‍മാണമേഖലയിലും ടൂറിസം മേഖലയിലും നേടിയ വളര്‍ച്ച പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ പിന്‍ബലത്തോടുകൂടിയുള്ള വാങ്ങല്‍ ശേഷിയാണ്. ഇതിന് ഗണ്യമായ ഇടിവു വന്നു.സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ലോക്ക്ഡൗണാണ് ഇതിന്റെ ഒരു കാരണം. ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവുന്നതല്ല.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും വലിയതോതില്‍ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്കാന് തയ്യാറായിട്ടുണ്ട്. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതുകൊണ്ട് ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളമാണ് മാറ്റിവെക്കുക.
മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് ഇത്തരത്തില്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കും.
മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്റെ 30 ശതമാനം ഓരോ മാസവും കുറവ് ചെയ്യുന്ന നില ഒരു വര്‍ഷത്തേക്ക് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: