തിരുവല്ല: കൊറോണയ്‌ക്കിടയില്‍ സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ച് മുതല്‍ ഏഴ് രൂപവരെ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. വിലവര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. വിലവര്‍ധന ചര്‍ച്ചചെയ്യാനുള്ള യോഗം ഈമാസം തന്നെ കൂടും. എത്രകൂട്ടണമെന്നത് സംബന്ധിച്ച കൃത്യത ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ മാത്രമേ ഉണ്ടാകൂ. കൊറോണക്കാലം കഴിഞ്ഞാല്‍ വിലവര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.
ഏഴുമാസം മുമ്പാണ് പാല്‍ വില മില്‍മ കൂട്ടിയത്. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചത്. വീണ്ടും പാല്‍വില കൂട്ടിയാല്‍ സാധാരണക്കാരനെ വലയ്‌ക്കും. കാലിത്തീറ്റയുടെ വില കൂടി, വേനല്‍ക്കാലത്ത് പാലിന് ക്ഷാമം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില വര്‍ദ്ധനയ്‌ക്ക് ലക്ഷ്യമിടുന്നത്. പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്ററിന്റെ കുറവാണുണ്ടായത്. രണ്ട് വര്‍ഷം കഴിയുമ്പോഴും വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങി. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്ററായി.
കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും കനത്ത ചൂടും കൊറോണ പശ്ചാത്തലത്തില്‍ ഉണ്ടായ ബാധ്യതകളും കര്‍ഷകരെ പിന്നോട്ടടിക്കുന്നെന്നാണ് മില്‍മയുടെ അവകാശവാദം. ഒന്നുകില്‍ സര്‍ക്കാര്‍ പാല്‍വില ഇന്‍സെന്റീവ് നല്‍കി കര്‍ഷകരെ സഹായിക്കണം. അല്ലെങ്കില്‍ കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വില വര്‍ധനയല്ലാതെ മറ്റൊരുമാര്‍ഗമില്ലെന്നാണ് മില്‍മയുടെ നിലപാട്. അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാല്‍വില കൂടി വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടിയാകും. കടും നീല കവറിന് ലിറ്ററിന് 46, മഞ്ഞ കവറിനും ഇളം നീല കവറിനും 44, കാവി, പച്ച കവറുകളിലുള്ള പാലിന് 48 എന്നിങ്ങനെയാണ് വില നിലവാരം. തൈരിന് പച്ചക്കവറിന് 54, നീലക്കവറിന് 70രൂപ. ഇതില്‍ ആനുപാതികമായ വര്‍ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: