ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടെ വൈറസ് ബാധയ്ക്കിരയായവരില് ആരോഗ്യപ്രവര്‍ത്തകരും നഴ്സുമാരും ഡോക്ടര്‍മാരുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരായ നഴ്സുമാരുള്ളത് ദല്‍ഹിയിലാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
35 നഴ്സുമാരാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുള്ളത്. മുംബൈയില്‍ 27 നഴ്സുമാര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. നാടും വീടും വിട്ട് അന്യസ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാര്‍. തങ്ങള്‍ക്ക് കൃത്യമായ താമസ സൗകര്യങ്ങളോ ഗുണനിലവാരമുള്ള ഭക്ഷണമോ സുരക്ഷാ വസ്ത്രങ്ങളോ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു.
നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോഗികള്‍ പരിശോധനയ്ക്ക് ശേഷമാണ് കൊവിഡ് ബാധിതരാണെന്ന് അറിയുന്നത്. അതേ സമയം ഈ രോഗിയെ ശുശ്രൂഷിക്കുന്ന ജീവനക്കാര്‍ക്ക് സുരക്ഷാ വസ്ത്രങ്ങള്‍ ഒന്നും തന്നെ നല്‍കാത്ത സാഹചര്യമാണുള്ളത്. കൊവിഡ് 19 രോഗബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത്തരം ആളുകള്‍ എത്തുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളുമായിട്ടാണ്.
കൊവിഡ് 19 സ്ഥിരീകരണം എത്തുമ്പോഴേയ്ക്കും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഏതെങ്കിലും ഒരാള്‍ കൊവിഡ് ബാധിതരായി മാറിയിട്ടുണ്ടാകും. ദല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 18 നഴ്സുമാരാണ് രോഗബാധിതരായിരിക്കുന്നത്. ഇവിടെ കൊവിഡ് ബാധിതരെ ചികിത്സിച്ചിട്ടില്ല. പക്ഷേ യുകെയില്‍ നിന്നും എത്തിയ സഹോദരങ്ങളില്‍ നിന്ന് ഡോക്ടര്‍ കൊവിഡ് ബാധിതയാകുകയും പിന്നീടത് മറ്റുള്ളവര്‍ക്ക് പകരുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: