ന്യൂദല്‍ഹി : കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രത്യേക സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്രം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ മമത സര്‍ക്കാര്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു.
ഇതോടെ കേന്ദ്രം നിലപാട് കടുപ്പിക്കുകയും വിശദീകരണം തേടി ബംഗാള്‍ സര്‍ക്കാരിന് കത്തയയ്‌ക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നിയുക്ത സംഘത്തിന് ബംഗാള്‍ സര്‍ക്കാര്‍ യാതൊരുവിധ പിന്തുണയും സഹകരണവും നല്‍കാത്തതിന്റെ കാരണം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഹോം സെക്രട്ടറി അജയ് ബല്ലയാണ് ബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയ്‌ക്ക് കത്തയച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കാരണമാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ട കരുതല്‍ എടുക്കാന്‍ കഴിയാതിരുന്നതെന്നാണ് ബംഗാള്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാരിന് ഉറപ്പു കൊടുത്തു.
സര്‍ക്കാര്‍ പ്രതിനിധികള്‍ ദൗത്യസംഘവുമായി ബന്ധപ്പെട്ട് കഴിഞ്ഞു. നഗരത്തിലെ കോവിഡ് ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും പരിശോധന നടത്താനും വേണ്ട സര്‍വ്വ സഹായ സഹകരണങ്ങളും നല്‍കുമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് വേണ്ടി മറുപടി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: