‘ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കും വരെ സമരം’. യുഡിഎഫ് ഭരണകാലത്ത് കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സമരമായിരുന്നു അത്. സെക്രട്ടേറിയറ്റിനകത്ത് ഉദ്യോഗസ്ഥരെ മാത്രമല്ല മന്ത്രിമാരെ പോലും കടത്തിവിടില്ലെന്ന തീരുമാനത്തോടെയാണ് അനിശ്ചിതകാലസമരം തുടങ്ങിയത്. പക്ഷേ ആ സമരത്തിന് ഒരു പൂക്കുറ്റിയുടെ അയുസ്സേ ഉണ്ടായുള്ളൂ. അനിശ്ചിതകാലത്തിന് 24 മണിക്കൂറിന്റെ ദൈര്‍ഘ്യം മാത്രം. ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കാതെ തന്നെ എല്‍ഡിഎഫ് സമരം ഉപേക്ഷിക്കേണ്ടിവന്നു.
ഇന്നത്തെ സ്പ്രിങ്ക്‌ളര്‍പോലെ അന്നൊരു കമ്പനിയുമായുണ്ടാക്കിയ അവിഹിത ബന്ധമാണ് സംഘര്‍ഷത്തിലേക്കും സമരത്തിലേക്കും എത്തിയത്. അസാധാരണ സാഹചര്യത്തില്‍ സാധാരണ നടപടികള്‍ അപ്രസക്തമെന്ന ഇന്നത്തെ ന്യായം തന്നെയാണ് അന്ന് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. നാട്ടില്‍ വൈദ്യുതി വേണം. വൈദ്യുതി സുലഭമായാലേ സംരംഭങ്ങള്‍ പുതുതായി തുടങ്ങാന്‍ കഴിയൂ. കേരളം വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനമാണല്ലോ. നല്ല വൈദ്യുതിക്ക് പാരമ്പര്യേതര ഊര്‍ജ്ജപദ്ധതി അനിവാര്യം. അതിന്റെ ഭാഗമായി കണ്ടെത്തിയതാകട്ടെ സരിതയുടെ കമ്പനിയെ. അതാണ് ടീം സോളാര്‍ കമ്പനി. തനി സ്വദേശി.
സോളാര്‍ ഊര്‍ജ്ജോല്‍പ്പാദനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏകദേശം 50 ശതമാനം വരെ ആണ് സഹായ ധനം നല്‍കി വരുന്നത്. ഇത്തരം ഉപകരണങ്ങള്‍ സര്‍ക്കാര്‍ അനുമതിയോടെ സ്ഥാപിക്കുന്നതിന് ഏകദേശം 300 കമ്പനികള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ട് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന 25ല്‍ അധികം കമ്പനികള്‍ക്ക് അംഗീകാരം കൊടുത്തിട്ടുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തി അവരുമായി നിയമപരമായ കരാറില്‍ ഏര്‍പ്പെടുന്ന അംഗീകൃത സോളാര്‍ ഉല്‍പ്പന്ന വിതരണ കമ്പനികള്‍ വഴിയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കി വരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരവും വിവാദ ടീം സോളാര്‍ കമ്പനിക്ക് ഉണ്ടായിരുന്നില്ല. കേരളത്തിലെ ഊര്‍ജ ഏജന്‍സിയായ അനെര്‍ട്ടും ‘ടീം സോളാര്‍’ കമ്പനിക്ക് അംഗീകാരം നല്‍കിയിട്ടില്ല. അംഗീകാരം ഇല്ലാത്ത ഈ സ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് കമ്പനി ഇടപാട്കാരെ വഞ്ചിക്കാന്‍ ശ്രമിച്ചു എന്നും ആരോപണം.
ടീം സോളാര്‍ എന്ന വിവാദ കമ്പനിയുടെ പ്രധാന വ്യാവസായിക ഇടപാടുകള്‍ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ പ്രധാന പേര്‍സണല്‍ സ്റ്റാഫുകളെ ആദ്യം സസ്പന്‍ഡ് ചെയ്തു. പിന്നീട് അറസ്റ്റ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ ആയവരെല്ലാം ടീം സോളാര്‍ വിവാദ കമ്പനിയുടെ പ്രവര്‍ത്തകരും ആയി അടുത്ത ബന്ധമുള്ളതായി പിന്നീടുള്ള അന്വേഷണങ്ങളില്‍ തെളിയുകയും ചെയ്തു.
ആരോപണങ്ങള്‍ വേണ്ട ഗൗരവകരമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും അന്വേഷണപരിധിയില്‍ വരുമെന്ന് ഉറപ്പായി. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാരും ഇടപെടുന്നു എന്ന ആരോപണം ശക്തിയായതോടെ അന്വേഷണത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും മുഖ്യമന്ത്രി ആ സ്ഥാനത്തുനിന്നും മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും വിവിധ തലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായിരുന്നു പ്രതിപക്ഷത്തിന്റെ ഉപരോധ സമരം.
യുഡിഎഫ് ഭരണം അവസാനിപ്പിക്കാന്‍ സോളാര്‍ പ്രധാന കാരണമായെങ്കിലും ഭരണം മാറിയിട്ടും കേസും ശിക്ഷയുമെല്ലാം ആവിയായി. ടീം സോളാറില്‍ അവിഹിതവും അശ്ലീലവുമൊക്കെ മേമ്പൊടിയായി വന്നെങ്കിലും അത്രത്തോളം വന്നില്ല സ്പ്രിങ്ക്‌ളര്‍ ഇടപാട്. ഇനി അതും കടന്നുവരുമോ ആവോ. ഭരണമേതായാലും കാറ്റുള്ളപ്പോള്‍ പേറ്റുക എന്നതാണ് കേരളത്തിന്റെ പതിവ്. സ്പ്രിങ്ക്‌ളറിന്റെ കാര്യത്തിലും അതിന്റെ നിഴലാട്ടമുണ്ട്. 200 കോടിയുടെ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷാരോപണം. രോഗികളുടെ വിവരങ്ങള്‍ വിദേശ കമ്പനിക്ക് തൂക്കി നല്‍കുകയാണെന്ന ആരോപണത്തോട് പ്രതികൂലമായി പ്രതികരിക്കാന്‍ ഹൈക്കോടതിയും രംഗത്തുവന്നുകഴിഞ്ഞു. സോളാര്‍ കമ്പനിയെ പോലെ കേന്ദ്രത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉണ്ടാക്കിയ ഈ അന്താരാഷ്‌ട്ര കരാറിന്റെ പേരില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ സിപിഎം തയ്യാറായിട്ടില്ല. അസാധാരണ സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന ന്യായമാണ് പാര്‍ട്ടിക്ക് പിടിവള്ളി.
കോവിഡ് 19 അസാധാരണ സാഹചര്യമെന്ന നിഗമനം ശരിവയ്‌ക്കുമ്പോള്‍ എന്ത് ചെയ്താലും ശരി. യുദ്ധത്തിലും പ്രണയത്തിലും ചെയ്യുന്നതെല്ലാം ശരിയെന്നുണ്ടല്ലൊ. കോവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നപ്പോള്‍ കേരളം ആറ് ബാറുകള്‍ അനുവദിച്ചു. പണവും കൈപ്പറ്റി. വില്പനയില്ലെങ്കിലെന്താ കാശ് കിട്ടിയല്ലോ. ഐസക്കിനും ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: