മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ രണ്ടു സംന്യാസിമാരുള്പ്പെടെ മൂന്നു പേരെ മര്‍ദ്ദിച്ചു കൊന്ന സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന സംശയം അതിന്റെ വീഡിയോ ദൃശ്യം തീര്‍ത്തു തരുന്നു. ഈ കോവിഡ് കാലത്ത് നടന്ന അങ്ങേയറ്റത്തെ ക്രൂരത രാജ്യം അതിന്റെ ഗൗരവത്തോടെ കണ്ടോ എന്നതില്‍ അങ്ങേയറ്റത്തെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം പുറംലോകം അറിയുന്നതു തന്നെ!
കേവലം എന്തെങ്കിലും ആവശ്യവുമായി ഗ്രാമത്തിലെത്തുകയോ അവിടത്തുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ഉണ്ടായിട്ടില്ല. ഒരുതരത്തിലുമുള്ള പ്രകോപനവും കൂടാതെയാണ് പത്തിരുനൂറോളം പേര് ഇത്ര കിരാതമായ അക്രമം നടത്തി മൂന്ന് പുണ്യാത്മാക്കളെ മറുലോകത്തേക്ക് അയച്ചത്. തങ്ങളുടെ ഗുരുനാഥന്റെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് മുതിര്‍ന്ന സംന്യാസിവര്യനും അനുയായിയും ഡ്രൈവറുമൊത്ത് യാത്ര തിരിച്ചത്. ഇതിനാവശ്യമായ രേഖകള്‍ അവരുടെ കൈവശമുണ്ടായിരുന്നു താനും.
വഴിയില്‍ വാഹനം തകരാറിലായതോടെ അവര്‍ പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് പൊടുന്നനെ ആളുകള്‍ വളഞ്ഞ് ഭേദ്യം ചെയ്യാന്‍ തുടങ്ങിയത്. ഡ്രൈവര്‍ പൊലീസിനെ വിവരമറിയിച്ചപ്പോള്‍ ധബാദെഖാന് വേല് റോഡിലുള്ള സംഭവസ്ഥലത്തേക്ക് പോലീസ് എത്തി. വാനിലേക്ക് മൂന്നു പേരെയും മാറ്റിയെങ്കിലും ആക്രോശത്തോടെ അക്രമികള്‍ അത് തടയുകയും മര്‍ദിക്കുകയുമായിരുന്നു. പ്രാണരക്ഷാര്‍ഥം ഒരു കെട്ടിടത്തിലേക്ക് കയറിയ മുതിര്‍ന്ന സംന്യാസിയെ പൊലീസുകാരന് ഇറക്കിക്കൊണ്ടുവന്ന് അക്രമികള്‍ക്ക് ഏല്പിച്ചു കൊടുക്കുന്നതായി വീഡിയോ ദൃശ്യത്തില്‍ കാണുന്നുണ്ട്. അക്രമികളില്‍ നിന്ന് ആ സാധു മനുഷ്യനെ രക്ഷിക്കുന്നതിനു പകരം അക്രമികള്‍ക്കൊപ്പം ചേരുന്ന തരത്തിലാണത്. അതിനാല്‍ തന്നെ ഒട്ടേറെ ദുരൂഹതകള്‍ സംഭവത്തെ ചുറ്റിപ്പറ്റിയുണ്ട്.
സംന്യാസിമാര്‍ യാത്രയ്ക്ക് രേഖ സംഘടിപ്പിച്ചതും യാത്രാവഴിയും ആരെങ്കിലും അക്രമികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നോ? നേതാക്കളില്ലാത്ത ജനക്കൂട്ടമാണെന്നു പറയുന്നുണ്ടെങ്കിലും തിരശ്ശീലയ്ക്ക് മറവില്‍ ഏതെങ്കിലും ശക്തികള്‍ സജീവമായിരുന്നോ? പൊലീസ് എന്തുകൊണ്ട് കുറ്റകരമായ അനാസ്ഥകാട്ടി? 1960 മുതല്‍ പ്രബലമായ ഇടതുതീവ്രവാദ – മാവോയിസ്റ്റ് ശക്തികേന്ദ്രമാണ് ഗഡ്ചിഞ്ച്ളെ ഗ്രാമം. ദേശദ്രോഹ നടപടികളും മറ്റും അവിടെ സജീവമാണെന്ന് കേള്‍ക്കുന്നുണ്ട്. കാവി വസ്ത്രധാരികളെ അവര്‍ക്കെന്നും ചതുര്‍ഥിയുമാണ്. അതിനാല്‍ തന്നെ യുക്തമായ അവസരം കിട്ടിയപ്പോള്‍ ഓപ്പറേഷന് നടത്തിയതാണോ എന്ന സംശയം അസ്ഥാനത്തല്ല.
പല സംഭവങ്ങളുടെ പേരിലും നെഞ്ചത്തടിച്ചു നിലവിളിക്കുന്ന പ്രതികരണ സമൂഹം ഈ സംഭവത്തോടു കാണിച്ച കുറ്റകരവും ലജ്ജാകരവുമായ നിസ്സംഗതയും അക്രമികളുടെ മാനസിക നിലയുമായി ഒത്തു പോകുന്നതാണ്. മാധ്യമങ്ങള്‍ക്ക് സംന്യാസി എന്നു പറയാന്‍ പോലും തോന്നിയില്ല എന്നതും ശ്രദ്ധേയമാണ്. മൂന്നു പേരെ മോഷ്ടാക്കളെന്ന് സംശയിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നാണ് വിശദീകരിച്ചിരിക്കുന്നത്. മറ്റ് സംഭവങ്ങളുടെ പേരില്‍ രാജ്യത്തെ ഏതെങ്കിലും മൂലയില്‍ നടക്കുന്ന കാര്യങ്ങളെ കേന്ദ്ര സര്‍ക്കാരിനും അതിന്റെ രാഷ്ട്രീയ മുഖത്തിനും മേലെ കെട്ടിവെച്ച് ആക്രോശിക്കുന്നവരുടെ മൗനം കൊറോണ വൈറസിനെക്കാള്‍ മാരകം എന്നേ പറഞ്ഞു കൂടൂ. കശ്മീരിലെ പെണ്‍കുട്ടിയുടെ പേരില്‍ കേരളത്തിലെ ക്ഷേത്രത്തില്‍ പ്രതിഷേധ ശയനപ്രദക്ഷിണത്തിനിറങ്ങിയവരും കവിതയെഴുതിയവരും അത്തരക്കാര്‍ക്ക് ആവോളം പ്രചാരണം നല്കിയവരും പാല്‍ഗഡ് സംഭവത്തില്‍ നിശ്ശബ്ദരാണ്. ഞെട്ടിക്കുന്ന ഈ നിശ്ശബ്ദത രാജ്യത്തെ വന്‍ അപകടത്തിലേക്കു നയിക്കുമെന്ന ആശങ്ക ഞങ്ങള്‍ ഇത്തരുണത്തില്പങ്കുവക്കട്ടെ.
സംന്യാസിമാരെ അരുംകൊല ചെയ്തതിന്റെ ദു:ഖഭാരത്തില്‍ കഴിയുന്നവര്‍ ഒരു തരത്തിലുള്ള പ്രതിഷേധ പ്രകോപനങ്ങള്‍ക്കും ഒരുമ്പെട്ടിറങ്ങിയില്ല എന്നതും ഇതിനൊപ്പം ചേര്‍ത്തുവെക്കണം. ധാര്‍മികസംഹിതയുടെ മഹാഭണ്ഡാരമായ ഭാരതത്തില്‍ കാവിക്കും അതുയര്‍ത്തിപ്പിടിക്കുന്ന സംസ്കാരത്തിനും ഉടവു തട്ടിയാല്‍ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല എന്നുകൂടി ഓര്‍ക്കണം. സംന്യാസിവര്യന്മാരെ പൈശാചികമായി കൊലപ്പെടുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാത്തിടത്തോളം കാലം ഭാരതത്തിന്റെ ആത്മാവ് നീറിപ്പുകഞ്ഞുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: