തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് 2020ലെ ബെസ്റ്റ് ഇന്നൊവേഷന് ഇന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുരസ്കാരം ലഭിച്ചു. സമൂഹത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മികവിന് മൈക്രോസോഫ്റ്റ് നല്കി വരുന്ന അംഗീകാരമാണിത്. സാങ്കേതിക രംഗത്തെ മികവിന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നിരവധി പുരസ്കാരങ്ങളാണ് കമ്പനിയെ തേടിവരുന്നത്.
സാമൂഹ്യ ജീവിതത്തില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്ന എ ഐ അപ്ലിക്കേഷനുകള്‍ വികസിപ്പിച്ച, മൈക്രോസോഫ്റ്റിന്റെ ഉപയോക്താക്കളോ പങ്കാളികളോ ആയ സ്ഥാപനങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവാര്‍ഡ്സ് 2.0വില്‍ മത്സരിച്ചത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍, മൈക്രോസോഫ്റ്റ് നല്കുന്ന അംഗീകാരം 2019ലും യുഎസ് ടി ഗ്ലോബല്‍ നേടിയിരുന്നു. നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന പേഴ്സണല്‍ അസിസ്റ്റന്റിലൂടെ ജീവനക്കാരെ ശാക്തീകരിച്ചതിനാണ് പോയവര്‍ഷം അവാര്‍ഡ് നേടിയത്. എ ഐ രംഗത്തെ ബഹുമതികള്‍ തുടര്‍ച്ചയായി കരസ്ഥമാക്കുന്നത് വഴി വ്യവസായ മേഖലയുടെ ആകെ ആദരം നേടിയെടുക്കാന്‍ കമ്പനിക്കായിട്ടുണ്ട്.
രാജ്യത്തെ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കിടയിലെ മാനസികാഘാതത്തെപ്പറ്റിയുള്ള ക്ലിനിക്കല്‍ ഗവേഷണ ഡാറ്റ ശേഖരണത്തിനും വിശകലനത്തിനുമായി ഇമാന്സിപ് ആക്ഷനുമായി യോജിച്ച് മനുഷ്യകേന്ദ്രിത പ്ലാറ്റ്ഫോമിന് കമ്പനി രൂപം നല്‍കുന്നുണ്ട്.
കമ്പനി വികസിപ്പിച്ചെടുത്ത ‘കെയര്‍ ഗിവര്‍’ എന്ന മൊബൈല്‍ ആപ്പ് വഴി പ്രീസ്ക്രീനിങ്ങ്, അടിസ്ഥാനതല വിശകലനങ്ങള്‍, ഐ പി ടി സെഷനുകള്‍ എന്നിവ നടത്തുന്നു. ട്രോമയ്ക്ക് ഇരയായ കുട്ടികളെ തിരിച്ചറിയുന്ന ഘട്ടം മുതല്‍ അവരെ അതിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കുന്ന ഘട്ടം വരെ ഫലപ്രദമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പേടി കൂടാതെ, പ്രതീക്ഷാ നിര്‍ഭരമായ ജീവിതം നയിക്കാന്‍ പ്രാപ്തരാവുന്ന കാലത്തോളം കെയര്‍ ഗിവറിന്റെ സാങ്കേതിക സേവനം പ്രയോജനപ്പെടുന്നു. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷിന് ലേര്‍ണിംഗ് സാങ്കേതിക വിദ്യകള്‍ വഴിയാണ് പ്രാഥമിക പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലികള്‍, അപഗ്രഥനങ്ങള്‍, തുടര്‍ ചോദ്യാവലികള്‍ എന്നിവ തയ്യാറാക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, തങ്ങളുടെ കസ്റ്റമേഴ്സിനും ആത്യന്തികമായി ലോകത്തെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും പ്രയോജനപ്രദമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ എണ്ണമറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ കമ്പനിക്കായെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ സുധീന്ദ്ര അഭിപ്രായപ്പെട്ടു. ‘ഈ നേട്ടങ്ങളെ മൈക്രോസോഫ്റ്റ് അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ജീവിതങ്ങളില്‍ പരിവര്‍ത്തനം വരുത്തുക എന്ന പ്രതിബദ്ധത മുറുകപ്പിടിച്ചാണ് കമ്പനി മുന്നേറുന്നത്. കമ്പനികളെ ശാക്തീകരിച്ചും സമൂഹത്തിന് ഗുണകരമായ വിധത്തില്‍ പ്രവര്‍ത്തിച്ചും ഈ മുന്നേറ്റം തുടരും. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദാനം ചെയ്യും. ഓള്ഫ്ലാഷിന്റെ കരുത്തില്‍, ഏത് വലിപ്പത്തിലും ബജറ്റിലുമുള്ള സ്ഥാപനങ്ങള്‍ക്കും പ്രയോജനകരമായ, അടിസ്ഥാന തലത്തില്‍ മെച്ചപ്പെട്ട, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ നല്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. ഈ ദൗത്യത്തില്‍ വിജയം കൈവരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ അംഗീകാരം,’ അദ്ദേഹം പറഞ്ഞു.
നാം നേരിടുന്ന കടുത്ത വെല്ലുവിളികളെ തരണം ചെയ്യാനാവുന്നതും പൊതുനന്മ ലക്ഷ്യമാക്കുന്നതുമാണ് യു എസ് ടി ഗ്ലോബലിന്റെ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യാ നേട്ടങ്ങളെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ നാഷണല്‍ ടെക്നോളജി ഓഫീസര്‍ ഡോ. രോഹിണി ശ്രീവത്സ അഭിപ്രായപ്പെട്ടു. അവാര്‍ഡ് നേട്ടത്തില്‍ അവര്‍ യു എസ് ടി ഗ്ലോബലിനെ അഭിനന്ദിച്ചു. ‘മനുഷ്യക്കടത്ത് പോലുള്ള സാമൂഹ്യ തിന്മകളെ ചെറുക്കാന്‍ കരുത്തുറ്റ സാങ്കേതിക വിദ്യയാണ് കമ്പനി പ്രദാനം ചെയ്യുന്നത്. മനുഷ്യക്കടത്തിനെതിരെ അവബോധം വളര്‍ത്താനും അതിനിരയാവുന്ന കുട്ടികളെ സഹായിക്കാനുമായി എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍ വികസിപ്പിച്ചത് ഏറെ പ്രശംസനീയമായ കാര്യമാണ്. മനുഷ്യരാശി നേരിടുന്ന പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് സാങ്കേതികവിദ്യയും വൈദഗ്ധ്യവും പകര്‍ന്നു നല്‍കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധതയോട് അത് ചേര്‍ന്നു നില്ക്കുന്നു’, അവര്‍ പറഞ്ഞു.
റീറ്റെയ്ല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ യു എസ് ടി ഗ്ലോബല്‍ എ ഐ, എം എല്‍, വി ആര് സൊല്യൂഷനുകള്‍ നല്കി വരുന്നുണ്ട്. എ ഐ, എം എല്‍ സാങ്കേതികവിദ്യ, സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹായത്തോടെ, സ്മോള്ഫോര്മാറ്റ് സ്റ്റോറുകളില്‍ നിന്ന് ഞൊടിയിടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കസ്റ്റമേഴ്സിനെ സഹായിക്കുന്ന സ്റ്റോര്‍ ടെക്നോളജിയാണ് റീറ്റെയ്ല്‍ ബിസിനസ് സര്‍വീസസുമായി ചേര്‍ന്ന് യു എസ് ടി ഗ്ലോബല്‍ അവതരിപ്പിക്കുന്നത്.
വരും തലമുറ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി കമ്പനി നിര്‍മിച്ച ലുക്കിലൂപ്സ് ലേണിങ്ങ് പ്ലാറ്റ്ഫോം, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ പഠിതാവിനെ പാഠ്യവിഷയത്തോട് കൂടുതല്‍ അടുപ്പിക്കുന്നു. ഹെല്‍ത്ത് കെയര്‍ രംഗത്തും കമ്പനി അതിനൂതന സാങ്കേതിക വിദ്യകളാണ് അവതരിപ്പിക്കുന്നത്. അവ ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് പ്രയോജനപ്രദവും ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: