കൊല്ലം: ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തമിഴ്നാട്ടിലെ പുളിയന്‍കുടിയില്‍ കൊവിഡ് പടരുന്നു. കേരള അതിര്‍ത്തിയായ കോട്ടവാസലില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ പുളിയന്‍കുടി നഗരസഭ പരിധിയിലാണ് ഇപ്പോള്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നത്. 14 പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. നഗരസഭാ പരിധി പൂര്‍ണമായും അടച്ച പോലീസ് പുളിയന്കുടിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുദ്രവച്ചിട്ടുണ്ട്.
കേരളം, ആന്ധ്ര, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാരങ്ങ കയറ്റി അയയ്ക്കുന്നത് പുളിയന്‍കുടിയില്‍ നിന്നാണ്. തെങ്കാശി ജില്ലയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആര്യങ്കാവ് ചെക്പോസ്റ്റില്‍ റാപിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവില്‍ തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ അണുനശീകരണം നടത്തി കടത്തിവിടുകയാണ് ചെയ്യുന്നത്. ഡ്രൈവറുടേയും ക്ലീനറുടേയും ശരീരോഷ്മാവ് മാത്രമാണ് പരിശോധിക്കുന്നത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന ഭയമാണ് റാപ്പിഡ് ടെസ്റ്റ് വേണമെന്ന ആവശ്യത്തിന് പിന്നില്‍.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൊല്ലത്ത് അടിയന്തരയോഗം ചേര്‍ന്നു. അതേസമയം അധികൃതരുടെ കണ്ണുവെട്ടിച്ച് പുളിയന്‍കുടിയില്‍ പോയ കുളത്തൂപ്പുഴ സ്വദേശിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ മരണാന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്. കര്‍ശന പരിശോധന ഉണ്ടായിട്ടും ഇയാള്‍ എങ്ങനെ തമിഴ്നാട്ടില്‍ പോയി എന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: