തൃശൂര്‍: വില്‍വട്ടം സ്കൂളിലെ കൊറോണ ക്യാമ്പില്‍ 15,000 പാട്ടുകള്‍ ഹൃദിസ്ഥമാക്കിയ പാട്ടുകാരനാണ് താരം. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം അരങ്ങേറിയ അന്തേവാസികളുടെ കലാപ്രകടനത്തിലാണ് ഈ അതുല്യ പ്രതിഭയെ തിരിച്ചറിഞ്ഞത്.
15,000 ലധികം പാട്ടുകള്‍ മനപാഠമാക്കിയയാളാണ് വയനാട് സ്വദേശി മുഹമ്മദ് ഗസ്നി. ചെറുപ്പത്തില്‍ ശാസ്ത്രീയ സംഗീതം പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ദാരിദ്ര്യവും കാലചക്രവും അയാളെ ചുമട്ടുതൊഴിലാളിയാക്കി മാറ്റി. ഇതിനിടയില്‍ ചെറിയ ഗാനമേള ട്രൂപ്പുകളില്‍ പാടാന്‍ അവസരം ലഭിച്ചു. മുവാറ്റുപുഴ ഏഞ്ചല്‍ വോയ്സ് അടക്കമുള്ള ഏതാനും വലിയ ഗാനമേള ട്രൂപ്പുകളിലും പങ്കാളിയായി.
പ്രായാധിക്യവും ശ്വാസം മുട്ടല്‍ അടക്കമുള്ള രോഗങ്ങളും ഗസ്നിയ്ക് പിടിപെട്ടതോടെ ഗാനമേളകള്‍ക്ക് വിളിക്കാതെയായി. ഒമ്പതു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റതോടെ പണിയെടുത്തും ജീവിക്കാന്‍ കഴിയാതെ വന്നു. ഇതോടെ പല തെരുവുഗായകസംഘങ്ങളിലും പാടി ഉപജീവനം കഴിച്ചുവരികയായിരുന്നു.ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തൃശൂരിലെ തെരുവില്‍ നിന്നും പോലീസാണ് ഗസ്നിയെ വില്വട്ടത്തെ ക്യാമ്പിലെത്തിച്ചത്.
ക്യാമ്പില്‍ എത്തിയ ദിവസം മുതല്‍ അന്തേവാസികള്‍ക്കുവേണ്ടി ഗസ്നി ഗാനങ്ങള്‍ ആലപിക്കും. ഗസ്നിയോട് അടുത്ത് ഇടപഴകിയ മറ്റൊരു അന്തേവാസിയാണ് ഇയാളുടെ കഴിവുകളെക്കുറിച്ച് ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ വിയ്യൂര്‍ പോലീസ് സ്റ്റേഷന് ജനമൈത്രി ഓഫീസര്‍ മോഹന്‍കുമാറിനോട് പറഞ്ഞത്.
പല ഭാഷകളിലായി പതിനഞ്ചായിരത്തിലധികം ഗാനങ്ങള്‍ മന:പാഠമാക്കിയയാളാണ് ഗസ്നി. പോലീസ് സംരക്ഷണയില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഗസ്നി പറഞ്ഞു. ജീവിത പ്രതിസന്ധികളില്‍ പാട്ടുകളാണ് തനിക്ക് കൂട്ടായി നിന്നത്. ഇപ്പോളിതാ പോലീസെന്ന മറ്റൊരു വലിയ കൂട്ടുകാരന് കൂടിയായി.കൊറോണ കാലം കഴിയുന്നതോടെ ഗസ്നി സ്വന്തം വീട്ടിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: