മന്ത്രി പറഞ്ഞത്
കൊറോണക്കാലത്ത് ചില ചിന്തകള്‍ പങ്കുവെയ്ക്കുക എന്ന ഉദ്ദേശത്തോടെ ഞാന്‍ ഫെയ്സ്ബുക്കിലിട്ട ഒരു വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ജന്മഭൂമി എന്ന പത്രത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നത് ചിലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ”ആരോഗ്യരംഗത്തെ മികവ് രാജഭരണകാലത്തിന്റെ തുടര്‍ച്ച; പിണറായി ഫാന്‍സുകാര്‍ക്കുള്ള പരോക്ഷ മറുപടി: ജി. സുധാകരന്” എന്ന തലക്കെട്ടിലായിരുന്നു ജന്മഭൂമിയുടെ ഒന്നാം പേജ് റിപ്പോര്‍ട്ട്. രാജഭരണകാലം മുതല്‍ കേരളത്തിലുണ്ടായിരുന്ന ചില പ്രത്യേകതകളെ ഞാന്‍ എടുത്തുപറഞ്ഞതിനെ ചരിത്ര വീക്ഷണമില്ലാതെ തെറ്റായി വ്യാഖ്യാനിച്ചു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ കേരളത്തിന്റെ പുരോഗതി രാജഭരണ കാലത്ത് തന്നെയുള്ളതാണെന്ന് ഞാന്‍ പറഞ്ഞുവെന്നും
പിണറായി സര്‍ക്കാരാണ് എല്ലാ വികസന മുന്നേറ്റങ്ങളുടെയും നേരവകാശികളെന്ന പ്രചാരണം നടത്തുന്നുവെന്നും ഞാന്‍ അതിനെ ഖണ്ഡിച്ചുവെന്നുമാണ് ബിജെപി മുഖപത്രത്തിലെ എഡിറ്റോറിയല്‍ ഡെസ്കിന്റെ വ്യാഖ്യാനങ്ങള്‍. എല്ലാ നേട്ടങ്ങളും പെട്ടന്നുണ്ടായതാണെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
ഒരു പ്രദേശത്തിന്റെ എല്ലാ നല്ലകാര്യങ്ങള്‍ക്കും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി കാരണങ്ങള്‍ ഉണ്ടാകും. ചരിത്രത്തെ പൂര്‍ണ്ണമായും നിഷേധിക്കുകയോ വളച്ചൊടിക്കുകയോ മാത്രം ചെയ്ത് ശീലമുള്ള സംഘപരിവാറിന്റെ മുഖപത്രത്തിന് ചരിത്രപരമായ കാര്യങ്ങളെ ശാസ്ത്രീയമായും സത്യസന്ധമായും നോക്കിക്കാണുന്നതരം നിലപാടുകളെ മനസിലാകണമെന്നില്ല. നമ്മുടെ രാജ്യം ഉണ്ടായത് 2014ന് ശേഷമാണെന്ന് വിശ്വസിക്കുന്ന ലളിത ബുദ്ധികളോട് അത്തരം യുക്തികള്‍ പറഞ്ഞിട്ട് കാര്യവുമില്ല.
മനുഷ്യസമൂഹം ഇതുവരെ പിന്നിട്ട നാളുകളെക്കുറിച്ചും, ഇനി പിന്നിടുവാന്‍ പോകുന്ന കാലഘട്ടങ്ങളെക്കുറിച്ചുമുള്ള, വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അടിസ്ഥാനപ്പെടുത്തിയ സൈദ്ധാന്തികഭാഷ്യമാണ് മാര്‍ക്സിയന്‍ ചരിത്രവീക്ഷണം അഥവാ ചരിത്രപരമായ ഭൗതികവാദം. ഇതാണ് ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ പിന്തുടരുന്നത്. ജന്മഭൂമിക്കാരോട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കാന്‍ പറയുന്നതിലര്‍ത്ഥമില്ലെന്നറിയാം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്ത് ‘ബൂര്‍ഷ്വാസിയുടെ പതനവും തൊഴിലാളിവര്‍ഗത്തിന്റെ വിജയവും ഒരുപോലെ ഒഴിവാക്കാനാകാത്ത കാര്യങ്ങളാണ്’ എന്ന് പറയുന്ന മാര്‍ക്സും ഏംഗല്‍സും അതിന്റെ ആദ്യഭാഗത്ത്, ബൂര്‍ഷ്വാസികള്‍ എങ്ങനെയാണ് ആദ്യകാലത്ത് സമൂഹത്തില്‍ വിപ്ലവം കൊണ്ടുവന്നത് എന്ന് വിശദീകരിക്കുന്നുണ്ട്.
തിരുവിതാംകൂര്‍ രാജാക്കന്മാര് ആശുപത്രികളും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുണ്ട് എന്നത് വാസ്തവം തന്നെയാണ്. അതങ്ങനെയല്ല എന്ന് പറയേണ്ട കാര്യമില്ല. എന്നാല്‍ അതേ ഭരണാധികാരികള്‍ തന്നെയാണ് ഡോക്ടര്‍ ബിരുദം നേടിയ ഡോ. പല്‍പ്പുവിനോട് ”രണ്ട് തെങ്ങ് കൂടുതല്‍ ചെത്തിക്കോളാന്‍’ പറഞ്ഞത്. ഇത്തരത്തിലുള്ള ജാതീയ വിവേചനങ്ങളുടെ കാലത്ത് ഈ അടിസ്ഥാന സൗകര്യങ്ങളൊക്കെ സാധാരണക്കാരന് എത്രത്തോളം പ്രാപ്യമായിരുന്നുവെന്നത് ബുദ്ധിയുള്ളവര്‍ക്ക് ആലോചിച്ചാല്‍ മനസിലാകുന്നതേയുള്ളൂ. ശ്രീനാരായണഗുരുവും, അയ്യങ്കാളിയും, സഹോദരന് അയ്യപ്പനും, ചട്ടമ്പിസ്വാമികളും അടക്കമുള്ള മഹാരഥന്മാരുടെ പ്രവര്‍ത്തനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരങ്ങളും തൊഴിലാളിസമരങ്ങളും ഒക്കെ ചേര്‍ന്നാണ് ഇവിടുത്തെ പിന്നോക്കജാതിക്കാര്‍ക്ക് ഈ അടിസ്ഥാന സൗകര്യങ്ങളും മറ്റും ലഭ്യമാകാനും അവരെ മനുഷ്യരായി കണക്കാക്കുവാനും ഉള്ള സാഹചര്യമൊരുക്കിയത്. ഭൂപരിഷ്കരണം ഇവിടെ കൊണ്ടുവന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇത്തരം ചരിത്രപരമായ സംഗതികള്‍ കേരളത്തിന്റെ പുരോഗതിയുടെ ഘടകങ്ങളാണ് എന്നതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
ദുരിതകാലത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനെ നല്ലകാര്യമായി കാണുന്നത് ഒരു സാമാന്യമര്യാദയാണ്. അദ്ദേഹം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് കാര്യമായി പറഞ്ഞില്ല എന്നത് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹം പറയേണ്ടിയിരുന്നു.
ഗുജറാത്ത് മാതൃക കേരളത്തിന്റെ നേട്ടങ്ങളുടെ മുന്നില്‍ പാപ്പരായതും അമേരിക്കന്‍ സാമ്രാജ്യത്വ പൊങ്ങച്ചങ്ങള്‍ ചൈനയുടെ ധീരോദാത്തമായ കൊളോണിയല്‍ വിരുദ്ധ മഹായുദ്ധത്തിന് മുന്നില്‍ പൊളിഞ്ഞു വീണതും ഞാന്‍ വിശദമാക്കിയിരുന്നു. അതെല്ലാം തമസ്കരിക്കുകയാണ് ജന്മഭൂമി ചെയ്തത്. ജന്മഭൂമിയുടേത് തികഞ്ഞ അബദ്ധമായിപ്പോയി. ആലപ്പുഴയില്‍ നിന്നാണ് വാര്‍ത്ത ചെയ്തതെന്നറിയുന്നു. പത്രാധിപര്‍ ഒന്നുകൂടി എന്റെ വീഡിയോ കേള്‍ക്കുന്നത് നല്ലതാണ്. ലോകത്തിലെ ഒരു ഭരണാധികാരിയും ഇത്തരത്തില്‍ ദൈനംദിനം മാധ്യമങ്ങള്‍വഴി സ്ഥിതി വിലയിരുത്തി ജനങ്ങള്‍ക്കാവശ്യമായ ജനകീയ വിദ്യാഭ്യാസം നല്‍കുന്നില്ല എന്നും ഞാന്‍ പറഞ്ഞിരുന്നു. അതാണ് പിണറായി വിജയന്റെ മഹത്വം. കോവിഡിനെ കേരള സര്‍ക്കാര്‍ എങ്ങനെയാണ് നേരിട്ടതെന്നും അതെങ്ങനെയാണ് ലോകത്തിലെ മികച്ച മാതൃകയായതെന്നും ഞാന്‍ പറഞ്ഞതൊന്നും ജന്മഭൂമിക്കാര്‍ കേട്ടില്ല.
കാരണം അവരുടെ പ്രാഥമികമായ ലക്ഷ്യം സഖാവ് പിണറായി വിജയനാണ്. അദ്ദേഹത്തിനെതിരെ ”തെങ്ങുകയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണമെന്ന്” കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാധ്യമമാണത്. അദ്ദേഹം കേരളത്തിലെ ഭരണാധികാരിയായതുതന്നെ ജന്മഭൂമിയുടെ ‘എഡിറ്റോറിയല്‍ ഡെസ്കി’ലെ സവര്‍ണ്ണ മാടമ്പിമാര്‍ക്ക് പിടിച്ചിട്ടില്ല. പിന്നെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊറോണ പോലെയൊരു മഹാമാരിയെ പിടിച്ചുകെട്ടി ലോകത്തിന് തന്നെ മാതൃകയാകുന്നത്. അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ നിങ്ങള്‍ പലവിധ മാര്‍ഗ്ഗങ്ങളും അന്വേഷിക്കുന്നുണ്ടാകും. പക്ഷേ അത്തരം സിപിഎം വിരുദ്ധ നാമജപ ഘോഷയാത്രകള്‍ക്ക് ജി. സുധാകരന് കുറിയയയ്ക്കേണ്ടതില്ല എന്ന് ആ ”എഡിറ്റോറിയല്‍ ഡെസ്കിനെ” ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
ഞങ്ങള്‍ക്ക് പറയാനുള്ളത്
കൊറോണക്കാലത്ത് ബഹുമാനപ്പെട്ട മന്ത്രി ജി. സുധാകരന് പങ്കുവെച്ച സാമ്രാജ്യത്തവിരുദ്ധചിന്തകളില് നിന്ന് ചിലത് അടര്‍ത്തിയെടുത്ത്, ജന്മഭൂമി വാര്‍ത്തയാക്കി എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ വികസനവും പുരോഗതിയും പിണറായി സര്‍ക്കാരിന്റെ മാത്രം മിടുക്കാണെന്ന മട്ടില്‍ മുഖ്യമന്ത്രിയുടെ ആരാധകര്‍ നടത്തിപ്പോരുന്ന പ്രചാരണങ്ങള്‍ക്കുള്ള മാന്യമായ തിരുത്താണ് മന്ത്രി സുധാകരന്റെ വിഷുപ്പിറ്റേന്നത്തെ ചിന്തകളില്‍ നിന്ന് ജന്മഭൂമി വായിച്ചെടുത്തത്.
എല്ലാ നേട്ടങ്ങളും പെട്ടന്നുണ്ടായതാണെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്നല്ല, ആ രീതിയിലാണ് പ്രചാരണം എന്നാണ് ആ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയത്. സുധാകരന് ഒരു പിണറായി ആരാധകനല്ലെന്ന് ചില പാര്‍ട്ടിക്കാരെങ്കിലും, ആ വാര്‍ത്തയിലൂടെ വായിച്ചെടുക്കുന്നതുകൊണ്ട് അദ്ദേഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ജന്മഭൂമിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാവുന്നുണ്ട്. അത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണേണ്ട ബാധ്യത, മന്ത്രി എന്ന നിലയിലും പാര്‍ട്ടി പ്രവര്ത്തകന് എന്ന നിലയിലും ജി. സുധാകരനുതന്നെയാണ്.
തന്റെ വീഡിയോ പ്രഭാഷണത്തിലെ പല ഭാഗങ്ങളും ജന്മഭൂമി തമസ്കരിച്ചു എന്ന അദ്ദേഹത്തിന്റെ വാദം ഞങ്ങള്‍ നിഷേധിക്കുന്നില്ല. അതിന് കാരണവുമുണ്ട്. കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലും ബ്രിട്ടനിലും പിന്നെ ഗുജറാത്തിലും ആളുകള്‍ മരിച്ചതില്‍ അദ്ദേഹം കാണുന്നത് സാമ്രാജ്യത്വത്തിന്റെ വിനാശമാണ്. ചൈനയും പിണറായിയുമാകട്ടെ കൊറോണയ്ക്കെതിരായ പോരാളികളും. പ്രധാനമന്ത്രി ഇടയ്ക്കൊക്കെ പ്രസംഗിക്കുന്നത് സാമാന്യമര്യാദ മാത്രമാണ്, എന്നാല്‍ മുഖ്യമന്ത്രി എല്ലാ ദിവസവും കേരളീയര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്നൊക്കെ ഒരു സാധാരണ മാര്ക്സിസ്റ്റുകാരന് പോലും ചിന്തിക്കാത്ത വിധമുള്ള നിരീക്ഷണങ്ങളാണ് മന്ത്രിയുടെ വീഡിയോയിലുള്ളത്. അത് തമസ്കരിക്കേണ്ടതാണെന്ന പൂ
ര്‍ണ ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്തത്. കൊറോണയുടെ മറ പിടിച്ച് ഒരു മന്ത്രി തന്റെ രാഷ്ട്രീയാന്ധത പ്രചരിപ്പിക്കുന്നതിന് ജന്മഭൂമി കൂട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്തുതന്നെ കേരളത്തിലെ ആരോഗ്യമേഖല സമ്പന്നമായിരുന്നു എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കേരളം പിണറായിക്ക് ശേഷം ഉണ്ടായതാണെന്ന് വ്യാഖ്യനിക്കുന്ന അന്ധവിശ്വാസികളായ മാര്‍ക്സിസ്റ്റുകള്‍ക്കുള്ള കൃത്യമായ മറുപടിയാണ്. അത് കേവലമായ ഒരു വ്യാഖ്യാനമല്ല. അത്തരം ഒരു പരാമര്‍ശം ജന്മഭൂമി വാര്‍ത്തയാക്കുമ്പോള്‍ താന്‍ മുഖ്യമന്ത്രിക്ക് എതിരാണെന്ന ധാരണ വന്നേക്കുമോ എന്ന അദ്ദേഹത്തിന്റെ ആശങ്കയില്‍ കഴമ്പുണ്ട്. പാര്‍ട്ടിയില്‍ പിണറായിഭക്തനല്ലാതാവുന്നതിന്റെ അപകടത്തെപ്പറ്റി തികഞ്ഞ ബോധ്യമുള്ളതുകൊണ്ടാവണം ജന്മഭൂമിക്കെതിരെ ഇത്തരം പരാമര്‍ശങ്ങളുമായി മന്ത്രി രംഗത്തെത്തിയതെന്ന് കരുതാനാണ് ഞങ്ങള്‍ക്ക് താല്പര്യം. അതിന് മാര്‍ക്സിയന്‍ ചരിത്രവീക്ഷണം മുതല്‍ ക്ഷുദ്രമായ ജാതിചിന്തകളെ വരെ അദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്.
കേരളനവോത്ഥാനത്തിന് ആത്മീയതയുടെ ദിശ പകര്‍ന്ന ആചാര്യന്മാരുടെ പേരിനൊപ്പം ആ മുന്നേറ്റങ്ങളുടെ ക്രെഡിറ്റ് കമ്മ്യൂണിസ്റ്റുകള്‍ക്കു കൂടി ഉള്ളതാണെന്ന മന്ത്രിയുടെ വാദഗതി, കേരളം ഇടത് സര്‍ക്കാരുകളുടെ സംഭാവനയാണെന്ന മട്ടില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളേക്കാള്‍ നിലവാരം കുറഞ്ഞതായിപ്പോയി. തിരുവിതാംകൂര്‍ രാജാക്കന്മാര് ആശുപത്രികള്‍ സ്ഥാപിച്ചു എന്ന ആദ്യ പ്രഭാഷണത്തിലെ പരാമര്‍ശത്തില്‍ അമര്‍ഷം പൂണ്ട ആരെയോ തൃപ്തിപ്പെടുത്താനെന്ന വണ്ണം രാജകുടുംബത്തെ അപമാനിക്കാനും ഇക്കുറി മന്ത്രി തയ്യാറാകുന്നതിന്റെ ദയനീയത ആര്‍ക്കും മനസ്സിലാകും. അത്തരം പരാമര്‍ശങ്ങള്‍ സുധാകരന് ഉന്നയിക്കുന്നത് ആരെ ഊന്നിയാണെന്നും മലയാളികള്‍ക്ക് വേഗം തിരിയും.
മറുപടി തീരെ പറയേണ്ടതില്ലാത്ത ആക്ഷേപങ്ങളാണ് ജന്മഭൂമിക്കെതിരെ മന്ത്രി പിന്നീട് ഉന്നയിക്കുന്നത്. ‘സവര്‍ണ മാടമ്പിമാര്‍’ തുടങ്ങിയ പദപ്രയോഗങ്ങള്‍ ഒരു മന്ത്രിയുടെ, അതും കവിയെന്ന് വാഴ്ത്തപ്പെടുന്ന ഒരു നേതാവിന്റെ, ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. അത് ഏറെ നിര്‍ഭാഗ്യകരമായി പോയി എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
(പത്രാധിപര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: