കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് പകരം വീണ്ടുവിചാരമില്ലാതെ ഇളവുകള്‍ നല്‍കിയത്, ഇത്രനാളും പുലര്‍ത്തിയ സാമൂഹിക പ്രതിബന്ധതയ്ക്ക് കളങ്കം ചാര്‍ത്തുന്നതിന് തുല്യമാണ്.
കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ വിജയിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം എന്നതില്‍ തര്‍ക്കമില്ല. അത് സര്‍ക്കാരിന്റേയും ജനങ്ങളുടേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവെന്നതും ആശ്വാസകരം. പക്ഷേ, പടിക്കല്‍ കൊണ്ടുപോയി കലം ഉടയ്ക്കുന്ന പ്രവൃത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ റസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും മറ്റും തുറക്കാന്‍ അനുമതി നല്‍കിയതിലൂടെ ചെയ്തത്. വന്‍ ഇളവുകള്‍ നല്കി ജനത്തെ കൂട്ടത്തോടെ തെരുവിലിറക്കാനുള്ള നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മൂക്കുകയറിട്ടത്. കേന്ദ്രത്തിന്റെ സമയോചിത ഇടപെടല്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. ഇക്കാര്യത്തില്‍ ലോക് ഡൗണുമായി ബന്ധപ്പെട്ട് ഈ മാസം 15ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ലംഘിച്ച് ഇളവുകള്‍ നല്‍കിയിട്ടുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും ആ ഇളവുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
കേരളം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ചീഫ് സെക്രട്ടറി ടോം ജോസിന് നോട്ടീസ് നല്കി. ഇതിന് പിന്നാലെ നല്കിയ ഇളവുകളില്‍ ചിലത് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതവുമായി. ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ളതും, രോഗം പകരാന്‍ കൂടുതല്‍ സാധ്യതയുള്ളതുമായ ഇടങ്ങളില്‍ ഒരുകാരണവശാലും ഇളവ് അനുവദിക്കരുത് എന്ന നിര്‍ദ്ദേശമാണ് കാറ്റില്‍ പറത്തിയത്. റസ്റ്റോറന്റ്, ബാര്‍ബര്‍ ഷോപ്പ്, വര്‍ക് ഷോപ്പ്, ബുക്സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്കിയതും നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ തുറക്കാന്‍ അനുവദിച്ചതും ചട്ടലംഘനമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. വീട്ടിലെ ഭക്ഷണം എന്ന ശീലം ലോക് ഡൗണ്‍കാലത്താണ് മലയാളികള്‍ തിരിച്ചുപിടിച്ചത്. വ്യത്യസ്ത രുചികള്‍ക്ക് പിന്നാലെ പായുന്ന യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ക്ക് അതല്ലാതെ വേറെ വഴിയില്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ റസ്റ്റോറന്റുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിലൂടെ, അവിടെ ഉണ്ടായേക്കാവുന്ന തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. ലാഭം നോക്കുന്ന ഹോട്ടല്‍ ഉടമകളും ജീവനക്കാരും സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. ഇളവുകള്‍ ലഭിച്ച മറ്റു മേഖലകളിലും സ്ഥിതി ഏകദേശം ഇതുപോലെതന്നെയാവും.
2005ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരമാണ് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ വെള്ളം ചേര്‍ക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അവ കര്‍ശനമായും നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റോറന്റുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരെത്തിയത്. ബൈക്കില്‍ രണ്ടുപേര്‍ക്ക് യാത്ര അനുവദനീയമല്ല എന്ന് വ്യക്തമാക്കിയിട്ടും കുടുംബാംഗമാണെങ്കില്‍ യാത്ര ചെയ്യാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. ഈ തീരുമാനത്തിനും കേന്ദ്രം പിടിമുറുക്കിയതിന്റെ പശ്ചാത്തലത്തില്‍ മാറ്റം വരും.
ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരു ഘട്ടം എത്തിയപ്പോഴേക്കും കേന്ദ്രത്തോട് കൂടുതല്‍ ഇളവുകളും സാമ്പത്തിക സഹായങ്ങളും ചോദിച്ച ഏക സംസ്ഥാനമാണ് കേരളം. എല്ലാ മേഖലകളിലും ഇളവുകള്‍ നല്കിയാല് അത്രയും സന്തോഷം എന്നതായിരുന്നു നയം. മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ഇക്കാര്യത്തില്‍ അതീവ താല്പര്യത്തോടെ സംസാരിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്. സംസ്ഥാനം ചോദിക്കുന്നതെല്ലാം തരാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നാണ് ഇവരുടെയെല്ലാം ധാരണ. എന്നാല്‍ ചില കാര്യങ്ങള്‍ വരുമ്പോള്‍ കേരളം മറ്റൊരു രാജ്യമാണെന്നാണ് ചിന്ത. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാം. കേന്ദ്ര നിര്‍ദ്ദേശം പാടെ തള്ളാം. ഇതാണ് രീതി. അതാണ് ഇപ്പോള്‍ ഇവിടെയും കണ്ടത്. പക്ഷേ ഇതിന്
പിന്നില്‍ ശക്തമായ ചില രാഷ്ട്രീയ താല്പര്യങ്ങളും ഉണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ ജനങ്ങളുടെ സുരക്ഷയെപ്പോലും കരുതാതെ, ഇളവുകള്‍ എന്ന പേരില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് എന്നതും പരിശോധിക്കണം. ഭരണപക്ഷത്തിനായാലും പ്രതിപക്ഷത്തിനായാലും, ജനങ്ങളുടെ ജീവനേക്കാള്‍ ഉപരിയായി വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്തുക എന്നതിനാണ് മുന്‍തൂക്കം.
ഇളവുകള്‍ പ്രാബല്യത്തില്‍ വന്നപ്പോഴേക്കും നിരത്തുകള്‍ കീഴടക്കിയ ആള്‍ക്കൂട്ടത്തെയാണ് ഇന്നലെ പല ഇടങ്ങളിലും കണ്ടത്. ഇതൊരിക്കലും ശുഭസൂചനയല്ല നല്‍കുന്നത്. ആഴ്ചകള്‍ക്ക് ശേഷം കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ തീരുമാനിച്ചാല്‍, ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ക്ക് അര്ത്ഥമില്ലാതെപോകും. സാമൂഹിക അകലം എന്നത് ലോക് ഡൗണ്‍ കാലത്തെ പോലെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മനസ്സിലാക്കിവേണം ജനം പെരുമാറാന്‍. സ്വയം നിയന്ത്രിക്കുക എന്നതുതന്നെയാണ് നമുക്കിപ്പോള്‍ അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: