കണ്ണൂര്‍: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ ആറു പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഇവരില്‍ മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര് ദുബൈയില്‍ നിന്നെത്തിയവരാണ്.
പെരളശ്ശേരി സ്വദേശിനിക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. മാര്‍ച്ച് 19ന് ഐഎക്സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് മാടായി സ്വദേശിയായ 22കാരന് നാട്ടിലെത്തിയത്.
ഇരിവേരി സ്വദേശി 25കാരന് മാര്‍ച്ച് 20ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തി. ബാക്കി മൂന്നു പേരും മാര്‍ച്ച് 22ന് നാട്ടിലെത്തിയവരാണ്. ഇവരില്‍ വേളാപുരം സ്വദേശി 36കാരന് ദുബൈയില്‍ നിന്ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. ചെറുവാഞ്ചേരി സ്വദേശി 27കാരനും കുന്നോത്ത് പറമ്പ് സ്വദേശിയായ 27കാരനും അബൂദാബിയില്‍ നിന്നുള്ള ഇവൈ 254 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് നാട്ടിലെത്തിയത്.
പെരളശ്ശേരി സ്വദേശിയായ 34കാരിക്കാണ് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായിരിക്കുന്നത്. ആറു പേരും ഏപ്രില്‍ 17ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.നിലവില്‍ 5133 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരില്‍ 49 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും, 8 പേര് ജില്ലാ ആശുപത്രിയിലും 3 പേര് തലശ്ശേരി ജനറല്‍ ആശുപത്രിയിലും 43 പേര് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 5030 പേര് വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്നും 2256 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1855 എണ്ണത്തിന്റെ ഫലം ലഭ്യമായി. 401 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: