തിരുവനന്തപുരം: ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനുളള ഉപകാര സ്മരണയാണ് റിട്ട. ജസ്റ്റിസ് പി.ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചതിനു പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പിണറായി വിജയനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞയാളാണ് ജസ്റ്റിസ് ഉബൈദ്. ഇപ്പോഴത്തെ നിയമനം അതിനുള്ള പ്രതിഫലമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ട്രിബ്യൂണല്‍ ചെയര്മാന് സ്ഥാനം വിവാദത്തിനതീതമാകണമെന്നും അദേഹം പ്രസ്താവനയിലൂടെ പ്രതികരിച്ചു.
പത്ര പ്രസ്താവനയുടെ പൂര്‍ണരൂപം
സംസ്ഥാന റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി റിട്ട. ജസ്റ്റിസ് പി.ഉബൈദിനെ നിയമിച്ചത് വിവാദമായ സാഹചര്യത്തില്‍ നിയമനം റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ജസ്റ്റിസ് ഉബൈദിന്റ നിയമനം ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പിണറായി വിജയന് പ്രതിയായ ലാവലിന്‍ അഴിമതി കേസില്‍ അദ്ദേഹത്തെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞയാളാണ് ജസ്റ്റിസ് ഉബൈദ്. ലാവലിന്‍ കേസ് അന്വേഷിച്ച സിബിഐ ക്കെതിരെ അന്ന് രൂക്ഷ വിമര്‍ശനമാണ് ഉബൈദ് നടത്തിയത്. ഇപ്പോഴത്തെ നിയമനം അതിനുള്ള പ്രതിഫലമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. നിയമനം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ജസ്റ്റിസ് ഉബൈദ് പറയുന്നതു കൊണ്ടുമാത്രം അതങ്ങനെയാകണമെന്നില്ലന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപലേറ്റ് ട്രിബ്യൂണല്‍ ചെയര്മാന് സ്ഥാനം വിവാദത്തിനതീതമാകണം. ഹൈക്കോടതിയുടെ പാനലില്‍ നിന്നാണ് ചെയര്‍മാനെ നിയമിക്കുന്നത്. ആ നിലയ്ക്ക് സംശയത്തിന്റെ നിഴലിലുള്ളയാളെ പ്രധാന സ്ഥാനത്തേക്കു കൊണ്ടുവരുന്നത് ഒഴിവാക്കി പാനലിലുള്ള, വിവാദത്തിനതീതരായ ആരെയെങ്കിലും നിയമിക്കുകയാണ് വേണ്ടത്. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വിലകല്പിക്കുന്നയാളാണെങ്കില് ജസ്റ്റിസ് ഉബൈദ് ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകരുതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: