ന്യൂദല്‍ഹി : രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും രാജ്യ സുരക്ഷാ നടപടിക്രമങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഇപ്പോഴും കര്‍ശ്ശന സുരക്ഷയില്‍ തന്നെയാണ്്. ഏതുതരത്തിലുള്ള ആക്രമണങ്ങളും നേരിടാന്‍ സൈന്യം സുസജ്ജമാണെന്നും രാജ്നാഥ് സിങ് അറിയിച്ചു.
രാജ്യത്തിന്റെ ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞപ്പോള്‍ അത് മറയാക്കി പാക്കിസ്ഥാന് നിരവധി തവണയാണ് ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണ രേഖയിലേക്കും അതിര്‍ത്തി പ്രദേശങ്ങളിലേക്കും പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. കൂടാതെ നുഴഞ്ഞു കയറ്റശ്രമം നടത്തിയെങ്കിലും പാരാ മിലിട്ടറി ഫോഴ്സ് കമാന്‍ഡോകള്‍ അത് തകര്‍ത്തെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ പ്രത്യാക്രമണങ്ങളാണ് നടത്തി വരുന്നത്. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരതാവളങ്ങള്‍ കൃത്യമായി ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
ലൈന്‍ ഓഫ് കണ്ട്രോള് എന്ന നിയന്ത്രണരേഖയ്ക്ക് പുറത്തുള്ള ഭീകര കേന്ദ്രങ്ങളിലെ ഭീകരര്‍ തക്കം കിട്ടിയാല്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നവരാണ്. ഭീകരര്‍ക്ക് അങ്ങിനെ ഒരവസരം കൊടുക്കാതെ സൈന്യം അതിര്‍ത്തി സംരക്ഷിക്കുകയാണെന്നും രാജ്നാഥ സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: