കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ പ്രവാസിയുടെ വിദേശ കമ്പനിയുമായി ഡാറ്റാ വിശകലനത്തിന് അനൗദ്യോഗികമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഐ ടി.സെക്രട്ടറിയുടെ സ്വന്തം ബോധ്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മാര്‍ച്ച് 27 മുതല്ക്കാണ് രോഗികള്‍, ഐസൊലേഷന്‍, ക്വാറന്റ്റൈന്‍ തുടങ്ങിയ വിഭാഗക്കാരുടെ വിവരങ്ങള്‍ സത്യം മറച്ചു വച്ച് സ്പ്രിംഗ്ലറിന്റെ സെര്‍വ്വറില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയത്. എന്നാല്‍ സെക്രട്ടറി കമ്പനിയുമായി കരാറില്‍ ഒപ്പിടുന്നത് മാര്‍ച്ച് 25 എന്ന മുന്‍ തിയതി രേഖപ്പെടുത്തി, ഏപ്രില്‍ 14 നും. അപ്പോള്‍ തന്നെ ഏകദേശം രണ്ട് ലക്ഷത്തോളം സ്വകാര്യ രോഗവിവരങ്ങള്‍ സ്പ്രിംഗ്ലറിന് സര്‍ക്കാര്‍ കൈമാറി കഴിഞ്ഞിരുന്നു, അതിന് ഉപോല്‍ബലകമായി ഉന്നയിക്കുന്ന പൊള്ളയായ വാദമാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തില്‍ ബിഗ് ഡാറ്റ സംവിധാനങ്ങളുടെ അനിവാര്യതയും രാജ്യത്ത് ബിഗ് ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ അഭാവവും. എന്നാല്‍ എന്താണ് ബിഗ്ഡേറ്റ? അതേ കുറിച്ചറിയേണ്ടത് ഇന്ന് നമ്മുടെ കടമയും ഉത്തരവാദിത്വവുയായി മാറിയിരിക്കുന്നു.
എന്താണ് ഡാറ്റ സയന്‍സ്;
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചുവട് പിടിച്ച് ഡാറ്റ സയന്‍സ് എന്ന ശാസ്ത്രമേഖല ഉദയം ചെയ്യുന്നത്. 2001 ല്‍ അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനും പര്‍ഡ്യൂ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനുമായ വില്യം സ്വെയിന്‍ ക്ലീവ്ലാന്റ്, ഇന്റര്‍നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍(ഐഎസ്ഐ) പ്രസിദ്ധീകരിച്ച ”സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ സാങ്കേതിക വിദ്യകള്‍ – ഒരു ആക്ഷന്‍ പ്ലാന്‍” എന്ന ലേഖനത്തിലാണ് ‘ഡാറ്റാ സയന്‍സ്’ എന്ന പദം കടന്നു വരുന്നത്. ഘടനാപരമായതും ഘടനയില്ലാത്തതുമായ നിരവധി ഡാറ്റകളില്‍ നിന്ന് അറിവും ഉള്‍ക്കാഴ്ചകളും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ശാസ്ത്രീയ രീതികള്‍, പ്രക്രിയകള്‍, അല്‍ഗോരിതങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന ഒരു ഇന്റര്‍-ഡിസിപ്ലിനറി മേഖലയാണ് ഡാറ്റ സയന്‍സ്. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇന്‍ഫര്‍മേഷന്‍ വിഷ്വലൈസേഷന്‍, ഗ്രാഫിക് ഡിസൈന്‍, ഡാറ്റാ വ്യാപാരം എന്നീ സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേല്പറഞ്ഞ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് ഡബ്ല്യഎച്ച്ഒയും വേള്‍ഡോ മീറ്റര്‍ പോലുള്ള ആഗോള പ്ലാറ്റ്ഫോമുകളും ലോകരാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും കോവിഡ് വ്യാപനത്തിന്റെ പൊതുകണക്കെടുക്കുകയും അവരുടെ ഡാഷ് ബോര്‍ഡില്‍ വിശകലനം ചെയ്യുന്നുമുണ്ട്, എന്നാല്‍ അതൊന്നും വ്യക്തിഗതമായ വിശകലനങ്ങള്‍ അല്ല.
ഗൂഗിളിന്റെ ചീഫ് ഇക്കണോമിസ്റ്റും യുസി ബെര്‍ക്ക്ലി ഇന്‍ഫര്‍മേഷന്‍ സയന്‍സസിലെ, ബിസിനസ്, ഇക്കണോമിക്സ് പ്രൊഫസറുമായ – ഹാള്‍ വേരിയന്റെ അഭിപ്രായത്തില്‍ ”ഡാറ്റ എടുക്കാനുള്ള കഴിവ് – അത് മനസിലാക്കാനും പ്രോസസ്സ് ചെയ്യാനും അതില്‍ നിന്ന് മൂല്യം വേര്‍തിരിച്ചെടുക്കാനും ദൃശ്യവല്ക്കരിക്കാനും ആശയവിനിമയം നടത്താനുമുള്ള കഴിവ് – എന്നാണ് ഡാറ്റാ സയന്‍സിനെ അടയാളപ്പെടുത്തുന്നത്. അത് അടുത്ത ദശകങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രവൈദഗ്ധ്യമായിരിക്കുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു”
ഇനി എന്താണ് ഐടി സെക്രട്ടറിയുടെ ബിഗ് ഡാറ്റ എന്നു നോക്കാം:
വളരെ വലുതും സങ്കീര്‍ണ്ണവുമായ ഡാറ്റാ സെറ്റുകള്‍ വിവരിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് ബിഗ് ഡാറ്റ.സാധാരണ ഡാറ്റാബേസ് മാനേജുമെന്റ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അവയെ പ്രവര്‍ത്തിപ്പിക്കാനും ക്രോഡീകരിക്കാനും ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, അപസ്മാരം നിരീക്ഷിക്കുന്നതിനായി 5 മുതല്‍ 10 ജിബി വരെ ഡാറ്റ ആവശ്യം വരുന്നുണ്ട്, അതുപോലെ, ബ്രെസ്റ്റ് ടോമോസിന്തസിസിന്റെ ഒരു കംപ്രസ്സ് ചെയ്യാത്ത ചിത്രത്തിന് ശരാശരി 450 എംബി ഡാറ്റയാണ് വേണ്ടി വരിക.
വലിയ ഡാറ്റകള്‍ സംഭരിക്കുന്നതിനൊപ്പം അത് പ്രോസസ് ചെയ്യുന്നതിന് കമ്പ്യൂട്ടിംഗ് ആര്‍ക്കിടെക്ചറുകളുടെ സഹായം ആവശ്യമാണ്. ഉദാഹരണത്തിന് ഗൂഗിള്‍, യാഹൂ!, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ പുതിയ കമ്പ്യൂട്ടിംഗ് ആര്‍ക്കിടെക്ചര്‍ വികസിപ്പിച്ചിട്ടുണ്ട്, അതിനെ ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന് വിളിക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നാണ് മാപ്പ് റെഡ്യൂസ്. ഒരു ക്ലസ്റ്ററില്‍ സമാന്തരമായി വിതരണം ചെയ്ത അല്‍ഗോരിതം ഉപയോഗിച്ച് വലിയ ഡാറ്റ സെറ്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനും ചുരുക്കുന്നതിനും പുനസൃഷ്ടിക്കുന്നതിനുമുള്ള ഒരു പ്രോഗ്രാമിംഗ് മോഡലാണ് മാപ്പ് റെഡ്യൂസ്.2000 ന്റെ മധ്യത്തില്‍, ലിങ്ക്ഡ് ഇനിലെ ഡിജെ പാട്ടീല്‍, ഫേസ്ബുക്കിലെ ജെഫ് ഹമ്മര്ബാച്ചര് എന്നിവര്‍ അവരുടെ ബിഗ് ഡാറ്റയെ വിശകലനം ചെയ്ത് വ്യാപാര മൂല്യം നേടുന്നതിനായി കമ്പനിയില്‍ പ്രത്യേകമായി ഡാറ്റാ സയന്‍സ് വിഭാഗങ്ങളെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ഡേറ്റാ പ്രൊഫഷണലുകളുടെ ആവശ്യകത ആഗോള കമ്പനികള്‍ തിരിച്ചറിഞ്ഞതോടെ 2008 ല്‍ ”ഡാറ്റാ സയന്റിസ്റ്റ്” എന്ന പദം ഉരുത്തിരിഞ്ഞ് വരികയും,വന്‍തോതില്‍ ഡാറ്റ സംഘടിപ്പിക്കാനും വിശകലനം ചെയ്യാനും തുടങ്ങി, ലോകത്ത് ‘ഡാറ്റാ സയന്റിസ്റ്റിനായുള്ള’ ഒഴിവുകളുടെ എണ്ണത്തില്‍ തന്നെ 2010 ജനുവരി മുതല്‍ 2012 ജൂലൈ വരെ 10,000 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നാണ് സ്ഥിതിവിവര കണക്കുകള്‍. അതില്‍ നിന്നു തന്നെ ആഗോളതലത്തില്‍ എന്തുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തകകള്‍ ഡാറ്റ സമാഹരിക്കുന്നത് എന്നതിന്റെ ആവശ്യകത നമുക്ക് മനസ്സിലാക്കാം.
ഇനി നമ്മുടെ വിഷയത്തിലേയ്ക്ക് വന്നാല്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യ പരിരക്ഷയുടെ മെച്ചപ്പെട്ട സേവന വ്യവസ്ഥയിലും ബിഗ് ഡാറ്റ അനലിറ്റിക്സിന്റെ പങ്കെന്ത്? വ്യക്തിഗതമായി ഒരു രോഗിയ്ക്ക് നല്കുന്ന മരുന്ന്, മുന്‍ രോഗ ചരിത്രം, മരുന്ന് കുറിപ്പടികളുടെ വിവരങ്ങള്‍, മരുന്നിന്റെ അളവ്, ക്ലിനിക്കലായുള്ള രോഗ പ്രശ്നങ്ങളും രോഗ ലക്ഷണങ്ങളും, ലബോറട്ടറി ഫലങ്ങള്‍, മരുന്നിനോടുള്ള രോഗിയുടെ പ്രതികരണം, തുടര്‍ന്നുള്ള ചികിത്സാ രീതികള്‍, രോഗ നിര്‍ണയം, രോഗമാലിന്യ പരിപാലനം, രോഗിയുടെ ഡാറ്റ നല്കുന്ന യാന്ത്രികവും ബാഹ്യവും ആന്തരികവുമായ റിപ്പോര്‍ട്ടിംഗ്, ആധികാരിക വൈദ്യശാസ്ത്ര നിബന്ധനകള്‍, രോഗികളുടെ രജിസ്ട്രേഷന് വിവരങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങള്‍ എന്നിവ കമ്പനികളുടെ സെര്‍വ്വറില്‍ ലഭ്യമാക്കി, ഡാറ്റാ സൈന്റ്റിസ്റ്റുകളെ ഉപയോഗിച്ച് വിശകലനം ചെയ്തു കൊണ്ട് ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്താന്‍ ഇന്ന് ആഗോളതലത്തില്‍ ബിഗ് ഡാറ്റ അനലിറ്റിക്സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എം ഹെല്‍ത്ത്, ഇഹെല്‍ത്ത്, ശരീരത്തില്‍ ധരിക്കാവുന്ന സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും, ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ഡാറ്റ, ഇമേജിംഗ് ഡാറ്റ, സെന്‍സര്‍ ഡാറ്റ തുടങ്ങിയ വിവിധ പ്രോഗ്രാമുകളുടെ ആത്യന്തികമായ ലക്ഷ്യം മേല്‍ പറഞ്ഞ ഡാറ്റാ സമാഹരണവും നിലവിലെ ഗുണനിലവാരത്തിന്റെ പുരോഗതിയും സാങ്കേതിക വിദ്യയുടെ വ്യാപാരവുമാണ്.
അതുകൊണ്ട് തന്നെ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ കാര്യത്തില്‍ ആരോഗ്യ മേഖലയിലെ ബിഗ് ഡാറ്റകള്‍ ( അതായത് രോഗികളുടെ വിവരങ്ങള്‍ ) ലഭിക്കുകയെന്നത് ഗവേഷണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം വാഗ്ദാനവും വരദാനമാണ്, കാരണം ഡാറ്റാധിഷ്ടിത വിശകലനത്തിന് അനുമാനിച്ച ഗവേഷണത്തേക്കാള്‍ വേഗത്തില്‍ മുന്നോട്ട് പോകാന്‍ കഴിയും. മെഡിക്കല്‍ ഡാറ്റാ വിശകലനത്തില്‍ കാണുന്ന പൊതുവായ പ്രവണതകള്‍, പരമ്പരാഗതമായ വിശകലനങ്ങള്‍ എന്നിവ ബയോളജിക്കല്‍ റിസര്‍ച്ചിലും, പൊതു-സ്വകാര്യ മരുന്ന് ഗവേഷണത്തിലും ഒടുവില്‍ ക്ലിനിക്കല്‍ ഗവേഷണത്തിലും പരീക്ഷിക്കാന്‍ കഴിയും. ഇവിടെയാണ് സ്പ്രിംഗ്ലര്‍ എന്ന കമ്പനിയുടെ വിശ്വാസ്യതയും സൗജന്യ ഡാറ്റാ സമാഹരണവും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെടുന്നത്.
കേരളത്തില്‍ നിന്ന് അനൗദ്യോഗികമായി മേല്‍ പറഞ്ഞ രോഗികളുടെ സ്വകാര്യ -ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്ലറിന് കൈമാറിയിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം ഗുരുതരമായ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സ്പ്രിംഗ്ലറില്‍ നിന്ന് അത്തരം മരുന്ന് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് രോഗികളുടെ ബിഗ്ഡേറ്റകള് ലഭ്യമാക്കപ്പെട്ടാല് ക്ലിനിക്കല്‍ ട്രയലിനുള്ള പ്രധാന മാനദണ്ഡമായ ക്രമരഹിതമായ നിയന്ത്രിത ട്രയലിനും ചികിത്സാ – നിയന്ത്രിത ഗ്രൂപ്പുകള്‍ക്ക് അനുബന്ധമായും അവ ഉപയോഗിക്കപ്പെടാം. അതിവിടെ സര്‍ക്കാരോ ഐ.ടി സെക്രട്ടറിയോ വ്യക്തമാക്കിയിട്ടില്ല. അഥവാ ഭവന സന്ദര്‍ശന വിവരങ്ങള്‍ മാത്രമാണ് അപ് ലോഡ് ചെയ്തത് എങ്കില്‍ ബിഗ് ഡാറ്റയുടെ ആവശ്യകതയെന്ത് എന്നു കൂടെ സര്‍ക്കാര്‍ വ്യക്തമാക്കണം. ആരോഗ്യസംരക്ഷണത്തില്‍ ബിഗ് ഡാറ്റയുടെ ഉപയോഗം, വ്യക്തിഗത അവകാശങ്ങള്‍, സ്വകാര്യത, സുതാര്യത, ഫെഡറല്‍ സംവിധാനങ്ങളിലെ വിശ്വാസം എന്നിവയ്ക്കുമേലുള്ള അപകടസാധ്യതകള്‍ ആഗോളതലത്തില്‍ തന്നെ ഒരു നൈതിക വെല്ലുവിളിയായി ഉയര്‍ന്നു വന്നിട്ടുണ്ട്. അതിലേയ്ക്കാണ് ആസൂത്രിതമായോ സംശയത്തിന്റെ നിഴലിലോ ഇടത് സര്‍ക്കാരും മുഖ്യമന്ത്രിയും കേരളത്തെ വച്ച് നീട്ടിയത്.
ഇന്ന് യുഎസ്, യുകെ, ബ്രസീല്‍, ജര്‍മ്മനി, സ്വീഡന്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ നിരവധി വികസിത രാജ്യങ്ങള്‍ മികച്ച ചികിത്സാ നടപടിക്രമങ്ങളും ക്ലിനിക്കല്‍ സേവനങ്ങളും ലഭ്യമാക്കുന്നതിന് ഹെല്‍ത്ത് കെയര്‍ അനലിറ്റിക്സിന്റെ ബിഗ് ഡാറ്റാ സയന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആഗോള വിപണിയില്‍ ആരോഗ്യ സംരക്ഷണ ബിഗ് ഡാറ്റാ അനലിറ്റിക്സ് മാര്‍ക്കറ്റിന്റെ മൂല്യം
2018 ല്‍ 19810.60 മില്യണ്‍ ഡോളറായിരുന്നു, 2020 -2027 ഓടെ ഏകദേശം 68750 മുതല്‍ 96843.99 ദശലക്ഷം ഡോളര്‍ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതു കൊണ്ടാണ് കേരളത്തില്‍ നിന്ന് സൗജന്യമായി കടത്തികൊണ്ട് പോകുന്ന ബിഗ് ഡാറ്റായുടെ സുതാര്യത സംശയിക്കപ്പെടുന്നത്. രോഗികളുടെ എണ്ണമോ, പനിയോ, ജലദോഷമോ, മൂക്കൊലിപ്പോ, യാത്രാ വിവരങ്ങളോ മാത്രമാണ് സ്പ്രിംഗ്ലറിന് കൈമാറിയിരുന്നെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഏതെങ്കിലും പെട്ടിക്കടയിലെ കമ്പ്യൂട്ടര്‍ തന്നെ വിവരശേഖരണത്തിന് ധാരാളം മതിയാവും. അവിടെയാണ് ഐടി സെക്രട്ടറിയുടെ ബിഗ് ഡാറ്റ അവശ്യവാദം പൊള്ളയാണെന്ന് പറയേണ്ടി വരുന്നത്. അഥവാ സംസ്ഥാനത്ത് കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഗ് ഡാറ്റയുടെ ആവശ്യകത വന്നുവെങ്കില്‍ കൂടുതല്‍ സ്വകാര്യ രോഗവിവരങ്ങള്‍ കമ്പനിയ്ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്, അല്ലെങ്കില്‍ അതിനാണ് പദ്ധതിയിട്ടിരുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി പ്രൊഫഷണല്‍ ബന്ധങ്ങളും സംശയാസ്പദമായി ഈയവസരത്തില്‍ കൂട്ടി വായിക്കപ്പെടുകയാണ്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രസക്തമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും, ബിഗ് ഡാറ്റകള്‍ വ്യവസ്ഥാപിതമായി സൃഷ്ടിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സര്‍ക്കാര്‍ – സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കള്‍ക്ക് പോലും ഇന്ന് ന്യൂതന സംവിധാനങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. അതും മെഡിക്കല്‍ ഡാറ്റയുടെ ആവശ്യകത ആഗോളതലത്തില്‍ തന്നെ വര്‍ദ്ധിപ്പിക്കുന്നു. അതെ തുടര്‍ന്ന് ഇന്ന് പല മള്‍ട്ടി നാഷണല്‍ ആശുപത്രി ശൃംഖലകളും ഇന്‍ഷ്യുറന്‍സ് കമ്പനികളും മരുന്ന് കമ്പനികളും തമ്മില്‍ ‘ബിഗ് ഡാറ്റയിലൂടെയുള്ള രോഗവിവര സ്വകാര്യതയുടെ കൈമാറ്റത്തില്‍ ‘ സംശയത്തിന്റെ നിഴലിലാണ്. തുടര്‍ന്ന് ഒരു സാധാരണക്കാരന് അവന്റെ അറിവോ സമ്മതമോ ഇല്ലാതെ അത്തരം മരുന്ന് ഗവേഷണ വിശകലനങ്ങളുടെ ഭാഗമായി മാറുകയും മൂല്യമുള്ള വസ്തുവായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ആരോഗ്യ ഇന്‍ഷ്യുറന്‍സ് മേഖലയില്‍ അഡ്മിനിസ്ട്രേറ്റീവ് തസ്തികയില്‍ നീണ്ട കാലം ജോലി ചെയ്യുന്ന ഒരു വ്യക്തിക്ക് സിദ്ധിക്കുന്ന ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം ദൈനംദിന മെഡിക്കല്‍ വിവരങ്ങളുടെ വിശകലനത്തിലൂടെ ആര്‍ജിച്ചെടുക്കുന്നതാണ്. 2010 മുതല്‍ 200 ലധികം പുതിയ സ്റ്റാര്‍ട്ടപ്പുകളും നൂതന ആരോഗ്യ പരിരക്ഷാ ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 40 ശതമാനവും നേരിട്ടുള്ള ആരോഗ്യ ഇടപെടലുകള്‍ അല്ലെങ്കില്‍ പ്രവചന ശേഷികള്‍ ലക്ഷ്യമിട്ടായിരുന്നു. ഇന്ത്യയില്‍ അത്തരത്തില്‍ ബിഗ് ഡാറ്റ വിഭാഗത്തില്‍ ഉടലെടുത്ത സ്റ്റാര്‍ട്ടപ്പുകളാണ് മെറ്റോം, കൂയി ടെക്നോളജീസ്, മാപ് മൈ ജീനോം, ഡോക്-എന്‍ഗേജ് തുടങ്ങിയവ.
സ്പ്രിംഗ്ലറിന് പിന്നില്‍ മറഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ഹെല്‍ത്ത് കെയര്‍ അനലിറ്റിക്സ് വിപണിയിലെ ആഗോള ഭീമന്മാര് (ഓള്സ്ക്രിപ്റ്റ്സ് ഹെല്‍ത്ത് സൊല്യൂഷന്‍സ്, സെര്‍നര്‍ കോര്പ്പറേഷന്, സിറ്റിയസ് ടെക്, Inc., ഹെല്‍ത്ത് കാറ്റലിസ്റ്റ്, ഐബിഎം കോര്പ്പറേഷന്, ഇനോവലോണ്, ഒറാക്കിള്‍ കോര്പ്പറേഷന്, ഒപ്റ്റം, Inc.etc.) അവരുടെ മരുന്ന് ഗവേഷണ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനായി തന്ത്രപരമായ ലയനങ്ങള്‍, മറ്റ് കമ്പനികളെ ഏറ്റെടുക്കലുകള്‍, ഗവേഷണ-വികസന സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ തുടങ്ങിയ സമീപനങ്ങള്‍ അനുവര്‍ത്തിക്കാറുണ്ട്. അപ്പോഴാണ് സ്പ്രിംഗ്ലറിന്റെ കൈവശമുള്ള വ്യക്തിഗത ഡാറ്റ കമ്പനിയുടെ കരുതല്‍ മൂല്യമായി മാറുകയും കൂടുതല്‍ വിപണന സാധ്യതകളിലേയ്ക്കും കടക്കുന്നത്. കോവിഡ് എന്ന ആഗോള പ്രതിഭാസം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്ക്കുന്ന ഈ സമയത്ത് എത്രമാത്രം ഗവേഷണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുമെന്ന് നാം ചിന്തിക്കണം, അവിടെയാണ് നമ്മുടെ പൗരന്മാരുടെ സ്വകാര്യ രോഗവിവരങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനച്ചരക്കായി മാറുന്നത്. ആന്‍ഡ്രോയിഡ് ഫോണില്‍ ഗോലി കളിക്കുന്ന ലാഘവത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നില്ല കോവിഡ് 19 രോഗികളുടെ പൊതു സ്വകാര്യത. രോഗവ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കരുതല്‍ നടപടികള്‍ അഭിനന്ദനാര്‍ഹമായി മുന്നില്‍ നിര്‍ത്തിക്കൊണ്ട് തന്നെ ഇത്തരം ഗുരുതരമായ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ലജ്ജാകരമാണ്. ബിഗ് ഡാറ്റയുടെ വിപണി മൂല്യം കണക്കാക്കുമ്പോള്‍ കോടികളുടെ അഴിമതി നടന്നുവെന്ന് പറയേണ്ടി വരും. ലോകോത്തര ഐടി കണ്‍സള്‍ട്ടന്റായ ഏണസ്റ്റ് ആന്‍ഡ് യങ് നടത്തിയ പഠനത്തില്‍ ഒരാളുടെ സെന്‍സിറ്റീവ് ഹെല്‍ത്ത് ഡാറ്റയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത് 100 പൗണ്ട് അഥവ 10000 രൂപയാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നീക്കവും ഒരു കാലത്ത് ഡാറ്റ വിപണിയിലെ ഖനിയായി മാറാം. നിങ്ങളുടെ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ രോഗവിവരങ്ങള്‍ നിങ്ങളുടെ വിപണനശേഷിയെ നിര്‍ണ്ണയിക്കുന്നു.
സംസ്ഥാനങ്ങള്‍ അന്തര്‍ദേശീയ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും പഠനവും നടത്തേണ്ടതുണ്ട്, കേന്ദ്രാനുമതി ഇല്ലാതെ നടത്തുന്ന ഇടപാടുകള്‍ നിയമ ക്കുരുക്കിലാകുമെന്നും ഉറപ്പാണ്. ആശാ വര്‍ക്കര്‍മാര്‍ വഴിയും ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും ശേഖരിക്കുന്ന സാധാരണക്കാരായ ആളുകളുടെ വിവരങ്ങള്‍ ഡാറ്റ അനലിറ്റിക്സിന്റെ വിവരം മറച്ച് വച്ച് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ (https://kerala-field-covid.sprinklr.com/ ) വെബ്സൈറ്റിലേക്ക് ദിവസേന അപ്ലോഡുചെയ്യുന്നു, ഡാറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വന്നപ്പോള്‍,
url: housevisit.kerala.gov.in എന്ന കേരള വെബ് സൈറ്റിലേയ്ക്ക് മാറ്റുന്നു, ഏപ്രില്‍19-ാം തിയതി രാത്രിയ്ക്ക് രാത്രി വീണ്ടും പഴയ സ്പ്രിംഗ്ലര്‍ സൈറ്റ് ആക്ടീവ് ആകുന്നു.ഐ.ടി സെക്രട്ടറിയെ കരാര്‍ ഒപ്പിടാന്‍ ചുമതലപ്പെടുത്തിയ ക്യാബിനറ്റ് നോട്ടും സ്പ്രിംഗ്ലറിന്റെ കാര്യത്തില്‍ ഇല്ല എന്നുള്ളതും ഗൗരവകരമാണ്. ഭരണഘടനാപരമായ ചട്ടങ്ങള്‍ ലംഘിച്ച്, ഫെഡറല്‍ ഭരണസംവിധാനങ്ങള്‍ക്ക് പുറത്ത്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് -2000 ന്റെയും ആര്‍ട്ടിക്കിള്‍ 14, 21 ന്റെയും ലംഘനമാണ് ഈ നിയമവിരുദ്ധ കരാറിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ആരോഗ്യരക്ഷാപ്രവര്ത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ആരോഗ്യ ഡാറ്റ ശേഖരിക്കുന്നതിന് ഒരു കമ്പനിയെ പങ്കാളിയാക്കിയതില്‍
അത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ ‘കേന്ദ്ര സര്‍ക്കാരിന്റെ റേഷന്‍ കൊടുത്ത് തുടങ്ങിയോ എന്ന് ചോദിക്കുമ്പോള്‍, നാളെ മുതല്‍ റേഷന്‍ കട തുറക്കില്ല’ എന്നല്ല മുഖ്യമന്ത്രി പറയേണ്ടിയിരുന്നത്. കരാര്‍ വ്യവസ്ഥകളെക്കുറിച്ചു ചോദ്യം വന്നാല്‍ അതിനു യുക്തമായ മറുപടി നല്‍കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെയാണ് പ്രതികരണ ശേഷിയുള്ള നിലവിലെ രാഷ്ട്രീയസംവിധാനവുമായി സംവദിക്കാന്‍ നമ്മള് ബാധ്യസ്ഥരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: