കോഴിക്കോട്: സമസ്ത – മുസ്ലിം ലീഗ് നേതാക്കള്‍ നേതൃത്വം നല്കുന്ന ദര്‍ശന ടിവിയിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് പിരിച്ചു വിടല്‍ നോട്ടീസ്. സ്വകാര്യ സ്ഥാനപങ്ങളടക്കം കൊറോണ പ്രതിരോധ കാലത്ത് ജീവനക്കാരെ പിരിച്ച്വിടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് ഒറ്റയടിക്ക് ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സത്യധാര കമ്യുണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ദര്‍ശന ടിവി. സാദിഖലി ശിഹാബ് തങ്ങളാണ് കമ്പനിയുടെ ചെയര്മാന്. കഴിഞ്ഞ ദിവസം ഇമെയില്‍ വഴിയാണ് ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചത്.
കമ്പനി നല്കുന്ന ടെര്‍മിനേഷന്‍ നോട്ടീസിന്റെ പകര്‍പ്പ് ഈ മെയിലിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ടെന്നും ഇതിന്റെ ഒറിജിനലും മറ്റ് ആനുകൂല്യവും കൈപ്പറ്റുന്നതിന് വേണ്ടി ഇന്ന് രാവിലെ 11 നും വൈകുന്നേരം 4നും ഇടയില്‍ നേരിട്ട് ഓഫീസില്‍ എത്തണമെന്നുമാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. സത്യധാര കമ്മ്യൂണിക്കേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് കത്ത് അയച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് സിദ്ധിഖ് ഫൈസി വാളക്കുളം എന്നയാളെ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് മാറ്റി അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവിയെ നിയമിച്ചത്. മുഹമ്മദ് ത്വയ്യിബ് ഹുദവി സമസ്തയുടെ അഭിഭാഷകനും ലീഗല്‍ സെല്‍ കണ്‍വീനറുമാണ്.
കോഴിക്കോട് വണ്ടിപേട്ടയിലുള്ള സ്ഥാപനത്തിന്റെ ഗേറ്റ് പൂട്ടി കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കമ്പനിയുടെ ബ്രോഡ് കാസ്റ്റിംഗ് ആന്റ് സോഷ്യല്‍ മീഡിയ വിഭാഗം മറ്റേതെങ്കിലും സ്ഥാപനത്തിന് കൈമാറ്റുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നു. ജീവനക്കാരെ മുഴുവന്‍ ഒറ്റയടിക്ക് പുറത്താക്കി ആസ്തികള്‍ മുഴുവന്‍ മറച്ചു വില്‍ക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: