Categories: India

‘സന്യാസിമാരുടെ കൊലയില്‍ അന്വേഷണം അട്ടിമറിക്കരുത്; നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടും’; ഉദ്ദവ് താക്കറയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രാലയം

Published by

മുംബൈ: മഹാരാഷ്‌ട്ര പോലീസിന്റെ സാന്നിധ്യത്തില്‍ രണ്ടു സന്യാസികള്‍ ഉള്‍പ്പെടെയുള്ളവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കേറയോട് ആവശ്യപ്പെട്ടു. സന്യാസിമാരുടെ കൊലയില്‍ ഉടന്‍ നടപടിയെടുക്കണം. അന്വേഷണം അട്ടിമറിക്കരുതെന്നും ഇങ്ങനെ ഉണ്ടായാല്‍ കേന്ദ്രം ഇടപെടുമെന്ന താക്കീതും അമിത് ഷാ നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍ഘാര്‍ ജില്ലയില്‍ ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തിലാണ് സന്യാസിമാരെ അക്രമികള്‍ കൊന്നത്. ആദ്യം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെത്തിയ പോലീസ് ഇരുനൂറിലേറെ വരുന്ന ആയുധധാരികളായ അക്രമികള്‍ക്കിടയിലേക്ക് സന്യാസിമാരെ കൊണ്ടുവരികയായിരുന്നു. അവര്‍ അടിച്ചും ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചും കൊന്നു.

ഏപ്രില്‍ 16 നായിരുന്നു സംഭവം. മുംബൈയില്‍നിന്ന് 125 കിലോ മീറ്റര്‍ മാത്രമകലെയാണ് പ്രദേശം. ഇത്രദിവസമായിട്ടും മാധ്യമങ്ങളോ സര്‍ക്കാരോ ഇതേക്കുറിച്ച് അക്ഷരം മിണ്ടിയില്ല. കോണ്‍ഗ്രസ്- ശിവസേനാ ഭരണവും കമ്യൂണിസ്റ്റ് സ്വാധീനമേറയുള്ള പ്രദേശത്തെ രാഷ്‌ട്രീയ നേതാക്കളും ഇതേക്കുറിച്ച് പുറത്തു പറഞ്ഞില്ല. 19 ന് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഭീകരമായ ആള്‍ക്കൂട്ട ആക്രമണ വിവരം പുറം ലോകമറിഞ്ഞത്.

സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വീഡിയോയില്‍ കാണുന്നതിങ്ങനെ: പോലീസ് പ്രായംചെന്ന, കാവിയുടുത്ത ഒരു സന്യാസിയെ ഒരു കെട്ടിടത്തില്‍നിന്ന് പുറത്തു കൊണ്ടുവരുന്നു. വടിയും ആയുധങ്ങളുമായി പുറത്ത് വലിയ ജനക്കൂട്ടം കാത്തുനില്‍ക്കുന്നു. പുറത്തുവന്ന അദ്ദേഹം തലമുറിഞ്ഞ് ചോരയൊലിപ്പിച്ച് ഭയന്നു വിറച്ചാണ് കാണപ്പെട്ടത്. ആള്‍ക്കൂട്ടം അദ്ദേഹത്തെ കൈയിലെടുത്ത് മര്‍ദ്ദിക്കുന്നു, അടിക്കുന്നു. പോലീസ് തടയാന്‍ ശ്രമിക്കുന്നില്ല. മറ്റൊരു വീഡിയോയില്‍ ആള്‍ക്കൂട്ടം പോലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിക്കുന്നുണ്ട്.

ആള്‍ക്കൂട്ടം മൂന്ന് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടെണ്ണം പോലീസിന്റേതാണ്. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. കൊല്ലപ്പെട്ട രണ്ട് സന്യാസിമാര്‍ ചിക്‌നേ മഹാരാജ് കല്‍പ്പവൃക്ഷ് ഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) എന്നിവരാണ്. ഇരുവരും വാരാണസി ശ്രീ പഞ്ച് ദസ്‌നം ജുനാ അഖാഡയില്‍നിന്നുള്ളവരാണ്. മൂന്നാമത്തേയാള്‍ ഇവരുടെ ഡ്രൈവര്‍ നീലേഷ് തെല്‍ഗേനാണ് (35). ഏറെ പ്രസിദ്ധമായ ജുനാ അഖാഡ രാജ്യത്തെ ഏറ്റവും പുരാതന സന്യാസി സമൂഹമാണ്. ഈ അഖാഡയുടെ തലപ്പത്തെ സമിതിയായ മഹാമണ്ഡലേശ്വറിന്റെ അടുത്ത തലവനായി ദളിത് സമൂഹത്തില്‍നിന്ന് വന്ന സന്യാസിയെ ചുമതലപ്പെടുത്തിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.

ഗ്രാമത്തിലെ പോലീസ് സ്റ്റേഷനായ കാസായിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്‌റാവു കാലെ പറയുന്നതിങ്ങനെ: മൂന്നു പേര്‍ ഒരു എക്കോ വാനില്‍ നാസിക്കില്‍ നിന്ന് വരികയായിരുന്നു. വാഹനം ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തില്‍ ദഭാദി- ഖാന്‍വെല്‍ റോഡില്‍ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് ആക്രമിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ട് പോലീസിനെ അറിയിച്ചു. ഞങ്ങള്‍ ഓടിയെത്തി രക്ഷപ്പെടുത്തി. സന്യാസിമാര്‍ അവരുടെ ഗുരു മഹന്ത് രാമഗിരി ഗുജറാത്തില്‍ സമാധിയായതിനെ തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്ക് അഖാഡ എഴുതിയ കത്തില്‍ വിശദീകരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by