കൊച്ചി: ആരെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാലും, എത്ര അവഗണിച്ചാലും സ്പ്രിങ്ക്ളര്‍ അമേരിക്ക കമ്പനിയുമായി കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ദുരൂഹമായി തുടരുന്നു. സംസ്ഥാന ജനങ്ങളോട് രേഖാമൂലം മറുപടിനല്കേണ്ട ഒട്ടേറെ ചോദ്യങ്ങള്‍ ശേഷിക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ കരാറുകളും ടെന്‍ഡറുകളും അടക്കം സകല ഇടപാടുകളും സംസ്ഥാന ഗവര്‍ണറാണ് നടപ്പാക്കുന്നത്. ഗവര്‍ണര്‍ക്കുവേണ്ടി ചീഫ് സെക്രട്ടറിയാണ് ഒപ്പുവെക്കുന്നത്. അതാണ് സര്‍ക്കാരിന്റെ റൂള്‍സ് ആന്‍ഡ് ബിസിനസ് അനുസരിച്ച് ചട്ടം. പക്ഷേ, ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത് ഐടി സെക്രട്ടറിയാണ്. ഐടി സെക്രട്ടറിയെ അതിന് ചുമതലപ്പെടുത്തിയതായി അറിയിപ്പുണ്ടായിട്ടില്ല. ഈ കരാറില്‍ ഐടി നിയമങ്ങളും ചട്ടങ്ങളും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ ലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഐടി വിദഗ്ധന്‍ കൂടിയായ ശ്രീജിത് പണിക്കര്‍ പറയുന്നു. കരാര്‍ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി പോലുമല്ല, വിദേശ കമ്പനിയുമായാണ് എന്നതും ഗൗരവതരമാണെന്ന് അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ വിശദീകരിക്കേണ്ട വിഷയങ്ങള്‍ ഏറെയാണ്.
1. കൊറോണ സംബന്ധിച്ച് ശേഖരിക്കുന്ന വ്യക്തിവിവരങ്ങള്‍ എവിടെ ശേഖരിക്കുന്നു? 2. കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ രണ്ടുകൂട്ടരുടേതുമല്ലാതെ പൊതു ഇടത്തില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന ക്ലൗഡ് ഡാറ്റാ സ്റ്റോറിങ് ആണോ നടത്തുന്നത്? 3. ഈ കമ്പനിയെ എങ്ങനെ, ആര് തിരഞ്ഞെടുത്തു? 4. നിയമ വകുപ്പ് അറിയേണ്ടതില്ലേ? എന്തുകൊണ്ട് ഒഴിവാക്കി? 5. സൗജന്യ സേവനം എത്രകാലം? ആര് തീരുമാനിക്കും? 6. ഡറ്റാ എത്രത്തോളം?
സ്പ്രിങ്ക്ളര്അമേരിക്ക കമ്പനിയുമായാണ് കരാര്‍. സ്പ്രിങ്കഌ ഇന്ത്യയുമായല്ല. ആ കമ്പനി ശേഖരിക്കുന്ന ഡാറ്റ, അവരുടെ സംവിധാനത്തില്‍ അമേരിക്കയിലാണ് സൂക്ഷിക്കുന്നതെങ്കില്‍ അത് ഐടി നിയമപ്രകാരം ഡാറ്റാ ഉപയോഗ നിയമ ലംഘനമാണ്. കാരണം, അവിടത്തെ ഐടി നിയമപ്രകാരമായിരിക്കും നടപടികള്‍.
ക്ലൗഡ് ഡാറ്റാ സ്റ്റോറിങ് ആണോ എന്നും വ്യക്തമാക്കിയിട്ടില്ല. സ്വന്തമായി ബൃഹത്തായ സംവിധാനമില്ലാത്തവര്‍ ആശ്രയിക്കുന്നതാണ് ക്ലൗഡ് സ്റ്റോറിങ്. ആമസോണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ ആ സംവിധാനം നല്കുന്നു. അവരുടെ സേവനം ഇന്റര്‍നെറ്റ് വഴി വിനിയോഗിച്ച് അവിടെ വിവരങ്ങള്‍ സംഭരിക്കുകയും കരാര്‍ കക്ഷികളുടെ അറിവോടെ ഉപയോഗിക്കാന്‍ പാസ്വേഡ് നല്‍കും. അപ്പോഴും വിവരങ്ങള്‍ കരാറുകാരുടെ സ്വന്തം സംവിധാനത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുമതിയുണ്ടെങ്കില്‍ അത് ഡാറ്റാ സുരക്ഷയെ ബാധിക്കും.
ടെണ്ടര്‍ പോലുള്ള സാധാരണ വഴിയിലല്ല സ്പ്രിങ്ക്ളര്റിനെ തിരഞ്ഞെടുത്തത്. മലയാളിയുടെ കമ്പനി സൗജന്യ സേവനം എന്നൊക്കെയാണ് വിശദീകരണങ്ങള്‍. പക്ഷേ, സംശയങ്ങള്‍ ഏറെയാണ്. സൗജന്യംപ്രവൃത്തിയിലെ സേവനത്തിനു മാത്രമേ സാധ്യമാകൂ. അടിസ്ഥാന സൗകര്യങ്ങളും പ്രവൃത്തിക്ക് വേണ്ടിവരുന്ന ചെലവും സേവനമല്ല, അതുകൊണ്ടുതന്നെ സൗജന്യമല്ല. സേവനം സൗജന്യമാണെന്ന് പറയുമ്പോഴും അനുബന്ധ ചെലവുകളുടെ ബില്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് നല്‍കും. അതു കൊടുക്കാതരിക്കാം, പ്രത്യേക കാരണം പറഞ്ഞ് കൊടുക്കുകയുമാകാം. അതായത് ഇപ്പോള്‍ പറയുന്ന സൗജന്യ സേവനം പില്ക്കാലത്ത് അങ്ങനെയല്ലാതാകാം.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നത്. അത് ദുരുപയോഗം ചെയ്തുവെന്ന് തോന്നിയാല്‍ അതിനെതിരേ നിയയമനടപടി ആര് നടത്തും എവിടെ നടത്തും. ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. അമേരിക്കന്‍ കമ്പനിയായതിനാല്‍ ന്യൂയോര്‍ക്കിലാണ് നിയമനടപടികള്‍ക്ക് ആസ്ഥാനമെന്ന് അവര്‍ പറയുന്നു. അപ്പോള്‍ സാധാരണക്കാരനായ ഒരാള്‍ക്ക് എന്തുചെയ്യാനാകും. ഡാറ്റാ ചോര്‍ച്ചയോ മോഷണമോ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്പോള്‍ സംസ്ഥന ചീഫ് സെക്രട്ടറിയോ ഐടി സെക്രട്ടറിയോ ആരാണ് കേസില്‍ ഉത്തരവാദിയാകുക. ഇക്കാര്യങ്ങളില്‍ വ്യക്തതയില്ല.
സര്‍ക്കാര്‍ നല്കുന്ന വിശദീകരണങ്ങള്‍ പ്രകാരംപരിമിതമായ തോതിലാണ് വിവിര ശേഖരണം. പക്ഷേ, സ്പ്രിങ്ക്ളര്‍ ഇതിനായി വിനിയോഗിക്കുന്ന സാങ്കേതിക സംവിധാനം വളരെ വലുതാണ്. ലോകത്തെ ഏറ്റവും വലിയ 15 ഡാറ്റാ സംഭരണ സംവിധാനങ്ങളിലൊന്നായ ഡാറ്റാ ലേക്സിലാണ് വിവര ശേഖരണം. അതിനായി മുടക്കുന്ന വന്‍ തുകയും അനുബന്ധ സംവിധാനങ്ങളുടെ ചെലവും സൗജന്യമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്നുവെന്ന് പറയുമ്പോള്‍, ഡാറ്റാ വിനിയോഗത്തിലൂടെമുടക്കുമുതലും ലാഭവും പിടിക്കാമെന്നുതന്നെയായിരിക്കണം ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: