മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുന്‍ പഞ്ചായത്തംഗവും ഭാര്യയായ ആരോഗ്യ പ്രവര്‍ത്തകയുടെയും വീട്ടില്‍ ഹൈദരാബാദില്‍ നിന്നുള്ള ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗങ്ങള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് എത്തിയത് ദുരൂഹതയേറുന്നു. ഏപ്രില്‍ 13 ന് ബംഗളൂരു വഴിയാണ് ഹൈദ്രബാദില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ ഇവര്‍ തേക്കുംകുറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ വീട്ടില്‍ എത്തിയത്. ഭരണകക്ഷിയിലെ ഉന്നത നേതാക്കളുടെ പിന്തുണ ഇവര്‍ക്ക് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ആരോഗ്യ വകുപ്പധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് 18 ന് ശനിയാഴ്ച്ച ഊരാളികുന്നിലെ അംഗന്‍വാടിയിലേക്ക് മാറ്റി. എന്നാല്‍ ഇത് പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ അധികൃതര്‍ ഇവരെ കാരശേരിയിലെ സ്വകാര്യ ക്വോര്‍ട്ടേഴ്സിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ ഞായറാഴ്ച്ച രാവിലെ സംഘത്തിലെ സ്ത്രീക്ക് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലായി. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ ഇവരെയും ഭര്‍ത്താവിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനക്ക് വിധേയമാക്കിയെങ്കിലും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അനുമതി വാങ്ങിയാണ് ഹൈദരാബാദില്‍ നിന്ന് ഇവര്‍ വന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.
സംസ്ഥാന മന്ത്രിയുടെയും എംഎല്‍എയുടെയും മെഡിക്കല്‍ പാസ് ഉപയോഗിച്ചാണ് ഇവര്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തികള്‍ കടന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയും കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: