കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ അതീവ ജാഗ്രതയില്‍ തുടരുമ്പോഴും ഇന്നലെ 1584 പേര് കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 14,372 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. നിലവില്‍ 8428 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 39 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി വന്ന 8 പേര് ഉള്‍പ്പെടെ ആകെ 28 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്നലെ 32 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 710 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 671 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 647 എണ്ണം നെഗറ്റീവാണ്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 20 കോഴിക്കോട് സ്വദേശികളില്‍ 11 പേരും 4 ഇതര ജില്ലക്കാരില്‍ 2 കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 9 കോഴിക്കോട് സ്വദേശികളും 2 കാസര്‍ഗോഡ് സ്വദേശികളും ഉള്‍പ്പെടെ 11 പേര് രോഗമുക്തരായി ആശുപത്രി വിട്ടു.
മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
കഴിഞ്ഞ ദിവസം പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഏറാമല ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത്-വാര്‍ഡ് തല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കി.
ആറ് ഹോട്ട് സ്പോട്ടുകള്‍
ജില്ലയില്‍ ആറ് ഹോട്ട് സ്പോട്ടുകള്‍. കോഴി ക്കോട് കോര്പറേഷന്, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍ എന്നിവ യാണവ. സംസ്ഥാനത്തൊട്ടാകെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപി ച്ചിട്ടുള്ളത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. അതേസമയം ആഴ്ച തോറുമുള്ള ഡാറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട്സ് പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുക. ജില്ല റെഡ് സോണില്‍ ആയതിനാല്‍ പ്രത്യേക ഇളവുകള്‍ ഒന്നുമില്ലെന്നും നിലവിലെ എല്ലാ നിയന്ത്രണങ്ങളും തുടരുമെന്നും ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: