തിരുവനന്തപുരം : സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തിലൂടെയാണ് പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ചൊരിഞ്ഞിരിക്കുന്നത്. ഡാറ്റാ ചോര്‍ച്ച, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കാതെയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് വിവരങ്ങള്‍ നല്‍കിയതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
വിവര സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച വിവരങ്ങള്‍ കൈമാറുമ്പോള്‍ ജനങ്ങളുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ പോലും ചോദ്യം ചെയ്യപ്പെടുകയാണ്. വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാം.
വിവര സമ്പദ്ഘടനയില്‍ ആധിപത്യം പുലര്‍ത്തുന്ന മൂലധനശക്തികള്‍ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത് ഇന്ത്യയടക്കം വികസ്വര, അവികസിത രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവര സമാഹരണമാണ്.
വിവര സമാഹരണം രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ ഏറെ നിര്‍ണായകമാണ്. ഇത് സംരക്ഷിച്ചില്ലെങ്കില്‍ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും മായ്ക്കപ്പെടുമെന്നതും അനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കുന്നു. അതിനാല്‍ വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്ന് ജനയുഗം വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: